
കോട്ടയം: കോട്ടയം നഗരത്തിലെ പുതിയ ഗതാഗത പരിഷ്കാരത്തെ കുറിച്ച് യാത്രക്കാർക്ക് വിഭിന്ന അഭിപ്രായങ്ങളുണ്ട്. എന്നാൽ ഒരു യാത്രക്കാരൻ ഇത്ര ഉച്ചത്തിൽ പ്രതിഷേധിക്കുന്നത് ഇതാദ്യമാണ്. “നിർത്തടാ ഇവിടെ” എന്നലറുകയായിരുന്നു.
ചുങ്കം വഴി കോട്ടയത്തേക്കുവന്ന മി ല്ലേറിയം ബസിൽ ഇന്നു രാവിലെയായിരുന്നു സംഭവം. ബസ് സി എം എസ് കോളജ് കഴിഞ്ഞപ്പോൾ ഒരു വൃദ്ധൻ ചാടിയെഴുന്നേറ്റ് ചവിട്ടുപടി ഭാഗത്തേക്ക് നീങ്ങി. അത്യവശ്യക്കാരനാണന്നു മനസിലായി. ദീപികയ്ക്ക് മുൻവശം എത്തിയപ്പോൾ ചവിട്ടുപടിയിലേക്ക് ഇറങ്ങി. ബസ് ബേക്കർ ജംഗ്ഷനിലെ ട്രാഫിക് ഐലന്റിലേക്ക് നീങ്ങിയതോടെ രോഷാകുലനായ വൃദ്ധൻ നിർത്തടാ ഇവിടെ എന്നലറി. ഇതു കേട്ട് യാത്രക്കാർ ഒന്നടങ്കം ചിരിച്ചു.
അപ്പോഴും ഒന്നുമറിയാതെ വ്യദ്ധൻ പകച്ചു നോക്കുന്നുണ്ടായിരുന്നു. യാത്രക്കാർ തന്നെ നോക്കി ചിരിക്കുന്നതു കണ്ടപ്പോൾ എന്തോ പന്തികേട് ഉണ്ടെന്നു മനസിലായി. വൃദ്ധൻ എല്ലാവരുടേയും മുഖത്തേക്ക് നോക്കി. കനത്ത നിശബ്ദത. എന്തോ പിറുപിറുത്തു കൊണ്ട് അദ്ദേഹം ചവിട്ടുപടിയിൽ നിലയുറപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസ് ശാസ്ത്രീ റോഡിൽ കയറി നിർത്തിയതോടെ രോഷാകുലനായി വേഗത്തിലിറങ്ങി പുറകോട്ട് നടന്നു വൃദ്ധൻ . എവിടെയോ അത്യാവശ്യത്തിന് പോകാനിറങ്ങിയതാ . സ്റ്റോപ്പ് മാറ്റിയ വിവരമൊന്നും കക്ഷി അറിഞ്ഞിട്ടില്ല.
നഗരത്തിലെ ഗതാഗത പരിഷ്കാരമെന്നും ഈ വൃദ്ധൻ അറിഞ്ഞിട്ടില്ല.
പതിവു പോല ബേക്കർ ജംഗ്ഷനിൽ ബസ് നിർത്താതെ വഴിമാറി പോകുന്നതു കണ്ടാണ് നിർത്തടാ എന്നലറിയത്. അടുത്ത നാളിലെങ്ങും കോട്ടയത്തേക്ക് ഇദ്ദേഹം വന്നിട്ടില്ലെന്നു തോന്നുന്നു. പത്രവും വായിക്കാറില്ലായിരിക്കും. എന്തായാലും പുതിയ പരിഷ്കാരം പലയാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്നു എന്ന് വ്യക്തം.