വാ പിളർന്ന് കുഴികൾ…! കെ കെ റോഡിൽ മുണ്ടക്കയം പൈങ്ങനയിലെ കൊടുംവളവിലെ കുഴികള്‍ അപകടക്കെണിയാകുന്നു; വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു; കണ്ണടച്ച് അധികൃതര്‍
മുണ്ടക്കയം: കൊടുംവളവിലെ കുഴികള്‍ അപകടക്കെണിയായി.
ദേശീയപാതയില്‍ മുണ്ടക്കയം പൈങ്ങനയ്ക്ക് സമീപമാണ് അപകടക്കുഴികള്‍.
ദേശീയപാതയിലൂടെ വേഗത്തിലെത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കുഴികള്‍ പെട്ടെന്ന് കാണാനാവില്ല. അടുത്തെത്തുമ്പോഴാവും അറിയുക.
പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും വാഹനം വെട്ടിച്ചുമാറ്റുന്നതുമെല്ലാം അപകടം വിളിച്ചുവരുത്തും. ഇരു ചക്രവാഹനങ്ങള്‍ കുഴികളില്‍ അകപ്പെട്ട് അപകടം പതിവാണ്. മഴ പെയ്താല്‍ കുഴികളില്‍ വെള്ളം നിറഞ്ഞ് കിടക്കും. കുഴിയുടെ ആഴം അറിയാനൊക്കില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡിന്റെ വശങ്ങളിള്‍ ഓട ഇല്ലാത്തതിനാല്‍ മഴ പെയ്യുമ്പോള്‍ വെള്ളം റോഡിലൂടെ പരന്നൊഴുകും. ഇതാണ് ടാറിംഗ് തകർന്ന് കുഴി രൂപപ്പെടാൻ കാരണം.
സാധാരണഗതിയില്‍ പോലും നിരവധി അപകടങ്ങള്‍ നടന്ന സ്ഥലമാണ് പൈങ്ങനയിലെ കൊടുംവളവ്. നാട്ടുകാരുടെ നിരന്തര പരാതിയെത്തുടർന്ന് മുൻപ് ഇവിടെ ദേശീയപാത വിഭാഗം വളവിന് വീതി കൂട്ടിയിരുന്നു. ഈ ഭാഗത്താണ് ഇപ്പോള്‍ റോഡിന്റെ നടുക്ക് തന്നെ വാ പിളർന്ന് അപകടക്കുഴികളും.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ ഏഴോളം അപകടങ്ങള്‍ ഇവിടെ സംഭവിച്ചതായി പ്രദേശവാസികള്‍ പറയുന്നു. രാത്രി സമയങ്ങളിലാണ് അപകടങ്ങള്‍ ഏറെയും. അപകടങ്ങള്‍ ഉണ്ടാകുന്നത് വരെ കാത്തുനില്‍ക്കാതെ ദേശീയപാത വിഭാഗം കുഴികള്‍ അടയ്ക്കുവാൻ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.