സേവനം തൃപ്തികരമല്ലെങ്കില്‍ മുഴുവൻ പണവും തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിച്ചില്ല ; സ്‌പോക്കണ്‍ ഇംഗ്ലീഷ് സ്ഥാപനം 19,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
സ്വന്തം ലേഖകൻ
കൊച്ചി: സേവനം തൃപ്തികരമല്ലെങ്കില്‍ മുഴുവൻ പണവും തിരിച്ചുനല്‍കുമെന്ന ആകർഷകമായ പരസ്യം നല്‍കുന്നവർ വാഗ്ദാനം പാലിക്കാതിരിക്കുന്നത് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.
എറണാകുളം പള്ളുരുത്തി സ്വദേശി കെ.എ അമൃത എറണാകുളം കടവന്ത്രയിലെ സൈനോഷുവർ എന്ന സ്ഥാപനത്തിന്റെ ഉടമ ബീനു ബാലകൃഷ്ണനെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതി ഇടപെടല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് മാസത്തെ ഓഫ് ലൈൻ ഇംഗ്ലീഷ് പഠനത്തിനായാണ് പരാതിക്കാരി ചേർന്നത്. 11000 രൂപയായിരുന്നു കോഴ്‌സിൻറെ ഫീസ്, ഡിസ്‌കൗണ്ട് കഴിഞ്ഞ് 9000 രൂപക്കാണ് പരാതിക്കാരി കോഴ്‌സില്‍ ചേർന്നത്. ക്ലാസ് തൃപ്തികരമല്ലെങ്കില്‍ മുഴുവൻ ഫീസും മടക്കി നല്‍കുമെന്നാണ് സ്ഥാപനത്തിന്റെ വാഗ്ദാനം.
എന്നാല്‍ ക്ലാസിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലും പരാതിക്കാരിക്ക് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഫീസ് മടക്കി നല്‍കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു. എതിർ കക്ഷി ഈ ആവശ്യം നിരസിച്ച സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.
ഫീസിനത്തില്‍ പരാതിക്കാരി നല്‍കിയ 4,000 രൂപ തിരിച്ചു നല്‍കണമെന്നും സേവനത്തിലെ ന്യൂനതയ്ക്ക് 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും പരാതിക്കാരിക്ക് നല്‍കണമെന്ന് ഡി.ബി. ബിനു, വൈക്കം രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബഞ്ച് ഉത്തരവിട്ടു.