ഡ്രൈവര്‍മാരുടെ ഉറക്കം കെടുത്താന്‍ പുതിയ ദേശീയപാതകളിലും റമ്പിള്‍ സ്ട്രിപുകൾ സ്ഥാപിക്കാൻ കേന്ദ്ര തീരുമാനം
സ്വന്തം ലേഖിക
തിരുവനന്തപുരം: റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പുതുതായി നിര്‍മിക്കുന്ന ദേശീയപാതകളിലും നിലവില്‍ നവീകരിക്കുന്ന ദേശീയപാതകളിലും റമ്പിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കാൻ കേന്ദ്ര തീരുമാനം.
അശ്രദ്ധമായി വണ്ടിയോടിക്കുന്ന ഡ്രൈവര്‍മാരെ ജാഗ്രതയുള്ളവരാക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും വേണ്ടിയാണ് സ്ട്രിപ്പുകള്‍ സ്ഥാപിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തടസ്സരഹിതമായ റോഡുകളിലൂടെയുള്ള ദീര്‍ഘദൂര യാത്രക്കിടെ ഡ്രൈവര്‍മാര്‍ ഉറങ്ങുന്നതും തിരക്കേറിയ റോഡുകളിലൂടെ വാഹനങ്ങള്‍ അമിതവേഗതയില്‍ ഓടിക്കുന്നതുമാണ് അപകടങ്ങള്‍ വർദ്ധിപ്പിക്കുന്നത്.
രാജ്യവ്യാപകമായി നടപ്പാക്കുന്ന തീരുമാനത്തിൻ്റെ ഭാഗമായാണ് സംസ്ഥാനത്തും സ്ട്രിപ്പുകള്‍ വരുന്നത്. നേരത്തേ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ബ്ലാക്ക് സ്പോട്ടുകളായി കണ്ടെത്തിയ ഇടങ്ങളിലും പ്രധാന നഗരങ്ങളിലുമാണ് സ്ട്രിപ് സ്ഥാപിക്കുന്നത്.
ഇത്തരം ഇടങ്ങളില്‍ എത്തുന്നതിന് മുമ്പും ശേഷവുമായി മൂന്ന് വീതം സ്ട്രിപ്പുകളുമാണുള്ളത്. മൂന്നും വ്യത്യസ്ത കനത്തിലാണ് ഒരുക്കിയിരിക്കുന്നത്.
കോഴിക്കോട്-പാലക്കാട് പാതയില്‍ മലപ്പുറത്തിനും കൊണ്ടോട്ടിക്കും ഇടയില്‍ സമാനമായ രീതിയില്‍ സ്ട്രിപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വിഷയത്തില്‍ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ പരാതി ഉന്നയിച്ചിരുന്നു.
തുടര്‍ന്ന് പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ദേശീയപാതകളിലെ വാഹനങ്ങളുടെ വേഗത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ട്രിപ്പുകള്‍ സ്ഥാപിച്ചതെന്നും തീരുമാനം മാറ്റില്ലെന്നും ദേശീയപാത അധികൃതര്‍ അറിയിച്ചു.
മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് ഇതിനകം ഇത് നടപ്പാക്കിയിരിക്കുന്നത്.