play-sharp-fill
ആദ്യം കോണ്‍ഗ്രസ് വിട്ട് ബിജെപി പിന്തുണയോടെ സ്വതന്ത്രയായി ലോക്‌സഭയിലെത്തിയ സുമലത ഇത്തവണ ബിജെപി ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങുന്നു ; കര്‍ണാടകയില്‍ ബിജെപി-ജെഡിഎസ് സഖ്യം ; മാണ്ഡ്യയില്‍ കുമാരസ്വാമിയെ പിന്തുണയ്ക്കുമെന്നും സുമലത അംബരീഷ്

ആദ്യം കോണ്‍ഗ്രസ് വിട്ട് ബിജെപി പിന്തുണയോടെ സ്വതന്ത്രയായി ലോക്‌സഭയിലെത്തിയ സുമലത ഇത്തവണ ബിജെപി ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങുന്നു ; കര്‍ണാടകയില്‍ ബിജെപി-ജെഡിഎസ് സഖ്യം ; മാണ്ഡ്യയില്‍ കുമാരസ്വാമിയെ പിന്തുണയ്ക്കുമെന്നും സുമലത അംബരീഷ്

സ്വന്തം ലേഖകൻ 

ബംഗളൂരു:  മലയാളത്തിന്റെ നിത്യഹരിത നായികയായ സുമലത  ഇപ്പോള്‍ കന്നഡ രാഷ്ട്രീയത്തിലും വാർത്തകളില്‍ നിറയുകയാണ്. ആദ്യം കോണ്‍ഗ്രസ് വിട്ട് ബിജെപി പിന്തുണയോടെ സ്വതന്ത്രയായി ലോക്‌സഭയിലെത്തിയ സുമലത തിരിച്ച്‌ കോണ്‍ഗ്രസില്‍ എത്തുമെന്ന് പറഞ്ഞുകേട്ടിരുന്നു. എന്നാല്‍, മാണ്ഡ്യയിലെ സ്വതന്ത്ര എംപിയായ സുമലത അംബരീഷ് ബിജെപിയില്‍ ചേരും. മാണ്ഡ്യ മണ്ഡലത്തില്‍ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജെഡിഎസ് നേതാവ് കുമാരസ്വാമിക്ക് പിന്തുണ നല്‍കുമെന്നും സുമലത പറഞ്ഞു.

‘ഞാൻ മാണ്ഡ്യ വിട്ടുപോകില്ല, വരും ദിവസങ്ങളിലും നിങ്ങള്‍ക്കൊപ്പം പ്രവർത്തിക്കും, ബിജെപിയില്‍ ചേരാൻ തീരുമാനിച്ചു’- സുമലത അനുയായികളോട് പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ കുമാരസ്വാമിയുടെ മകൻ നിഖിലിനെ പരാജയപ്പെടുത്തിയാണ് ബിജെപി പിന്തുണയോടെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച സുമലത ലോക്സഭയിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താനൊരു സ്വതന്ത്ര എംപിയായിരുന്നെങ്കിലും മാണ്ഡ്യയുടെ വികസനത്തിനായി കേന്ദ്രസർക്കാർ നാലായിരം കോടി രൂപ നല്‍കിയെന്ന് അവർ പറഞ്ഞു. കർണാടകയില്‍ മറ്റ് സീറ്റ് ബിജെപി നേതാക്കള്‍ വാഗ്ദാനം ചെയ്തെങ്കിലും ജില്ലയുടെ മരുമകളായതിനാല്‍ മാണ്ഡ്യയില്‍ തന്നെ തുടരുമെന്ന് പറഞ്ഞ് അവ നിരസിക്കുകയായിരുന്നു സുമലത പറഞ്ഞു.

തന്റെ അനുയായികളില്‍ ചിലർ താൻ കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് മുൻപോ, ഇപ്പോഴോ സുമലതയുടെ ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ലെന്നാണ് പാർട്ടിയുടെ ഒരു മുതിർന്ന നേതാവ് പറഞ്ഞത്. ഈ വാക്കുകള്‍ കേട്ട് ആത്മാഭിമാനമുള്ള ഒരാള്‍ക്ക് എങ്ങനെ കോണ്‍ഗ്രസിലേക്ക് പോകാൻ കഴിയുമെന്ന് സുമലത ചോദിച്ചു.

കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനങ്ങളും എംപി പ്രവർത്തകരോട് വിശദീകരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് കുട്ടിക്കളിയല്ലെന്നും ഒരു വനിത സ്വതന്ത്ര എംപിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കൂടുതല്‍ വെല്ലുവിളിയാണെന്നും അവർ പറഞ്ഞു.

പ്രമുഖ നടൻ അംബരീഷിന്റെ ഭാര്യയായ സുമലത അദ്ദേഹത്തിന്റെ മരണശേഷമാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. കോണ്‍ഗ്രസ് നേതാവും എംപിയുമായിരുന്ന അംബരീഷ് മരണപ്പെട്ടപ്പോള്‍ സുമലത സീറ്റ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത്തവണത്തെ കോണ്‍ഗ്രസ് – ജെഡിഎസ് സീറ്റ് ധാരണയുടെ ഭാഗമായി ജെഡിഎസിന് സീറ്റ് നല്‍കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം.

ഇതില്‍ പ്രതിഷേധിച്ച്‌ സ്വതന്ത്രയായി മത്സരിക്കാൻ തീരുമാനിച്ച സുമലതയ്ക്ക് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. കുമാരസ്വാമിയുടെ മകൻ നിഖില്‍ കുമാരസ്വാമിയായിരുന്നു ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ജെ ഡി എസ് കോട്ടയില്‍ 1.25 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സുമലത വിജയിച്ചു.

ബിജെപി ടിക്കറ്റില്‍ മത്സരിക്കാൻ മോഹിച്ചു

ഇത്തവണ ബിജെപി ടിക്കറ്റില്‍ മത്സരിക്കാൻ സുമലത താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷേ അപ്പോഴേക്കും കർണാടകത്തില്‍ ബിജെപി- ജെഡിഎസ് സഖ്യമായി. സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടെങ്കിലും വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാമെന്ന പ്രതീക്ഷയിലാണ് കർണാടകയിലെ ബിജെപി – ജെഡിഎസ് സഖ്യം. നിയമസഭ തിരഞ്ഞെടുപ്പില്‍ നേരിട്ട വലിയ തിരിച്ചടിക്ക് പിന്നാലെയായിരുന്നു ഇരുപാർട്ടികളും സഖ്യം രൂപീകരിച്ചത്.

മണ്ഡലത്തില്‍ വെങ്കട്ടരമണെ ഗൗഡയെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കർണ്ണാടകയിലെ പ്രബല സമുദായമായ വൊക്കലിംഗ വിഭാഗത്തിലാണ് സുമലത പെടുന്നത്.