play-sharp-fill
മുസ്ലിം വിദ്യാര്‍ഥിയുടെ മുഖത്തടിപ്പിച്ച സംഭവം: യുപി സര്‍ക്കാര്‍ പ്രതീക്ഷിച്ച രീതിയില്‍ ഇടപെട്ടില്ലെന്ന് സുപ്രീംകോടതി

മുസ്ലിം വിദ്യാര്‍ഥിയുടെ മുഖത്തടിപ്പിച്ച സംഭവം: യുപി സര്‍ക്കാര്‍ പ്രതീക്ഷിച്ച രീതിയില്‍ ഇടപെട്ടില്ലെന്ന് സുപ്രീംകോടതി

സ്വന്തം ലേഖിക

ത്തര്‍പ്രദേശില്‍ മുസ്ലിം വിദ്യാര്‍ഥിയെ തല്ലിച്ച സംഭവത്തില്‍ പ്രതീക്ഷിച്ച രീതിയിലുള്ള ഇടപെടല്‍ നടത്തുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സുപ്രീംകോടതി.
സംഭവത്തില്‍ കൃത്യവും സമയബന്ധിതവുമായ അന്വേഷണം ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് തുഷാര്‍ ഗാന്ധി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ വാക്കാലുള്ള കുറ്റപ്പെടുത്തല്‍. ജസ്റ്റിസ് അഭയ് എസ് ഓക്ക, ഉജ്ജല്‍ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഉത്തര്‍പ്രദേശ് മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ ഗുണനപ്പട്ടിക തെറ്റിച്ച മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് അവിടുത്തെ അധ്യാപിക മുഖത്ത് തല്ലിച്ചതാണ് കേസ്. അധ്യാപികയുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ഥികള്‍ മാറിമാറി സഹപാഠിയെ മര്‍ദിക്കുകയായിരുന്നു. വിവാദ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മര്‍ദനത്തിനിരയായ കുട്ടിയുടെ കൗണ്‍സിലിങ് സംബന്ധിച്ച്‌ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയൻസസിന്റെ ശിപാര്‍ശകള്‍ എങ്ങനെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാൻ കഴിഞ്ഞ വാദത്തിനിടെ കോടതി യു പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശം പാലിച്ച്‌ വിദ്യാഭ്യാസ വകുപ്പ് അധിക സത്യവാങ്മൂലം സമര്‍പ്പിച്ചതായി ബെഞ്ച് ഇന്നത്തെ വാദം പരിഗണിക്കവെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ വകുപ്പിന്റെ പ്രതികരണം അപര്യാപ്തമാണെന്ന് അഭിഭാഷകൻ ഷദൻ ഫറസത്ത് വിമര്‍ശിച്ചു. ഇതിനു മറുപടിയായി ഹര്‍ജിക്കാരന്റെ നിര്‍ദ്ദേശങ്ങള്‍ യു പി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഗരിമ പ്രഷാദിന് രേഖാമൂലം അയയ്ക്കാൻ അഭിഭാഷകനോട് ജസ്റ്റിസ് ഓക്ക ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടിയെ ഇപ്പോഴും അതേ സ്കൂളില്‍ തന്നെയാണോ ചേര്‍ത്തിരിക്കുന്നതെന്ന ചോദ്യത്തിന് യുപി സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും മുൻ വാദങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും ആവര്‍ത്തിച്ചത്. കുട്ടിയുടെ താമസസ്ഥലത്തിനടുത്ത് സര്‍ക്കാര്‍
സ്കൂളുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സെൻട്രല്‍ ബോര്‍ഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്‌ഇ) ബോര്‍ഡിന് കീഴിലുള്ള സ്വകാര്യ സ്കൂളില്‍ കുട്ടിക്ക് പ്രവേശനം നല്‍കാൻ സര്‍ക്കാര്‍ ആദ്യം വിമുഖത കാണിച്ചിരുന്നു.

സ്കൂളില്‍ ചേര്‍ത്തശേഷം കുട്ടിയും സഹപാഠികളും തമ്മിലുള്ള സാമൂഹിക-സാമ്ബത്തിക വ്യത്യാസങ്ങളെക്കുറിച്ചും സ്കൂളിലേക്കെത്താൻ ദിവസവും സഞ്ചരിക്കേണ്ട ദൂരത്തെക്കുറിച്ചും യുപി സര്‍ക്കാര്‍ ആശങ്ക ഉന്നയിച്ചിരുന്നു.

“സംഭവത്തിന് ശേഷവും സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ച രീതിയിലുള്ള ഇടപെടല്‍ നടത്താത്തതുകൊണ്ടാണ് ഇതെല്ലം സംഭവിക്കുന്നത്. സ്കൂളില്‍ നടന്ന പ്രവര്‍ത്തിയെ സംസ്ഥാനം ഗുരുതരമായി കാണണം. അതിനാല്‍, നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് പ്രശ്നങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയൻസസിന്റെ ശിപാര്‍ശകള്‍ അനുസരിച്ച്‌ മറ്റ് നിര്‍ദ്ദേശങ്ങളും പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും,” ജസ്റ്റിസ് ഓക പറഞ്ഞു.

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ സ്വകാര്യ സ്കൂളില്‍ തൃപ്ത ത്യാഗിയെന്ന അധ്യാപികയാണ് സഹപാഠികളെ കൊണ്ട് മുസ്ലിം വിദ്യാര്‍ഥിയുടെ മുഖത്ത് അടിപ്പിച്ചത്. കുട്ടിയെ അടിപ്പിക്കുന്നതിനിടയില്‍ വിദ്വേഷ പരാമര്‍ശങ്ങളും അധ്യാപിക നടത്തുന്നുണ്ടായിരുന്നു. ഇതില്‍ ഓഗസ്റ്റ് 26നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അതിന് പിന്നാലെയാണ് മഹാത്മാ ഗാന്ധിയുടെ ചെറുമകനും ആക്ടിവിസ്റ്റുമായ തുഷാര്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിക്കുന്നതും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്നതും.