നവകേരള ബസ് ഇനി വാടകയ്ക്ക്; വിവാഹം, വിനോദയാത്ര, തീര്‍ത്ഥാടനം തുടങ്ങിയവയ്ക്ക് നല്‍കാൻ തീരുമാനം ; ബസിന്‍റെ ഭാവി റൂട്ട് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക പുതിയ ഗതാഗതമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് വാടകയ്ക്ക് നല്‍കാന്‍ ആലോചന. വിവാഹം, തീര്‍ത്ഥാടനം, വിനോദയാത്ര എന്നിങ്ങനെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ബസ് വിട്ടുനല്‍കാനാണ് തീരുമാനം. ബസിന്‍റെ ഭാവി റൂട്ട് സംബന്ധിച്ച് പുതിയ ഗതാഗതമന്ത്രിയായിരിക്കും അന്തിമ തീരുമാനം എടുക്കുക.
വിമര്‍ശനങ്ങള്‍ ഏറെയേറ്റുവെങ്കിലും നവകേരള ബസിന് വൻ ജനപ്രീതിയുണ്ട്. കേരള ക്യാബിനറ്റ് ഒന്നടങ്കം യാത്ര ചെയ്ത ഈ ബസ് ഇനി ആര്‍ക്കും സഞ്ചരിക്കാവുന്ന റൂട്ടിലേക്കാണ് ഓടുന്നത്. 25 സീറ്റുകളേയുള്ളൂ എന്നതിനാല്‍ സര്‍വീസ് പ്രയാസകരമാണ്. എസിയാണെങ്കിലും സ്ലീപ്പര്‍ അല്ലാത്തതിനാല്‍ ദീര്‍ഘദൂര യാത്രയ്ക്കും അത്ര അനുയോജ്യമല്ല. അതിനാലാണ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് നല്‍കാന്‍ ആലോചിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹപ്പാര്‍ട്ടികള്‍ക്കും തീര്‍ത്ഥാടക സംഘത്തിനും വിനോദയാത്ര പോകുന്നവര്‍ക്കും ഇനി മന്ത്രിമാര്‍ ഇരുന്ന സീറ്റിലിരുന്ന് പോകാം. എന്നാല്‍ മുഖ്യമന്ത്രി ഇരുന്ന ഒറ്റയ്ക്കുള്ള സീറ്റ് അങ്ങനെ തന്നെ നിലനിര്‍ത്തണോ, മാറ്റം വരുത്തണോ എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ട്. നവകേരള സദസിനായുള്ള ഓട്ടത്തിനിടെ ഗ്ലാസില്‍ ചിലയിടങ്ങളില്‍ പോറല്‍ വന്നിട്ടുണ്ട്. കാനം രാജേന്ദ്രന്‍റെ മരണത്തെതുടര്‍ന്ന് മാറ്റിവച്ച എറണാകുളം ജില്ലയിലെ രണ്ട് ദിവസത്തെ പരിപാടി കൂടി കഴിഞ്ഞ ശേഷമാണ് ബസിന്‍റെ അറ്റകുറ്റപ്പണി നടത്തുക. ബംഗളൂരുവില്‍ എത്തിച്ച് ചില മാറ്റങ്ങള്‍ കൂടി വരുത്തിയാകും ബസ് വീണ്ടും പുറത്തിറങ്ങുക.
മുന്‍മന്ത്രി എ കെ ബാലന്‍ പറഞ്ഞപോലെ ചിലപ്പോള്‍ തലസ്ഥാനത്തുള്‍പ്പടെ കുറച്ചുദിവസം പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചേക്കും. കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള ബസ് ഇപ്പോള്‍ തിരുവനന്തപുരം എസ്എപി ക്യാമ്പിലാണുള്ളത്. പുതിയ മന്ത്രിയാവും ഭാവി തീരുമാനം എടുക്കുക. വിഐപി പരിവേഷമുള്ള ബസ് സര്‍ക്കാരിന്‍റെ പ്രധാനപരിപാടികള്‍ക്ക് മാത്രം ഉപയോഗിച്ചാല്‍ മതിയോ എന്ന ചിന്തയും കെഎസ്ആര്‍ടിസി മാനേജ്മെന്‍റിന് മുന്നിലുണ്ട്. രണ്ടായാലും കരിങ്കൊടി കാണാതെ ഇനി നിരത്തിലോടാം.