
ലഖ്നൗ : വാഹനാപകടത്തില്‍പ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ജീവൻരക്ഷിച്ച യുവാവും കാമുകിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാമുകി മരണപ്പെട്ടു യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.
ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ രജത്കുമാറി(25)നെയാണ് കാമുകിക്കൊപ്പം വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രജതിനൊപ്പം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകി മനു കശ്യപ്(21) മരിച്ചു.
ഫെബ്രുവരി 9-ാം തീയതി മുസാഫർനഗർ ബുഛാബസ്തിയിലായിരുന്നു സംഭവം. പ്രണയബന്ധത്തെ ഇവരുടെ കുടുംബങ്ങള്‍ എതിർത്തതിനാലാണ് കമിതാക്കളായ ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ യുവതി മരിക്കുകയായിരുന്നു. ചികിത്സയിലുള്ള രജത് കുമാറിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നും റിപ്പോർട്ടുകളില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാലാണ് ഇരുവരുടെയും കുടുംബങ്ങള്‍ പ്രണയത്തെ എതിർത്തതെന്നാണ് റിപ്പോർട്ട്. ഇരുവർക്കും കുടുംബങ്ങള്‍ മറ്റുവിവാഹവും നിശ്ചയിച്ചിരുന്നു. ഇതാണ് ആത്മഹത്യശ്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അതേസമയം, മനു കശ്യപിനെ രജത് കുമാർ തട്ടിക്കൊണ്ടുപോയി വിഷം നല്‍കിയതാണെന്ന് ആരോപിച്ച് യുവതിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കാർ അപകടത്തില്‍പ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവൻരക്ഷിച്ചതോടെയാണ് രജത്കുമാർ നേരത്തെ വാർത്തകളിലിടം നേടിയത്. 2022 ഡിസംബറിലായിരുന്നു ഈ സംഭവം. ഡല്‍ഹിയില്‍നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള യാത്രയ്ക്കിടെ റൂർക്കിയില്‍വെച്ചാണ് ഋഷഭ് പന്ത് സഞ്ചരിച്ച മെഴ്സീഡസ് കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് തീപ്പിടിച്ചത്. സമീപത്തെ ഫാക്ടറിയില്‍ ജോലിക്കാരായിരുന്ന രജത്കുമാറും നിഷുകുമാർ എന്നയാളുമാണ് അപകടം ആദ്യം കണ്ടത്. തുടർന്ന് ഇരുവരും ഓടിയെത്തുകയും ഋഷഭ് പന്തിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. തക്കസമയത്ത് രക്ഷാപ്രവർത്തനം നടത്തിയ ഇരുവർക്കും അന്ന് ഏറെ പ്രശംസ ലഭിച്ചു. ജീവൻരക്ഷിച്ചതിന് ഋഷഭ് പന്ത് ഇരുവർക്കും സ്കൂട്ടറുകളും സമ്മാനിച്ചിരുന്നു.