സസ്പെന്‍ഷന്‍ കാലയളവില്‍ ഓഫീസിലെത്തി ഫയല്‍ പരിശോധിച്ചു; എന്‍ജിനിയര്‍ക്കെതിരെ പൊതുമരാമത്ത് വകുപ്പിന്റെ അന്വേഷണം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സസ്പെന്‍ഷന്‍ കാലയളവില്‍ ഓഫീസിലെത്തി ഫയല്‍ പരിശോധിച്ച എന്‍ജിനിയര്‍ക്കെതിരെ പൊതുമരാമത്ത് വകുപ്പ് അന്വേഷണം ആരംഭിച്ചു.
ഹൈക്കോടതിയില്‍ സി.സി ടിവി കാമറ സ്ഥാപിക്കാന്‍ മാനദണ്ഡങ്ങള്‍ മറികടന്ന് അംഗീകാരമില്ലാത്ത സ്വകാര്യ സ്ഥാപനത്തിന് 5.75 കോടി രൂപയുടെ ടെന്‍ഡര്‍ നല്‍കാനുള്ള നീക്കം കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ പൊതുമരാമത്ത് വകുപ്പിന്റെ തൃശൂര്‍ ഇലക്ട്രോണിക്സ് ഡിവിഷന് എക്സിക്യുട്ടിവ് എന്‍ജിനിയറാണ് വീണ്ടും വിവാദത്തില്‍ കുടുങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാര്‍ച്ച് 11ന് രാവിലെ ഏഴു മണി മുതല്‍ ഒൻപതു വരെ ഈ ഉദ്യോഗസ്ഥ ഓഫീസിലെത്തുകയും ഫയലുകള്‍ പരിശോധിക്കുകയും ചില ഫയലുകളില്‍ ഒപ്പിടുകയും ചെയ്തതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബില്‍ഡിംഗ് വിഭാഗം ചീഫ് എന്‍ജിനിയര്‍ക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കി.
ഇരുപത്തിനാലു മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇവര്‍ക്ക് ഓഫീസില്‍ പ്രവേശിച്ച് ഫയല്‍ നോക്കാന്‍ ഒത്താശ നല്‍കിയതാരാണെന്നതും അന്വേഷിക്കുന്നുണ്ട്.
ടെന്‍ഡര്‍ ഇടപാടില്‍ അന്വേഷണം നടന്നുവരുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനാണോ എന്‍ജിനിയര്‍ ഓഫീസില്‍ എത്തിയതെന്ന സംശയവുമുണ്ട്.