പോര്‍ട്ട് ബ്ലെയർ ഇനി മുതല്‍ ശ്രീ വിജയപുരം ; ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് തലസ്ഥാനത്തിന്റെ പേര് മാറ്റി കേന്ദ്രം ; ബ്രിട്ടീഷ് കോളനിവത്കരണ പാരമ്പര്യത്തിന്റെ അടയാളങ്ങള്‍ രാജ്യത്തു നിന്നു പൂര്‍ണമായി ഒഴിവാക്കുകയെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടില്‍ നിന്നുള്ള പ്രചോദനം
സ്വന്തം ലേഖകൻ
പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്റെ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിന്റെ പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍. ഇനി മുതല്‍ ശ്രീ വിജയപുരം എന്നായിരിക്കും തലസ്ഥാനത്തിന്റെ പുതിയ പേര്. മാറ്റം സംബന്ധിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപനം നടത്തി. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പേര് മാറ്റം സംബന്ധിച്ച് എക്‌സില്‍ അദ്ദേഹം കുറിപ്പ് പോസ്റ്റ് ചെയ്തു. പേരുമാറ്റത്തിനു കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷ് കോളനിവത്കരണ പാരമ്പര്യത്തിന്റെ അടയാളങ്ങള്‍ രാജ്യത്തു നിന്നു പൂര്‍ണമായി ഒഴിവാക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടില്‍ നിന്നുള്ള പ്രചോദനമാണ് പേര് മാറ്റത്തിനു പിന്നിലെന്നു അമിത് ഷാ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുന്‍പുണ്ടായിരുന്ന പേര് ബ്രിട്ടീഷ് കോളനി പാരമ്പര്യത്തിന്റെ പ്രതീകമാണ്. എന്നാല്‍ പുതിയ പേര് സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ സവിശേഷ പങ്കിനെ അടയാളപ്പെടുത്തുന്നതാണെന്നു അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമാനതകളില്ലാത്ത സ്ഥാനമുണ്ട്. ഒരു കാലത്ത് ചോള സാമ്രാജ്യത്തിന്റെ നാവിക കേന്ദ്രമായിരുന്നു ഇവിടം. ഇന്ന് രാജ്യത്തിന്റെ തന്ത്രപരവും വികസന അഭിലാഷങ്ങളുടെ നിര്‍ണായക അടിത്തറയായി നില കൊള്ളുന്ന പ്രദേശവുമാണെന്നു അദ്ദേഹം വ്യക്തമാക്കി.
2018ലും കേന്ദ്രം ആന്‍ഡമാനിലെ മൂന്ന് ദ്വീപുകളുടെ പേരുകള്‍ മാറ്റിയിരുന്നു. നേതാജി സുഭാഷ് ചന്ദ്ര ബോസിനുള്ള ആദരമായാണ് പേരുകള്‍ അന്നു മാറ്റിയത്. റോസ് അയലന്‍ഡ്, നെയ്ല്‍ അയലന്‍ഡ്, ഹാവ്‌ലോക്ക് അയലന്‍ഡ് എന്നിവയുടെ പേരുകള്‍ യഥാക്രമം നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ്, ഷഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നിങ്ങനെയാണ് മാറ്റിയത്. പിന്നാലെയാണ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം തലസ്ഥാനത്തിന്റെയും പേരുമാറ്റം.