ഈരാറ്റുപേട്ട സ്വദേശിയെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത
സ്വന്തം ലേഖകൻ
ഹരിപ്പാട് : കോട്ടയം ഈരാറ്റുപേട്ട നടക്കല്‍ തയ്യില്‍ വീട്ടില്‍ റ്റി.എ മുഹമ്മദിന്റെ മകന് അഷ്ക്കറിനെ മുതുകുളത്തെ ഭാര്യവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഷ്കര്‍ ഒരു വര്‍ഷക്കാലമായി എറണാകുളത്തു താമസിക്കുകയാണ്. ഏഴുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട മുതുകുളം ഒൻപതാം വാര്‍ഡില്‍ കുറങ്ങാട്ട് ചിറയില്‍ മഞ്ജുവുമായി പ്രണയത്തിലാകുകയായിരുന്നു. തുടര്‍ന്ന് ആറുമാസം മുൻപ് ഇരുവരും എറണാകുളത്ത് വച്ച് വിവാഹിതരായി. ഇവിടെത്തന്നെ താമസിച്ചു വരികയായിരുന്നു. മൂന്നുമാസം മുൻപ് മുതുകുളത്തെ മഞ്ജുവിന്റെ വീട്ടിലേക്കു മാറിത്താമസിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ 6.30നു വീടിന്റെ അടുക്കള ഭാഗത്തു മരിച്ചനിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് മഞ്ജുവും മാതാവും നാട്ടുകാരെ വിവരമറിയിക്കുകയും നാട്ടുകാര്‍ എത്തി കനകക്കുന്ന് പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്തു. പോലീസും സയന്റിഫിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അഷ്കറിന്റെ ബന്ധുക്കള്‍ ആരോപിച്ചു. മകന് ശനിയാഴ്ച രാത്രിയോടെ തന്നെ വിളിച്ചുവെന്നു അഷ്കറിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. തനിക്ക് ഇവിടെ നില്ക്കാന് കഴിയില്ലെന്നും ഭാര്യ മാനസികമായി പീഡിപ്പിക്കുകയാണെന്നും തിരികെ വരികയാണെന്നും മകന് പറഞ്ഞിരുന്നു. മൃതദേഹത്തില്‍ ചില പാടുകള്‍ ഉള്ളത് കൂടുതല്‍ സംശയത്തിനിട നല്‍കുന്നുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group