play-sharp-fill
സംഗീതത്തിന് ഭാഷയില്ലന്ന് തെളിയിക്കപ്പെട്ട ചിത്രം “ശങ്കരാഭരണം “: 3 പുരസ്കാരങ്ങൾ നേടിയെടുത്ത ചിത്രം:

സംഗീതത്തിന് ഭാഷയില്ലന്ന് തെളിയിക്കപ്പെട്ട ചിത്രം “ശങ്കരാഭരണം “: 3 പുരസ്കാരങ്ങൾ നേടിയെടുത്ത ചിത്രം:

 

കോട്ടയം: ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ ഏറ്റവും കൂടുതൽ മസാല പടങ്ങൾ ഇറങ്ങിയിരുന്നത്
തെലുഗുഭാഷയിലാണ് .
ഇടയ്ക്കിടെ മൊഴിമാറ്റം ചെയ്ത് മലയാളത്തിലെത്തുന്ന ചിത്രങ്ങൾ കണ്ടാൽ തന്നെ മനസ്സിലാകും
ആ ഭാഷയിലെ ചിത്രങ്ങളുടെ നിലവാരം എന്താണെന്ന് .
എന്നാൽ ഇടയ്ക്കിടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നതും തെലുഗു സിനിമ തന്നെയാണെന്നും എടുത്തു പറയേണ്ടതുണ്ട്.

മികച്ച ഉദാഹരണം “ബാഹുബലി ” തന്നെ.
പിന്നീട് വന്ന “ആർ ആർ ആർ ” എന്ന രാജമൗലി ചിത്രം
വലിയ നിലവാരമൊന്നുമില്ലെങ്കിലും സംഗീതത്തിന്റെ അത്ഭുതസിദ്ധി കൊണ്ട് ഈ ചിത്രവും , ചിത്രത്തിലെ ഒരു ഗാനവും ലോകത്തിന്റെ നെറുകയിൽ സ്ഥാനം പിടിച്ചത്
സമീപകാലചരിത്രം !
ആദ്യം ഗോൾഡൻ ഗ്ലോബിലൂടേയും പിന്നീട് ഓസ്കാറിലൂടേയും തെലുഗു സിനിമ അക്ഷരാർത്ഥത്തിൽ തന്നെ ഇന്ത്യൻ സിനിമയെ ഒരിക്കൽക്കൂടി ഞെട്ടിച്ചിരിക്കുകയാണ്.
ഏകദേശം നാലു പതിറ്റാണ്ടുകൾക്ക് മുമ്പ് ഇതേപോലെ ഒരു തെലുഗുചലച്ചിത്രം സംഗീതത്തിന്റെ മാസ്മരികഭാവത്താൽ ഇന്ത്യൻ ചക്രവാളങ്ങളെ കോരിത്തരിപ്പിച്ച ചരിത്രമാണ് ഇപ്പോൾ ഓർമ്മയിലെത്തുന്നത് .

