
മോഡലിങ്ങിന്റെ മറവിൽ യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിലെ മുഖ്യ പ്രതി സിന്ധു പരാതിക്കാരെ ഭീഷണിപ്പെടുത്തിയിരുന്നത് ഉന്നത ബന്ധങ്ങളുണ്ടെന്ന് പറഞ്ഞ്. നാട്ടിൽ ആണെങ്കിലും ദുബായിൽ ആണെങ്കിലും നല്ല ബന്ധങ്ങളുണ്ടെന്നും സിന്ധുവിന്റെ ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. തനിക്ക് പൊലീസ് ഉദ്യോഗസ്ഥരും ഗുണ്ടകളും സിനിമാ താരങ്ങളുമൊക്കെയായി ബന്ധമുണ്ടെന്ന് സിന്ധു പറയുന്ന ശബ്ദ സന്ദേശം പുറത്തു വന്നു. പരാതികൾക്ക് പിന്നാലെ സിന്ധുവിന്റെ ഏജന്റിന് അയച്ച ശബ്ദ സന്ദേശമാണ് ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്.
താൻ വിളിച്ചാൽ നിരവധി താരങ്ങൾ ഷോകൾക്ക് വേണ്ടി ദുബായിൽ എത്തുമെന്നും സിന്ധുവിന്റെ ശബ്ദസന്ദേശം. ശ്രീകുമാർ എന്ന ബിലാൽ, സിന്ധു എന്നിവരാണ് ദുബായ് കേന്ദ്രികരിച്ച് നടക്കുന്ന സെക്സ് റാക്കറ്റിന്റെ കേരളത്തിലെ പ്രധാന കണ്ണികൾ. ഇരുവരും ലക്ഷങ്ങൾ സമ്പാദിച്ചെന്നാണ് വിലയിരുത്തൽ. ബിലാലിന് നിരവധി ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്നും പോലീസ് കണ്ടെത്തി. ബിലാലു സിന്ധുവും ദുബയിൽ വെച്ചാണ് പരിചയപെടുന്നത്. പിന്നാലെയാണ് ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മറവിൽ യുവതികളെ വിദേശത്തേക്ക് എത്തിക്കുന്ന ചതിക്കുഴിവെട്ടിയത്. യുവതികളെ വിളിക്കുന്നതിന് വേണ്ടി മാത്രം നിരവധി സിം കാർഡുകളാണ് ബിലാൽ ഉപയോഗിച്ചിരുന്നത്.






