play-sharp-fill
വിവാഹം കഴിച്ചത് 17 സ്ത്രീകളെ, 66-കാരനെതിരേ കൂടുതല്‍ പരാതി; 1982 മുതല്‍ വിവാഹം കഴിച്ചു തുടങ്ങി

വിവാഹം കഴിച്ചത് 17 സ്ത്രീകളെ, 66-കാരനെതിരേ കൂടുതല്‍ പരാതി; 1982 മുതല്‍ വിവാഹം കഴിച്ചു തുടങ്ങി

സ്വന്തം ലേഖിക

ഭുവനേശ്വര്‍: ഒഡിഷയില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ വിവാഹത്തട്ടിപ്പുകാരനായ 66-കാരനെതിരേ മൂന്നുപേര്‍ കൂടി പരാതിയുമായി രംഗത്ത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള രമേശ് ചന്ദ്ര സൈ്വനെതിരെയാണ് മൂന്ന് സ്ത്രീകള്‍ കൂടി പരാതി നല്‍കിയിരിക്കുന്നത്. ഇതോടെ പ്രതി വിവാഹം കഴിച്ച സ്ത്രീകളുടെ എണ്ണം 17 ആയി. 14 സ്ത്രീകളെ ഇയാള്‍ വിവാഹം കഴിച്ചിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞദിവസം പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ മൂന്ന് പുതിയ പരാതികള്‍ കൂടി ലഭിച്ചതോടെയാണ് വിവാഹത്തട്ടിപ്പിന്റെ വ്യാപ്തി വിചാരിച്ചതിലും അപ്പുറമാണെന്ന് വ്യക്തമായിരിക്കുന്നത്.

ഒഡിഷ(4) ഡല്‍ഹി(3) അസം(3) മധ്യപ്രദേശ്(2) പഞ്ചാബ്(2) ഛത്തീസ്ഗഢ്(1) ജാര്‍ഖണ്ഡ്(1) ഉത്തര്‍പ്രദേശ്(1) എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് പ്രതി സ്ത്രീകളെ വിവാഹം കഴിച്ചത്. ഇവരില്‍ ഡോക്ടര്‍മാരും ചാര്‍ട്ടേഡ് അക്കൗണ്ടന്റും അഭിഭാഷകരും പോലീസ് ഉദ്യോഗസ്ഥരും അധ്യാപികമാരും ഉള്‍പ്പെടുന്നു. മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി പങ്കാളികളെ തേടുന്ന മധ്യവയസ്‌ക്കരായ സ്ത്രീകളെയാണ് പ്രതി ലക്ഷ്യമിട്ടിരുന്നത്. ഡോക്ടറാണെന്ന് പറഞ്ഞായിരുന്നു ഇവരുമായി പരിചയം സ്ഥാപിച്ചത്. ഡോ. ഭിബു പ്രകാശ് സൈ്വന്‍, ഡോ. രാമനി രഞ്ജന്‍ സൈ്വന്‍ തുടങ്ങിയ പേരുകളാണ് ഉപയോഗിച്ചിരുന്നത്. തുടര്‍ന്ന് വിവാഹം കഴിച്ചശേഷം പണം തട്ടിയെടുത്ത് മുങ്ങുന്നതായിരുന്നു പ്രതിയുടെ രീതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1982-ലാണ് ഇയാള്‍ ആദ്യമായി വിവാഹം കഴിച്ചതെന്നാണ് പോലീസ് പറയുന്നത്. 2020-ല്‍ ഡല്‍ഹി സ്വദേശിനിയായ അധ്യാപികയെയാണ് ഏറ്റവും ഒടുവില്‍ വിവാഹം കഴിച്ചത്. ഡല്‍ഹിയിലെ ആര്യസമാജം ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം. ഈ യുവതിയാണ് രമേശ് ചന്ദ്രയ്‌ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയതോടെയാണ് വിവിധ സംസ്ഥാനങ്ങളിലായി ഇയാള്‍ക്ക് ഒട്ടേറെ ഭാര്യമാരുണ്ടെന്ന് കണ്ടെത്തിയത്.

പഞ്ചാബില്‍നിന്ന് വിവാഹം കഴിച്ച ഒരാളില്‍നിന്ന് 10 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. ഈ വിവാഹം നടന്ന ഗുരുദ്വാരയില്‍നിന്ന് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാമെന്ന് പറഞ്ഞ് 11 ലക്ഷവും തട്ടിയെടുത്തിട്ടുണ്ട്. മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് ഒഡിഷയിലെ വിദ്യാര്‍ഥിയില്‍നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തതിനും ഇയാള്‍ക്കെതിരേ കേസുണ്ട്. 2010-ല്‍ തൊഴില്‍ തട്ടിപ്പ് കേസില്‍ ഹൈദരാബാദിലും വായ്പ തട്ടിപ്പ് കേസില്‍ 2006-ല്‍ എറണാകുളത്തും ഇയാള്‍ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതിയില്‍നിന്ന് മൂന്ന് പാന്‍ കാര്‍ഡുകളും 11 എ.ടി.എം. കാര്‍ഡുകളും പോലീസ് കണ്ടെടുത്തിരുന്നു. ഇതുസംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിന് റിസര്‍വ് ബാങ്കിന്റെ സഹായം തേടിയിട്ടുണ്ടെന്ന് ഭുവനേശ്വര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ യു.എസ്. ദാസ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയുടെ മൊബൈല്‍ ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പരാതിപ്പെട്ട സ്ത്രീകളെയെല്ലാം താന്‍ വിവാഹം കഴിച്ചിട്ടില്ലെന്നായിരുന്നു രമേശ് ചന്ദ്രയുടെ പ്രതികരണം. താന്‍ ശരിക്കും ഡോക്ടറാണെന്നും കോടതിയില്‍ കൊണ്ടുപോകുന്നതിനിടെ ഇയാള്‍ പ്രതികരിച്ചിരുന്നു.