സംഗീതത്തിന് ഭാഷയില്ലെന്ന് തെളിയിക്കപ്പെട്ട ഇന്ത്യയിലെ എക്കാലത്തേയും പ്രശസ്തമായ ചിത്രമായിരുന്നു അടുത്തിടെ അന്തരിച്ച കെ. വിശ്വനാഥ് സംവിധാനം ചെയ്ത
“ശങ്കരാഭരണം ” എന്ന
തെലുഗു ചിത്രം .
സാധാരണ ജനങ്ങളെ ശാസ്ത്രീയസംഗീതവുമായി ഇത്രയേറെ അടുപ്പിച്ച മറ്റൊരു ചലച്ചിത്രം ശങ്കരാഭരണത്തിന് മുമ്പോ പിമ്പോ ഭാരതീയ ഭാഷകളിൽ ഉണ്ടായിട്ടില്ല.
ഒരേസമയം മികച്ച സംഗീത സംവിധായകൻ ,മികച്ച ഗായകൻ, മികച്ച ഗായിക എന്നിങ്ങനെയുള്ള മൂന്ന് ദേശീയപുരസ്ക്കാരങ്ങൾ നേടിയെടുത്ത ഏക ചലച്ചിത്രവും ശങ്കരാഭരണമായിരുന്നു .
പാട്ടുകൾ തെലുഗു ഭാഷയിൽ തന്നെ നിലനിർത്തി മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത “ശങ്കരാഭരണം” കേരളത്തിൽ ഒരു വർഷത്തോളം തുടർച്ചയായി പ്രദർശിപ്പിച്ച് ചരിത്രവിജയം നേടിയെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നും കേരളത്തിലെ
ഗാനമേളാവേദികളിലും ചാനലുകളിലെ റിയാലിറ്റി ഷോകളിലും ശങ്കരാഭരണത്തിലെ ഗാനങ്ങൾ കാലാതിവർത്തികളായി ആലപിക്കപ്പെടുന്നു .
ഇന്ത്യൻ സിനിമയിലെ
ക്ലാസിക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നത് തമിഴ്നാട് സ്വദേശിയായ
കെ വി മഹാദേവൻ എന്ന സംഗീത പ്രതിഭയായിരുന്നു. ദക്ഷിണേന്ത്യൻ ചലച്ചിത്രവേദിയിലെ സംഗീത സംവിധാനരംഗത്തെ കുലപതികളായിരുന്ന
എം എസ് വിശ്വനാഥന്റേയും രാമമൂർത്തിയുടേയും സമകാലികനായിരുന്നു
കെ വി മഹാദേവൻ.

“ശങ്കരാഭരണ” ത്തിലെ
“ദൊരക്കുനാ ഇടുവണ്ടി സേവാ…” “ശങ്കരാ നാദശരീരാപരാ … ”
“രാഗം താനം പല്ലവി …” “മാനസസഞ്ചരരേ … ” “ഓംകാരനാദാനു …”
തുടങ്ങിയ ഗാനങ്ങൾ ഭാഷയുടെ മതിൽക്കെട്ടുകൾ ഭേദിച്ച് ഭാരതം മുഴുവൻ അലയടിച്ചുയർന്നു .
തെലുഗു , തമിഴ് ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ടെങ്കിലും
മലയാളത്തിൽ വളരെ കുറച്ച് ചിത്രങ്ങൾക്ക് മാത്രമേ ഇദ്ദേഹം സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുള്ളൂ !
ആന വളർത്തിയ വാനമ്പാടിയുടെ മകൻ ,പത്മതീർത്ഥം , കക്ക ,കായലും കയറും എന്നിവയായിരുന്നു ആ ചിത്രങ്ങൾ.
“ശരറാന്തൽ തിരി താണു മുകിലിൻ കുടിലിൽ … ” “ചിത്തിരത്തോണിയിലക്കരെ പോകാൻ എത്തിടാമോ പെണ്ണേ …” (രണ്ടു ഗാനങ്ങളും കായലും കയറും – രചന പൂവച്ചൽ ഖാദർ – ആലാപനം യേശുദാസ്)

“മണവാളൻ പാറ
മണവാട്ടി പാറ …. ” (കക്ക – രചന പി ഭാസ്ക്കരൻ – ആലാപനം എസ് ജാനകി )
“കായലൊന്നു ചിരിച്ചാൽ …” (കക്ക – രചന
പി ഭാസ്കരൻ -ആലാപനം യേശുദാസ്.)
എന്നീ ഗാനങ്ങൾ ഒരു കാലത്ത് മലയാളത്തിൽ ഏറ്റവും ജനപ്രീതിയാർജ്ജിച്ചവയായിരുന്നു .
1918 മാർച്ച് 14-ന് തമിഴ്നാട്ടിലെ നാഗർകോവിലിൽ ജനിച്ച കെ വി മഹാദേവൻ്റെ ജന്മവാർഷികദിനമാണിന്ന്.
ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്ത് ശാസ്ത്രീയ സംഗീതത്തിൻ്റെ
നാദബ്രഹ്മങ്ങൾ തീർത്ത രാജശില്പിയുടെ ഓർമ്മകൾക്ക് പോലും ഒരു രാഗമാലികയുടെ സൗരഭ്യം..