പുതുപ്പള്ളിക്കാർക്ക് ഇന്ന് ‘ദുഃഖ ഞായർ’ ; പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് ഇല്ലാത്ത ഒരു ഞായറാഴ്ച; കബറിടത്തേക്ക് നിലയ്ക്കാത്ത ജനം; വീഡിയോ കാണാം
സ്വന്തം ലേഖകൻ
കോട്ടയം ∙ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് ഇല്ലാത്ത ഒരു ഞായറാഴ്ച. പുതുപ്പള്ളിക്കാർക്ക് ഇന്ന് ‘ദുഃഖ ഞായർ’ . അത് പുതുപ്പള്ളി പള്ളിയിലെ ഇടവകക്കാർക്കും നാട്ടുകാർക്കും ഉൾക്കൊള്ളാനായിട്ടില്ല. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ അദ്ദേഹത്തിന്റെ കബറിടത്തിൽ നിരവധിപ്പേരാണ് ആദരാഞ്ജലി അർപ്പിക്കാനെത്തുന്നത്. ആ ഇല്ലായ്മ വല്ലാത്തൊരു ശൂന്യയതയായി പുതുപ്പള്ളിക്കാരെ അലട്ടുന്നു. മെഴുകുതിരികളും പൂക്കളുമായി പ്രിയ നേതാവിനെക്കാണാൻ നിരവധിയാളുകൾ എത്തുന്നത് അതാണ് സൂചിപ്പിക്കുന്നത്.
1980ലാണ് ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തേക്കു താമസം മാറ്റുന്നത്. അന്നു പുതുപ്പള്ളിക്കാർക്കു കൊടുത്ത വാക്കാണ് എല്ലാ ഞായറാഴ്ചയും പുതുപ്പള്ളിയിൽ എത്തുമെന്നത്. 40 വർഷം മുടങ്ങാതെ ആ പതിവ് തുടർന്നു. പുതുപ്പള്ളിയെന്ന നാട് ഉമ്മൻ ചാണ്ടിയുടെ വികാരമായിരുന്നെങ്കിൽ പുതുപ്പള്ളി പള്ളി ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ എക്കാലവും ഉമ്മൻ ചാണ്ടിക്കു പ്രിയപ്പെട്ടവയായിരുന്നു. ലോകത്തെവിടെയാണെങ്കിലും ഞായറാഴ്ച പുലർച്ചെ പുതുപ്പള്ളി പള്ളിയിൽ കുർബാനയ്ക്ക് എത്തുന്നതായിരുന്നു ശീലം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേവാലയത്തിൽ എത്തുമ്പോൾ ഉമ്മൻ ചാണ്ടിക്കു മുഖ്യമന്ത്രിയുടെയോ എംഎൽഎയുടെയോ രാഷ്ട്രീയക്കാരന്റെയോ മേൽവിലാസം ഇല്ലായിരുന്നു. തീർത്തും സാധാരണക്കാരൻ. പള്ളിയുടെ പിൻഭാഗത്തെയോ വശത്തെയോ വാതിലിനോടു ചേർന്നാണു നിന്നിരുന്നത്. പള്ളിയുടെ നടയിൽ ഉമ്മൻ ചാണ്ടി ഇരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പല തവണ പ്രചരിച്ചിരുന്നു. ജീവിതത്തിലെ നിർണായക ഘട്ടങ്ങളിലും തീരുമാനങ്ങൾ എടുക്കേണ്ട അവസരങ്ങളിലും പള്ളിയിലോ പള്ളിക്കു മുന്നിലെ കുരിശിൻചുവട്ടിലോ എത്തി പ്രാർഥിക്കുന്നതു പതിവാണ്.
നേരംപുലരുമ്പോൾ മുതൽ ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്കു മുൻപിൽ ആളുകൾ വന്ന് പ്രാർഥിക്കാൻ തുടങ്ങി. അത് നേതാക്കളും സിനിമാക്കാരും സാധാരണക്കാരുമെന്ന വ്യത്യാസമില്ലാതെ. കേരളംകണ്ട ഏറ്റവും വലിയ വിലാപയാത്രയുടെ തുടർച്ചയെന്നോണം അവർ പൂക്കളും മെഴുകുതിരികളും ചെറിയ കുറിപ്പുകളുമായി വന്നു. ഒരു കൊച്ചുപെൺകുട്ടി ഇടയ്ക്കുവന്ന് കല്ലറയ്ക്ക് മുകളിൽ ഒരു കുറിപ്പ് ഒട്ടിച്ചു. ‘ഇൗ നാടിനുവേണ്ടി വീണ്ടും പ്രാർഥിക്കണമേ…’ ആ കുറിപ്പ് ഒരു ദൈവത്തിന് മുൻപിൽ സമർപ്പിക്കുംപോലെ. അത് മറിയാമ്മയുടെ മനസ്സിലും സ്നേഹത്തോടെ തൊട്ടു. ‘അത് എടുത്ത് െഫ്രയിംചെയ്തുവെച്ചാൽ നന്നായിരുന്നു,’ ഒപ്പംനിന്ന മകൾ മറിയം ഉമ്മനോട് പറയുന്നു. അപ്പോഴേക്കും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എത്തി. കാത്തിരുന്ന ബന്ധുവിനെ കണ്ടതുപോലെയുള്ള ഒരു തിരയിളക്കം. ചാണ്ടിഉമ്മനെ ചേർത്തുനിർത്തി ആശ്വസിപ്പിക്കുന്നു. കല്ലറയിൽ പൂക്കളിട്ട് മെഴുകുതിരി കത്തിച്ച് അല്പനേരം പ്രാർഥിച്ചു. ശേഷം കുടുംബാംഗങ്ങളോട് സംസാരിച്ചശേഷം അദ്ദേഹം യാത്ര പറയുന്നു. അപ്പോഴും ആളുകൾ വന്നുകൊണ്ടിരുന്നു.