video
play-sharp-fill
വഴിയോരക്കച്ചവടക്കാരെ മുഴുവൻ നഗരത്തിൽ നിന്നും ഒഴിപ്പിച്ചു: ബുധനാഴ്ചയും ഒഴിപ്പിക്കൽ നടപടികൾ തുടരും; വനിതാ ജീവനക്കാർക്കു നേരെ അസഭ്യവർഷവുമായി വഴിയോരക്കച്ചവടക്കാർ

വഴിയോരക്കച്ചവടക്കാരെ മുഴുവൻ നഗരത്തിൽ നിന്നും ഒഴിപ്പിച്ചു: ബുധനാഴ്ചയും ഒഴിപ്പിക്കൽ നടപടികൾ തുടരും; വനിതാ ജീവനക്കാർക്കു നേരെ അസഭ്യവർഷവുമായി വഴിയോരക്കച്ചവടക്കാർ

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിലെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി എത്തിയ നഗരസഭയിലെ വനിതാ ജീവനക്കാർ അടക്കമുള്ളവർക്ക് നേരെ അസഭ്യ വർഷം. നഗരത്തിൽ ഗതാഗത തടസമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന അനധികൃത വഴിയോരക്കച്ചവടക്കാർക്കു നേരെയാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ നടപടിയെടുത്തത്. ഇതിനിടെയാണ് ശീമാട്ടി റൗണ്ടാനയ്ക്കും, തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തിനും സമീപത്തുള്ള കച്ചവടക്കാർ അസഭ്യം മുഴക്കിയത്.

ഇതിനിടെ ആകാശപ്പാതയ്ക്കു സമീപത്തെ വഴിയോരക്കച്ചവടക്കാരൻ വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിനെ പിടിച്ചു തള്ളുകയും ചെയ്തു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് നാലു മണി മുതലാണ് നഗരത്തിലെ അനധികൃത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ ബാധയുടെ പശ്ചാത്തലത്തിലും, വഴിയോരങ്ങളിൽ ഗതാഗത തടസം ഒഴിവാക്കുന്നതിന്റെ സാഹചര്യത്തിലുമായിരുന്നു നഗരസഭ അധികൃതരുടെ നടപടികൾ. നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയുടെ നിർദേശാനുസരണം, നഗരസഭ കൗൺസിൽ യോഗം വിഷയം ചർച്ച ചെയ്താണ് നഗരത്തിലെ അനധികൃത കച്ചവടക്കാരെ പൂർണമായും ഒഴിപ്പിക്കാനും തീരുമാനം എടുത്തത്. ഇതിനു പിന്നാലെയാണ് ആകാശപ്പാതയ്ക്കു ചുവട്ടിലെയും, പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തെയും ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

നഗരത്തിലെ അനധികൃത വഴിയോരക്കച്ചവടക്കാർ ഫുട്പാത്ത് അടക്കം കയ്യേറി, ഗതാഗത തടസമുണ്ടാക്കുന്ന രീതിയിൽ കച്ചവടം ചെയ്യുന്നതായി തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ട  മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസ് ജില്ലാ കളക്ടർക്കും നഗരസഭയ്ക്കും കത്തും നൽകിയിരുന്നു. ഈ കത്തിനു പിന്നാലെയാണ് ഇപ്പോൾ നഗരത്തിലെ അനധികൃത വഴിയോരക്കച്ചവടക്കാരെ നഗരസഭ ഒഴിപ്പിക്കാൻ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഒഴിപ്പിക്കൽ നടപടികൾക്ക് ഹെൽത്ത് ഇൻസ്പക്ടർമാരായ, ജേക്കബ്സൺ, ടി.എ തങ്കം, സൈനുദ്ദിൻ, അജിത്ത്, സുനിൽ, പ്രകാശ്, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ അനീഷ്, വിജയകുമാർ, സന്തോഷ് ,ജീവൻ ലാൽ, ശ്യാംകുമാർ, ശ്രീജിത്ത്, ജയൻ, അനൂപ്, ഷാഹിദ് മുഹമ്മദ്, എന്നിവർ നേതൃത്വം നല്കി

വെസ്റ്റ് എസ് എച്ച് ഒ . എം ജെ അരുൺ, എസ് ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു