വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽകുറ്റമല്ല: വിവേചനം പാടില്ലെന്ന് സുപ്രീം കോടതി: ഭർത്താവ് ഭാര്യയുടെ ഉടമയല്ല
സ്വന്തം ലേഖകൻ
ന്യൂഡൽഹി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കുന്ന ഐപിസി 497 വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് കണ്ടെത്തിയ കോടതി, ഇത് പക്ഷേ, വിവാഹ മോചനത്തിനു കാരണമാകാമെന്നും പറയുന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ ഏറെ കോളിളക്കം സൃഷ്ടിക്കുന്ന വിധിയാണ് വ്യാഴാഴ്ച സുപ്രീം കോടതി പുറപ്പെടുവിച്ചത്. സ്വവർഗ ലൈംഗിക ബന്ധം ക്രിമിനൽകുറ്റമല്ലെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇപ്പോൾ കുടുംബബന്ധങ്ങളെയും, വിവാഹമോചനക്കേസുകളെയും ബാധിക്കുന്ന സുപ്രധാനമായ വിധി സുപ്രീം കോടതി പ്രഖ്യാപിച്ചിരിക്കുന്നത്.
കുടുംബ ബന്ധങ്ങളിൽ ഭാര്യയ്ക്കും ഭർത്താവിനും തുല്യാവകാശമാണെന്നു കണ്ടെത്തിയ കോടതി, വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻമാത്രമല്ല കുറ്റക്കാരനെന്നു പറയുന്നു. ഭാര്യയുടെ വിവാഹേതര ബന്ധത്തിനെതിരെ പരാതി നൽകാൻ ഭർത്താവിനു മാത്രമല്ല അവകാശം. അതുകൊണ്ടു തന്നെയാണ് ഈ വകുപ്പിലെ ക്രിമിനൽ നടപടികൾ നിലനിൽക്കില്ലെന്നു കോടതി കണ്ടെത്തിയിരിക്കുന്നത്. ഭാര്യയുടെ ഉടമയല്ല ഭർത്താവ്. വിവാഹേതര ബന്ധങ്ങൾ പൊതു കുറ്റകൃത്യമാണെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിച്ചത്. എന്നാൽ, സർക്കാരിന്റെ വാദങ്ങളെ കോടതി തള്ളിക്കളഞ്ഞു. പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിൽ സ്ത്രീകളെ ഇരകളായി കാണുന്ന നിലപാട് ലിംഗ സമത്വത്തിന് എതിരാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. സമൂഹം പറയുന്നത് പോലെ പ്രവർത്തിക്കാൻ സ്ത്രീ ബാധ്യസ്ഥയല്ല. സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശമാണ്. ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശമാണ് തുല്യതയെന്നും കോടതിവിധിയിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കുന്നു. ഈ വകുപ്പ് സ്ത്രീകളുടെ അന്തസിന് കളങ്കം വരുത്തുന്നതാണ്. പൊതു പ്രവർത്തകനും മലയാളിയുമായ ജോസഫ് ഷൈനാണ് ഈ ആവശ്യം ഉന്നയിച്ചത് കോടതിയെ സമീപിച്ചത്.
വിവാഹേര ലൈംഗിക ബന്ധത്തിൽ ക്രിമിനൽ കേസ് നൽകുന്നത് പലപ്പോഴും വിവാഹ മോചനക്കേസുകളിൽ നിർണ്ണായകമാണ്. പങ്കാളിയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നു കാട്ടി നൽകുന്ന ക്രിമിനൽ കേസിന്റെ പശ്ചാത്തലത്തിലാണ് പലപ്പോഴും, വിവാഹമോചനകേസുകളിൽ സ്ത്രീകൾക്ക് ജീവനാംശം പോലും നിഷേധിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ സുപ്രീം കോടതി വിധി നിലവിൽ വന്നതോടെ രാജ്യത്തെ വിവാഹമോചന കേസുകളെ ഇത് സാരമായി ബാധിച്ചേക്കും. എന്നാൽ, കുടുംബ ബന്ധങ്ങളിൽ ഇത് എത്രത്തോളം പ്രതിഫലിക്കുമെന്നാണ് കാണേണ്ടത്. നിലവിലെ സാഹചര്യത്തിൽ വിധിയെ അനുകൂലിച്ച് വനിതാ സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ, രാജ്യത്തെ സാംസ്‌കാരിക പാരമ്പര്യത്തിന് എതിരാണ് നവിധിയെന്നാണ് എതിർക്കുന്ന വിഭാഗത്തിന്റെ വാദം.