യാത്രക്കാരൻ കുഴഞ്ഞുവീണു, ജീവനു തുണയായെത്തിയത് ബസ് ജീവനക്കാരും നഴ്സും; മിന്നൽവേഗത്തിൽ ആശുപത്രിയിലെത്തിച്ചു
സ്വന്തം ലേഖകൻ
മൂവാറ്റുപുഴ: ഓർഡിനറി ആണെങ്കിലും മിന്നൽ സർവീസിനെക്കാൾ വേഗത്തിലാണ് ആൻഡ്രൂസിനെയും കൊണ്ടു കെഎസ്ആർടിസി ബസ് മൂവാറ്റുപുഴയിലെ ആശുപത്രിയിലേക്കു പാഞ്ഞത്. ബസിൽ യാത്ര ചെയ്യുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു കുഴഞ്ഞു വീണു.
ഇതിനെ തുടർന്നാണ് തൃക്കളത്തൂർ കാവുംപടി ഇലവന്ത്ര ഇ.ജെ.ആൻഡ്രൂസിനെ (72) കെഎസ്ആർടിസി ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് മൂവാറ്റുപുഴ നെടുംചാലിൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇസിജിയിൽ വ്യതിയാനം കണ്ടതിനെ തുടർ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ ഏഴോടെയാണു തോപ്പുംപടി – മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ഓർഡിനറി കെഎസ്ആർടിസി ബസിൽ ആൻഡ്രൂസും ഭാര്യയും കയറിയത്.
കടാതിയിൽ എത്തിയപ്പോഴാണ് ആൻഡ്രൂസ് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. യാത്രാക്കാർ വിവരം അറിയിച്ചതോടെ കണ്ടക്ടർ മിഥുനും ഡ്രൈവർ സനിൽ കുമാറും ബസ് നേരെ ആശുപത്രിയിലേക്ക് വിടാൻ തീരുമാനിക്കുകയായിരുന്നു.
ബസിൽ ഉണ്ടായിരുന്ന മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ലയ മത്തായി ഇതിനിടെ ആൻഡ്രൂസിനു സിപിആർ നൽകി. മിനിറ്റുകൾക്കുള്ളിൽ ബസ് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതും യഥാസമയം സിപിആർ നൽകാൻ സാധിച്ചതുമാണ് ആൻഡ്രൂസിന്റെ ജീവനു തുണയായതെന്നും ഡോക്ടർമാർ പറഞ്ഞു.