കുടുംബ ബജറ്റുകളെ താളംതെറ്റിച്ച് സംസ്ഥാനത്ത് അരിവില കുതിക്കുന്നു ; ഒരുമാസത്തിനിടെ ഒരു കിലോ അരിയ്ക്ക് കൂടിയത് എട്ട് രൂപവരെ ; ഗ്രാമങ്ങളിൽ ഒരുകിലോ അരിയ്ക്ക് 50 രൂപ ; അരിയുടെ കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നാല്‍ വിലയില്‍ കുറവുണ്ടാകുമെന്ന പ്രതീക്ഷയിൽ വ്യാപാരികൾ
സ്വന്തം ലേഖകൻ
കോട്ടയം: കുടുംബ ബജറ്റുകളെ താളംതെറ്റിച്ച് സംസ്ഥാനത്ത് അരിവില കുതിക്കുന്നു. ഒരുമാസത്തിനിടെ ഒരു കിലോഗ്രാം അരിയുടെ മുകളില്‍ എട്ട് രൂപവരെയാണ് കൂടിയത്.
ഗ്രാമങ്ങളിലെ ചില്ലറ വ്യാപാര കേന്ദ്രങ്ങളില്‍ ഒരുകിലോ അരി വേണമെങ്കില്‍ 50 രൂപയോളം നല്‍കണം. കുറുവ, ബോധന, പൊന്നി ഇനങ്ങള്‍ക്ക് മൊത്തവിലയില്‍ത്തന്നെ ആറു മുതല്‍ എട്ടുരൂപയുടെ വര്‍ധനയാണുള്ളത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അരി ഇനങ്ങളാണിവ. ബിരിയാണിക്കായി വ്യാപകമായി ഉപയോഗിക്കുന്ന കയമ, കോല അരിക്കും അടുത്തകാലത്ത് 10 രൂപയോളം കൂടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അരിയുടെ കയറ്റുമതി വര്‍ധിച്ചതാണ് വില വൻതോതില്‍ കൂടാൻ ഇടയാക്കിയതെന്ന് മൊത്ത വ്യാപാരികള്‍ പറയുന്നു. അരിയുടെ കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നാല്‍ വിലയില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. കയറ്റുമതിക്കാര്‍ മുൻകൂര്‍ പണം നല്‍കുന്നതിനാല്‍ ഇതര സംസ്ഥാനങ്ങളിലെ മില്ലുടമകള്‍ അവര്‍ക്ക് അരിനല്‍കാനാണ് മുൻഗണന നല്‍കുന്നത്.
ആന്ധ്രയില്‍ നിന്നാണ് കേരളത്തിലേക്ക് ഊണിനുള്ള അരി കൂടുതലായി എത്തുന്നത്. ബിരിയാണിക്കുള്ളത് പശ്ചിമ ബംഗാളില്‍നിന്നും. ഇവിടങ്ങളിലെ കൊയ്ത്തുത്സവ സീസണായാല്‍ അരിയുടെ വരവ് കൂടുമെന്നും വിലയില്‍ കാര്യമായ കുറവുണ്ടാകുമെന്നുമാണ് പ്രതീക്ഷ.
മൊത്ത വിപണിയിലെ വിലയേക്കാള്‍ കിലോക്ക് അഞ്ചുരൂപയോളം അധികമാണ് പ്രാദേശിക വിപണികളില്‍ ഈടാക്കുന്നത്. മൊത്തവിപണിയില്‍ നിന്ന് വിദൂര സ്ഥലങ്ങളിലേക്ക് ചരക്കുകടത്ത് കൂലിയടക്കം കണക്കാക്കി കൂടുതല്‍ വില ഈടാക്കുന്നുമുണ്ട്.
ഒരുകിലോ മുതല്‍ 25 കിലോ വരെയുള്ള ബാഗുകളിലാക്കി വില്‍ക്കുന്ന ബ്രാന്റഡ് അരിക്ക് നേരത്തെ അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിയതും തിരിച്ചടിയായിട്ടുണ്ട്. കുറഞ്ഞ അളവില്‍ അരിവാങ്ങുന്ന ചെറിയ കുടുംബങ്ങളെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്.