ആലത്തൂരില്‍ ഇരട്ട സഹോദരിമാരടക്കം നാല് കുട്ടികളെ കാണാതായ സംഭവം; അന്വേഷണം തമിഴ്നാട്ടിലേക്ക്; സംസ്ഥാനത്ത് സ്കൂള്‍ തുറന്നതിന് പിന്നാലെ വീട് വിട്ടിറങ്ങുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നു
സ്വന്തം ലേഖിക
പാലക്കാട്: ആലത്തൂരില്‍ ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.
കുട്ടികള്‍ ഗോവിന്തപുരം ചെക്ക് പോസ്റ്റ് കടന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തമിഴ്നാട് കേന്ദ്രീകരിച്ചാണ് അന്വേഷണം വ്യാപിക്കുന്നത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാതായത്. ഇവര്‍ പാലക്കാട് ബസ് സ്റ്റാന്‍ഡിലൂടെയും പാര്‍ക്കിലൂടെയും നടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതല്‍ അത് സ്വിച്ച് ഓഫാണ്. കുട്ടികള്‍ എന്തിനാണ് വീട് വിട്ടിറങ്ങിയതെന്നോ എവിടേക്കാണ് പോകുന്നതെന്നോ സംബന്ധിച്ച് വിവരമൊന്നുമില്ല. ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുമാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.
സംസ്ഥാനത്ത് ഒരിടവേളത്ത് ശേഷം സ്കൂള്‍ തുറന്നതിന് പിന്നാലെ വീട് വിട്ടിറങ്ങുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്. ഇടുക്കിയില്‍ സ്കൂളിലെത്താതെ ആനയെ കാണാന്‍ പോയതിന് അധ്യാപകന്‍ വഴക്ക് പറഞ്ഞതോടെ നാടുവിട്ട രണ്ട് കുട്ടികളെ രണ്ട് ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് കണ്ടെത്താന്‍ കഴിഞ്ഞത്.
അതേ സമയം ആലത്തൂരില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സൂര്യ കൃഷ്ണയെ കാണാതായിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും അന്വേഷണം ഏങ്ങുമെത്തിയിട്ടില്ല. കാണാതായ സൂര്യ കൃഷ്ണയുടെ ലുക്ക്‌ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയെങ്കിലും വിവരമൊന്നുമില്ല.