മുഖ്യമന്ത്രിയുടെ വിരട്ടിൽ നിലപാട് മാറ്റി ദേവസ്വം ബോർഡ്; ശബരിമലയിൽ പുനഃപരിശോധനാ ഹർജിയില്ല
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമല വിധിയിൽ റിവ്യൂ ഹർജി നൽകാനുള്ള സാധ്യത ആരായുമെന്ന നിലപാടിൽനിന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പിന്നോക്കം പോയി. മുഖ്യമന്ത്രി പിണറായി വിജയൻ എതിരഭിപ്രായം പറഞ്ഞതാണു പിന്മാറ്റത്തിനുള്ള കാരണം. അതേസമയം, സന്നിധാനത്ത് സ്ത്രീകൾക്കായി കൂടുതൽ ക്രമീകരണം ഏർപ്പാടാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ ദേവസ്വം ബോർഡ് പുനഃപരിശോധനാ ഹർജി നൽകുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ല. സർക്കാർ തീരുമാനത്തിനൊപ്പമാണ് ദേവസ്വം ബോർഡ്. മറിച്ചുവരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. മുഖ്യമന്ത്രിക്കുതന്നെ തിരുത്താനും ശാസിക്കാനും അധികാരമുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാറും പറഞ്ഞു.
ശബരിമല ഒരുക്കങ്ങളേക്കുറിച്ചു ചർച്ച ചെയ്യാൻ യോഗം ചേർന്നിരുന്നു. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. പത്മകുമാർ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇന്നലെ തിരുവനന്തപുരത്ത് പത്മകുമാർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിവ്യൂ ഹർജിയുടെ സാധ്യതാ പരിഗണിക്കുമെന്ന് ദേവസ്വം പ്രസിഡൻറ് അറിയിച്ചത്. എന്നാൽ പുനഃപരിശോധനാ ഹർജി നൽകുന്നതിനെക്കുറിച്ച് തന്നോട് ദേവസ്വം പ്രസിഡൻറ് സൂചിപ്പിച്ചില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group