play-sharp-fill
സുപ്രീം കോടതിയുടെ നിർണായക വിധി ; തൊണ്ടിമുതല്‍ തിരിമറി കേസ് റദ്ദ് ചെയ്യണം എന്ന മുൻ മന്ത്രി ആൻ്റണി രാജുവിൻ്റെ അപേക്ഷയിൽ തീരുമാനം ഇന്ന്

സുപ്രീം കോടതിയുടെ നിർണായക വിധി ; തൊണ്ടിമുതല്‍ തിരിമറി കേസ് റദ്ദ് ചെയ്യണം എന്ന മുൻ മന്ത്രി ആൻ്റണി രാജുവിൻ്റെ അപേക്ഷയിൽ തീരുമാനം ഇന്ന്

സ്വന്തം ലേഖകൻ

കുപ്രസിദ്ധമായ തൊണ്ടിമുതല്‍ തിരിമറി നടത്തിയ കേസില്‍ സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്. കേസ് റദ്ദാക്കി കളയണം എന്ന മുൻ മന്ത്രി ആൻ്റണി രാജുവിൻ്റെ അപേക്ഷയിലാണ് സുപ്രീം കോടതിയുടെ തീരുമാനം ഉണ്ടാകുന്നത്. രണ്ടുമാസം മുൻപേ വാദം പൂർത്തിയായ കേസ് 21 മാസത്തോളം എടുത്ത് കേട്ട ശേഷമാണ് ജസ്റ്റിസ് സി.ടി.രവികുമാറിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് തീർപ്പ് കല്‍പ്പിക്കുന്നത്.

1990 ഏപ്രില്‍ നാലിന് ലഹരിമരുന്നുമായി തിരുവനന്തപുരത്ത് പിടിയിലായ വിദേശിയെ രക്ഷിക്കാൻ കേസിലെ തൊണ്ടിവസ്തുവായ അടിവസ്ത്രം വെട്ടിതയ്ച്ചു ചെറുതാക്കി എന്ന് കണ്ടെത്തിയാണ് ആൻ്റണി രാജുവിനെ പ്രതിയാക്കിയത്. കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്കായിരുന്ന കെ.എസ്.ജോസ് കൂട്ടുപ്രതിയായി. 2006ല്‍ പോലീസ് കുറ്റപത്രം കൊടുത്ത കേസ് രണ്ടു കോടതികളിലായി 16 വർഷം വിചാരണയില്ലാതെ കെട്ടിക്കിടന്നു. പ്രതികള്‍ ഹാജരാകാതെ ഒളിച്ചുകളിച്ചതാണ് കാരണമെന്ന് 2022ല്‍ പുറത്ത് വന്നതോടെ ആണ് കേസിന് വീണ്ടും ജീവൻ വച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ കേസ് എടുത്തതില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഉന്നയിച്ച്‌ ആൻ്റണി രാജു ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ കസ്റ്റഡിയിലിരുന്ന വസ്തുവില്‍ കൃത്രിമം നടന്നാല്‍ അതേ കോടതിയുടെ അനുമതിയോടെയേ നടപടി പാടുള്ളൂവെന്ന വ്യവസ്ഥ പാലിച്ചില്ല എന്നായിരുന്നു വാദം. സാങ്കേതികത്വം ശരിവെച്ച കോടതി, അവ പരിഹരിച്ച്‌ വീണ്ടും നടപടികള്‍ തുടങ്ങാൻ 2023 മാർച്ച്‌ 10ന് ഉത്തരവിട്ടതോടെ കേസില്‍ ആൻ്റണി രാജു വിചാരണ നേരിടേണ്ട അവസ്ഥയായി. ഇതോടെ ആണ് അപ്പീലുമായി സുപ്രീം കോടതിയില്‍ എത്തിയത്.

സുപ്രീം കോടതിയില്‍ ആദ്യഘട്ടത്തില്‍ ആൻ്റണി രാജുവിനായി ഒളിച്ചുകളിച്ച സർക്കാർ, കോടതിയുടെ വിമർശനം ഏറ്റുവാങ്ങി. പിന്നാലെ കേസില്‍ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് സത്യവാങ്മൂലം നല്‍കി. കേസ് വൈകിപ്പിക്കാൻ പലവട്ടം ശ്രമിക്കുന്നുവെന്ന് സുപ്രീം കോടതി ആൻ്റണി രാജുവിനെതിരെ നിലപാട് എടുത്തു.

16 വർഷം ഒരു നടപടിയുമില്ലാതെ കേസ്, പിന്നീട് സുപ്രീം കോടതിയിലുമായി രണ്ടര വർഷത്തോളം ഇരുന്ന ശേഷമാണ് ഇപ്പോള്‍ തീരുമാനം വരുന്നത്. ഹൈക്കോടതി വിധി ശരിവച്ച്‌ വിചാരണ നടക്കണം എന്നാണെങ്കില്‍ അതിനിനി എത്രവർഷം എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. 34 വർഷം പഴക്കമായ കേസിലെ സാക്ഷികള്‍ പലരും പ്രായം കാരണം വിചാരണക്ക് എത്താൻ പോലും കഴിയാത്ത അവസ്ഥയാണ്. ചിലർ മരിച്ചു പോയെന്നും ഹൈക്കോടതി വിജിലൻസ് റിപ്പോർട്ട് ചെയ്തത് രണ്ടുവർഷം മുൻപാണ്.