സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി ശരീരത്തിലൂടെ കാർ കയറ്റിയിറക്കി യാത്രക്കാരി മരിച്ച സംഭവം; ഒളിവിൽ പോയ യുവാവ് പോലീസ് പിടിയിൽ; ഇയാൾ ലഹരിമരുന്ന് കേസിലടക്കം പ്രതിയാണോയെന്ന് പോലീസ് പരിശോധിക്കുന്നു; കാറിലുണ്ടായിരുന്ന യുവവനിതാ ഡോക്ടറെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു
കൊല്ലം: കൊല്ലം മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ കാറോടിച്ച കരുനാഗപ്പള്ളി സ്വദേശി അജ്മൽ പിടിയിൽ. ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്.
ഇന്നലെയാണ് അജ്മൽ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ മരിച്ചത്. റോഡിൽ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും രക്ഷപ്പെടുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശ്രീക്കുട്ടിയും പോലീസ് കസ്റ്റഡിയിലാണ്. കുഞ്ഞുമോൾ സഞ്ചരിച്ച സ്കൂട്ടർ ഓടിച്ച ബന്ധു ഫൗസിയയും പരിക്കുകളോടെ ചികിത്സയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച വൈകിട്ട് 5.45നാണ് ദാരുണമായ സംഭവം. അപകടത്തിൽ പരുക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരുക്കേറ്റിട്ടുണ്ട്. കാർ ഇടിച്ചയുടനെ വാഹനം നിർത്താൻ നാട്ടുകാർ ഡ്രൈവറായ അജ്മലിനോട് പറഞ്ഞെങ്കിലും ഇയാൾ അമിതവേഗത്തിൽ കാർ കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു.
അജ്മലിന്റെ പശ്ചാത്തലം ശാസ്താംകോട്ട പോലീസ് പരിശോധിക്കുകയാണ്. ഇയാൾ ലഹരിമരുന്ന് കേസിലടക്കം പ്രതിയാണോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. കാറിലുണ്ടായിരുന്ന യുവവനിതാ ഡോക്ടറെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഇവർ മദ്യലഹരിയിലാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ സംഭവമുണ്ടായിടത്ത് നിന്ന് രക്ഷപ്പെടുന്നതിനിടെ ഒരു മതിലിലും ബൈക്കിലും കാർ ഇടിച്ചു കയറ്റിയെന്നും പ്രദേശവാസികൾ പറയുന്നു.