‘പഴയ കാലത്തെ നല്ല കമ്മ്യൂണിസ്റ്റുകളെ ഓർത്തുപോയി’; പാതി കരിഞ്ഞ ഫ്ലക്സിന്റെ ചിത്രം പങ്കുവെച്ച് ആലത്തൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്
തെരഞ്ഞെടുപ്പ് പ്രചാരണം തകൃതിയായ് നടക്കുമ്പോൾ തന്റെ പാതി കരിഞ്ഞ ഫ്ലക്സിന്റെ ചിത്രം പങ്കുവെച്ച് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. മുരുകൻ കാട്ടാക്കടയുടെ വരികൾ കുറിച്ചാണ് രമ്യ ചിത്രം പങ്കുവെച്ചത്. “മനുഷ്യനാകണം. മനുഷ്യനാകണം. ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ. നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം. പഴയ കാലത്തെ നല്ല കമ്മ്യൂണിസ്റ്റുകളെ ഓർത്തുപോയി” രമ്യ കുറിച്ചു.
കിഴക്കഞ്ചേരി കുണ്ടുകാട്ടിൽ സ്ഥാപിച്ച രമ്യ ഹരിദാസിന്റെ ഫ്‌ളക്‌സ് കത്തിച്ച സംഭവത്തിൽ യുഡിഎഫ് പൊലീസിൽ പരാതി നൽകിയിരുന്നു.
അതേസമയം ഇന്നലെ ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംഘർഷം ഉണ്ടായി. യു.ഡി.എഫ് എരുമപ്പെട്ടി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിടെയാണ് സംഘർഷമുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണത്തിൻ്റെ ഭാഗമായുള്ള ലിസ്റ്റ് വായിക്കുന്നതിനിടെയാണ് നേതാക്കൾ തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടിയാലോചന നടത്താതെയാണ് ലിസ്റ്റ് തയ്യാറാക്കിയതെന്നും ഇത് പ്രഖ്യാപിക്കുവാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് സംഘർഷം തുടങ്ങിയത്. പേരുകൾ രേഖപ്പെടുത്തിയ കടലാസ് പ്രതിഷേധക്കാർ ബലമായി പിടിച്ചു വാങ്ങി ചുരുട്ടിയെറിഞ്ഞു. കൺവെൻഷൻ്റെ ഉദ്ഘാടകനായി എത്തിയ കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയലിൻ്റെ സാന്നിധ്യത്തിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. പിന്നീട് നേതാക്കൾ ഇടപ്പെട്ട് ഇരു കൂട്ടരെയും അനുനയിപ്പിച്ച ശേഷമാണ് ലിസ്റ്റ് അവതരിപ്പിച്ചത്.