കാനന യാത്ര കഠിനം കഠിനം അയ്യപ്പാ… മുണ്ടക്കയത്ത് ലക്ഷങ്ങള്‍ മുടക്കി നിർമ്മിച്ച വിശ്രമകേന്ദ്രം കാടെടുത്ത അവസ്ഥ; ദുരിതത്തിലാകുന്നത് കാനനപാത വഴിയെത്തുന്ന അയ്യപ്പന്മാർ; പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനും വിശ്രമിക്കാനും ആശ്രയം സ്വകാര്യ ഇടത്താവളങ്ങൾ; വിശ്രമകേന്ദ്രം അനാഥമായതോടെ ഇപ്പോഴിത് മദ്യപാനികളുടെയും ചീട്ടുകളിസംഘത്തിന്റെയും കേന്ദ്രം
മുണ്ടക്കയം: വർഷങ്ങൾക്കുമുമ്പ് ലക്ഷങ്ങള്‍ മുടക്കി നിർമ്മിച്ച വിശ്രമകേന്ദ്രം കാടെടുത്ത അവസ്ഥ. ശബരിമല തീർത്ഥാടനത്തിന് ഒരുമാസം മാത്രം ശേഷിക്കെ പരമ്പരാഗത കാനനപാത വഴിയെത്തുന്ന തീർത്ഥാടകരാണ് ദുരിതത്തിലായിരിക്കുന്നത്.
പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനും വിശ്രമിക്കാനും സ്വകാര്യ ഇടത്താവളങ്ങളാണ് അയ്യപ്പന്മാർക്ക് ശരണം. കോരുത്തോടിന് സമീപം അഴുതയാറിന്റെ തീരത്ത് ബ്ലോക്ക് പഞ്ചായത്ത് വികേന്ദ്രീയാസൂത്രണ പദ്ധതി പ്രകാരമാണ് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള 36 സെന്റ് സ്ഥലത്ത് ഇടത്താവളം നിർമ്മിച്ചത്.
ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് 12.5 ലക്ഷവും, ഗ്രാമപഞ്ചായത്തിന്റെ 2.5 ലക്ഷം രൂപയും ഉള്‍പ്പെടെ 15 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. രണ്ട് ഹാളുകളും, നാല് ശൗചാലയങ്ങളും ഒരുക്കിയിരുന്നു. നിർമ്മാണത്തിന് ശേഷം തുറന്നിട്ടിരുന്ന ബാത്ത് റൂമുകളിലെ ഉപകരണങ്ങള്‍ നശിച്ച നിലയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെട്ടിടം അനാഥമായതോടെ ഇപ്പോഴിത് മദ്യപാനികളുടെയും ചീട്ടുകളിസംഘത്തിന്റെയും കേന്ദ്രമായി മാറി. ജീപ്പ് മാത്രം കടന്നുപോകാവുന്ന വഴിയില്‍ ബസുകള്‍ ഇറങ്ങണമെങ്കില്‍ ഇനിയും സ്ഥലം ഏറ്റെടുക്കണം. എസ്റ്റിമേറ്റ് പ്രകാരമുള്ള നിർമ്മാണം പൂർത്തിയാക്കി കെട്ടിടം പഞ്ചായത്തിന് വിട്ട് നല്‍കി എന്നാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറയുന്നത്.
എന്നാല്‍, കെട്ടിടം ഇപ്പോഴും ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലാണെന്ന് പഞ്ചായത്ത് പറയുന്നു. ആവശ്യമായ സൗകര്യങ്ങളൊരുക്കാതെ നടത്തിയ കെട്ടിട നിർമ്മാണത്തില്‍ അഴിമതിയുണ്ടെന്നും എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണസമിതി ആരോപിച്ചിരുന്നു.
കോരുത്തോട് ഗ്രാമപഞ്ചായത്തില്‍ ബസ് സ്റ്റാൻഡ് നിർമ്മിക്കാനാണ് 2005 ല്‍ സ്ഥലം വാങ്ങിയതെങ്കിലും അഴിമതി ആരോപണത്തെ തുടർന്ന് വിജിലൻസ് അന്വേഷണം വരെയെത്തി. ഇവിടേയ്ക്കുള്ള പൊതുവഴിക്കായി പഞ്ചായത്ത് വീണ്ടും പണം നല്‍കി ഒമ്പത് സെന്റ് സ്ഥലം വാങ്ങിയിരുന്നു. ഇതിനിടെയാണ് യുഡിഎഫ് നേതൃതത്വം നല്‍കുന്ന ബ്ലോക്ക് ഭരണസമിതി തീർത്ഥാടക വിശ്രമകേന്ദ്രം തുടങ്ങാൻ തീരുമാനിച്ചത്.