തിരുവനന്തപുരം എംപി ശശി തരൂർ ഇന്ന് കോട്ടയം ജില്ലയിൽ പര്യടനം നടത്തും; നാട്ടകം സുരേഷും തിരുവഞ്ചൂരും പങ്കെടുക്കില്ല; വീണ്ടും തരൂരിന്റെ സന്ദർശനം വിവാദത്തിൽ
കോട്ടയം: തിരുവനന്തപുരം എംപി ശശി തരൂർ ഇന്ന് കോട്ടയം ജില്ലയിൽ പര്യടനം നടത്തും. പാലായിൽ സംഘടിപ്പിച്ചിരിക്കുന്ന കെഎം ചാണ്ടി അനുസ്‌മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിലും തരൂർ പങ്കെടുക്കും. പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരുമായും തരൂർ കൂടിക്കാഴ്‌ച നടത്തും.
സംസ്‌ഥാന കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങൾ തുടരുന്നതിനിടെയാണ് തരൂരിന്റെ കോട്ടയം സന്ദർശനം. എന്നാൽ, പരിപാടിയെ കുറിച്ച് തന്നെ അറിയിക്കാത്തതിനാൽ തരൂരിനൊപ്പം യൂത്ത് കോൺഗ്രസ് വേദിയിൽ എത്തില്ലെന്ന നിലപാടിലാണ് ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്.
പരിപാടിയിൽ നിന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്‌ണനും വിട്ടുനിൽക്കും. വ്യക്‌തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവസാന നിമിഷം തിരുവഞ്ചൂരിന്റെ പിൻമാറ്റം. ഇതോടെ തരൂരിന്റെ കോട്ടയം സന്ദർശനം വിവാദത്തിൽ ആയിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂത്ത് കോൺഗ്രസ് സമ്മേളനത്തെ കുറിച്ച് അറിയിപ്പ് ലഭിച്ചില്ലെന്ന് ആവർത്തിച്ച് നാട്ടകം സുരേഷ് രംഗത്ത് വന്നു. ഇന്ന് ജില്ലയിൽ സന്ദർശനം നടത്തിക്കുന്ന കാര്യം ശശി തരൂർ അറിയിച്ചില്ലെന്നാണ് നാട്ടകം സുരേഷ് പറയുന്നത്. ശശി തരൂരിന്റെ ഓഫിസിൽ നിന്നെന്ന് പറഞ്ഞു വന്ന ഫോൺ കോൾ ഒന്നും പറയാതെ കട്ട് ചെയ്‌തെന്ന് സുരേഷ് ആരോപിച്ചു. സംഘടനാ കീഴ്‌വഴക്കങ്ങൾ പാലിക്കപ്പെട്ടില്ലെന്നും കെപിസിസി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്നും അദ്ദേഹം പ്രതികരിച്ചു.