കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക്  സാധ്യത; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്;  മത്സ്യബന്ധനത്തിന് വിലക്ക്; മലയോര മേഖലകളിൽ കനത്ത ജാഗ്രത

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യത; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്; മലയോര മേഖലകളിൽ കനത്ത ജാഗ്രത

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

ഇന്ന് 11 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അല‍ര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ കിട്ടും. ഗുജറാത്ത്‌ തീരം മുതല്‍ കര്‍ണാടക തീരം വരെ നിലനില്‍ക്കുന്ന ന്യുന മര്‍ദ്ദ പാത്തിയും ഒഡിഷ-ആന്ധ്ര പ്രദേശ് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയും അനുബന്ധ കാലവര്‍ഷക്കാറ്റുകളുമാണ് മഴ ശക്തമാകാന്‍ കാരണം.

ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്.

കൂടിയ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലും കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചയിടങ്ങളിലും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം. കേന്ദ്ര ജല കമ്മിഷന്റെ മുന്നറിയിപ്പ് പ്രകാരം വടക്കന്‍ കേരളത്തിലെ ഇരുവഞ്ഞിപ്പുഴ (കോഴിക്കോട്), ചന്ദ്രഗിരി (കാസര്‍കോട്), ചാലിയാര്‍ (മലപ്പുറം), പുല്ലന്‍തോട് (പാലക്കാട്), പയസ്വിനി (കാസര്‍കോട്), ചാലക്കുടി (തൃശൂര്‍), ഷിറിയ (കാസര്‍കോട്), പെരിയാര്‍ (എറണാകുളം), കണ്ണാടിപ്പുഴ (പാലക്കാട്), കുറ്റ്യാടി (കോഴിക്കോട്), കോതമംഗലം (എറണാകുളം) എന്നീ നദികളിലെ ജലനിരപ്പ് ഉയരുന്നുണ്ട്.

തെക്കന്‍ കേരളത്തിലെ നെയ്യാര്‍ (തിരുവനന്തപുരം) നദിയിലെ ജലനിരപ്പും ഉയരുന്നതായി മുന്നറിയിപ്പില്‍ പറയുന്നു. ഇടുക്കി ജില്ലയിലെ ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി അണക്കെട്ടുകളുടെയും കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി അണക്കെട്ടിന്റെയും പരിസരങ്ങളില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നു.

തൃശൂരിലെ പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ പരിസരങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്. ജലസേചനത്തിനായുള്ള മീങ്കര, മംഗലം അണക്കെട്ടുകളുടെ പരിസരങ്ങളില്‍ ബ്ലൂ അലര്‍ട്ടുമുണ്ട്.