
രാഹുലിന്റെ പകരക്കാരൻ ആര്?പ്രതിസന്ധി പരിഹരിക്കാനാവാതെ കോൺഗ്രസ്
സ്വന്തംലേഖിക
ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഉറച്ച തിരുമാനത്തെ തുടർന്ന് പകരക്കാരനെ കണ്ടെത്താൻ കോൺഗ്രസ് വിയർക്കുകയാണ്. ഇതേ തുടർന്ന് കോൺഗ്രസ് പുനസംഘടന വൈകിയേക്കുമെന്നാണ് സൂചന. രാഹുലിന്റെ തീരുമാനത്തെ തുടർന്ന് പാർട്ടിയിൽ വൻ പ്രതിസന്ധിയാണ് ഉടലെടുക്കുന്നത്.ഇതിനിടെ തോൽവി ഏറ്റുവാങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് അദ്ധ്യക്ഷൻമാർ കൂട്ടത്തോടെ രാജിവച്ചത് പാർട്ടിക്ക് കൂടുതൽ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. പഞ്ചാബ് പി.സി.സി അദ്ധ്യക്ഷൻ സുനിൽ ജാക്കർ, ജാർഖണ്ഡിലെ ഡോ. അജോയ് കുമാർ, അസാമിലെ റിപുൻ ബോറ എന്നിവരാണ് രാജിക്കത്ത് രാഹുൽ ഗാന്ധിക്ക് അയച്ചത്. ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിച്ച തിരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ടക്കം കടന്നത് കേരളത്തിൽ മാത്രമാണ്. കേരളത്തിലെ വിജയത്തിന്റെ പശ്ചാത്തലത്തിൽ സംഘടനാപ്രവർത്തനത്തിൽ കേരളത്തിൽ കാര്യമായ വീഴ്ചകളുണ്ടായില്ലെന്നാണ് പൊതുവിലയിരുത്തൽ. എന്നാൽ അടുത്തിടെ കോൺഗ്രസ് അധികാരത്തിലെത്തിയ മദ്ധ്യപ്രദേശ്, രാജസ്ഥാൻ,ഛത്തിസ്ഗഡ്, സഖ്യസർക്കാർ ഭരിക്കുന്ന കർണാടക എന്നിവിടങ്ങളിലെ തിരിച്ചടി കോൺഗ്രസിന് അത്ര എളുപ്പത്തിൽ പരിഹരിക്കാനാവില്ല. ഇതിനിടെ ഉടൻ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സംഘടനാപ്രശ്നങ്ങൾ രൂക്ഷമാണ്. നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഒരു തിരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കാൻ കോൺഗ്രസിന് സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കടമ്പയാണ്.
അതേസമയം പാർട്ടിയിൽ ഉടലെടുത്ത ഈ പ്രതിസന്ധികൾ മറികടക്കാതെ പുനസംഘടന ഹൈക്കമാൻഡ് പരിഗണിക്കില്ല. ഇതേ തുടർന്ന് കേരളത്തിലെ പുനസംഘടന വൈകിയേക്കുമെന്നാണ് റിപ്പോർട്ട്.