പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരിൽ എരുമേലിയിൽ അയ്യപ്പഭക്തരെ കൊള്ളയടിച്ച് ലക്ഷങ്ങൾ തട്ടി ; പ്രമുഖ സ്വർണ്ണക്കട ഗ്രൂപ്പ് സൗജന്യമായി വിതരണം ചെയ്യാൻ നൽകിയ ഒരു ലക്ഷം തുണി സഞ്ചികൾ വിലയ്ക്ക് മറിച്ചുവിറ്റു; തട്ടിപ്പ് നടത്തിയത് പുണ്യം പൂങ്കാവനത്തിന്റെ ചാർജുള്ള എരുമേലി സ്റ്റേഷനിലെ പോലീസുകാരനും നെടുംങ്കുന്നം സ്വദേശിയായ റിട്ടയേർഡ് എസ്ഐയും ചേർന്ന്; നടത്തിയത് ലക്ഷങ്ങളുടെ തീവെട്ടികൊള്ള! തേർഡ് ഐ എക്സ്ക്ലൂസീവ് !
ഏ.കെ ശ്രീകുമാർ
എരുമേലി: മണ്ഡലകാലത്ത് അയ്യപ്പഭക്തർ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകൾ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടിൽ നിന്ന് കരകയറാൻ പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരിൽ പ്രമുഖ സ്വർണ്ണക്കട ഗ്രൂപ്പ് സൗജന്യമായി വിതരണം ചെയ്യാൻ
എരുമേലിയിലേക്ക് നലകിയ തുണി സഞ്ചികൾ മറിച്ച് വിറ്റ് ലക്ഷങ്ങൾ തട്ടി
എരുമേലിയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യമായി നൽകുന്നതിനാണ് ഈ തുണിസഞ്ചികൾ ജ്വല്ലറി ഗ്രൂപ്പ് നൽകിയത്. എന്നാൽ പതിനായിരത്തിനടുത്ത് തുണിസഞ്ചികൾ സൗജന്യമായി നൽകുകയും ബാക്കി തുണി സഞ്ചികൾ 20 രൂപ മുതൽ 30 രൂപ വരെ വിലയ്ക്ക് വിറ്റുതീർക്കുകയുമാണ് ചെയ്തത്. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപയാണ് പുണ്യം പൂങ്കാവനം പദ്ധതിയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ തട്ടിയെടുത്തത്. കാഞ്ഞിരപ്പളളി സ്വദേശിയായ സീനിയർ സിവിൽ പൊലീസ് ഓഫീസറും, റിട്ടയർ ചെയ്ത നെടുംകുന്നം സ്വദേശിയായ എസ് ഐയും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിൽ റിട്ടയർ ചെയ്ത ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും പങ്കുള്ളതായി സൂചനയുണ്ട്. ഇതിന്റെ വീതം ആർക്കൊക്കെ കിട്ടി എന്ന് മാത്രമെ ഇനി അറിയേണ്ടതുള്ളു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വർഷവും എരുമേലിയിൽ പാർക്കിംഗിൻ്റെ പേരിൽ സിഐ വ്യാപകമായി കൈക്കൂലി വാങ്ങിച്ചിരുന്നു. ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടതും തേർഡ് ഐ ന്യൂസായിരുന്നു. പിന്നീട് ഈ സംഭവം ശരിയാണെന്ന് കണ്ടെത്തി സ്പ്യെഷൽ ബ്രാഞ്ച് റിപ്പോർട്ട് നല്കുകയും തുടർന്ന് അന്നത്തെ എരുമേലി സി ഐ ആയിരുന്ന മനോജ് സസ്പെൻഷനിൽ പോവുകയും ചെയ്തിരുന്നു. അതിൻ്റെ തുടർച്ചയെന്നോണമാണ് എരുമേലിയേയും ശബരിമലയേയും കളങ്കിതമാക്കാൻ പോലീസിൻ്റെ ഭാഗത്ത് നിന്ന് ഇത്തരം ഗുരുതരമായ നിയമ ലംഘനം നടന്നിട്ടുള്ളത്.
എന്നാൽ പുണ്യം പൂങ്കാവനം പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പിൽ എരുമേലി സി.ഐക്കും , എസ് ഐക്കും, പങ്കില്ലെന്ന സൂചനയും തേർഡ് ഐ ന്യൂസിന്റെ അന്വേഷണത്തിൽ മനസിലായി.
വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തർ പ്ലാസ്റ്റിക് കവറുകൾ കൊണ്ടുവരികയും ഇത് വനത്തിലടക്കം വലിച്ചെറിയുകയും ചെയ്യുന്നത് മാലിന്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ഇവ ഭക്ഷിച്ച് വന്യമൃഗങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് പതിവാണ്.
ഇതിനെ തടയാനായാണ് ശബരിമലയിൽ പ്ലാസ്റ്റിക് കൊണ്ടുവരരുതെന്ന് കർശന നിയന്തണമുണ്ടായിരുന്നത് . ഇതിൻ്റെ ചുവടുപിടിച്ചാണ് വൻ അഴിമതി നടന്നത് .
മുൻപെങ്ങും ഇല്ലാത്ത തരത്തിലുള്ള തിരക്കാണ് ഇത്തവണ ശബരിമലയിൽ ഉണ്ടായത്. തിരക്ക് കൂടിയ സാഹചര്യത്തിലും വളരെ ഭംഗിയായി ശബരിമല ദർശനത്തിന് കുറ്റമറ്റ രീതിയിലുള്ള സൗകര്യവും സുരക്ഷയുമൊരുക്കാൻ കേരള പോലീസിന് സാധിച്ചിരുന്നു. യാതൊരു പരാതിയുമില്ലാതെ അങ്ങേയറ്റം ഭംഗിയായി തന്നെയാണ് പോലീസ് ഉത്തരവാദിത്വം നിറവേറ്റിയത്. എന്നാൽ എരുമേലിയിലെ ഈ പേരുദോഷം കേരള പോലീസിന് തീരാകളങ്കമായി മാറുകയാണ്.