play-sharp-fill
അമിതജോലി സമ്മര്‍ദ്ദം, അവധിയില്ല, കുടുംബ പ്രശ്നവും, മദ്യപാനവും കേരളാ പോലീസില്‍ ആത്മഹത്യ പെരുകുന്നു; ഒരാഴ്ചയ്ക്കിടെ ജീവനൊടുക്കിയത് 6 പോലീസുകാര്‍;  ഇന്നലെ ആത്മഹത്യ ചെയ്തത് കോട്ടയംകാരനായ എസ്ഐ: വ്യാഴാഴ്ച ഇടുക്കിയിൽ ആത്മഹത്യ ചെയ്തത് 30കാരനായ പോലീസുകാരൻ; നാല് വര്‍ഷത്തിനിടെ ഉണ്ടായത് 75 ആത്മഹത്യകൾ; ആത്മഹത്യ ചെയ്യുന്നത് സിവിൽ പോലീസുകാരൻ മുതൽ ഡിവൈഎസ്പി വരെയുള്ളവർ; അമിത ജോലിഭാരവും മാനസിക സമ്മർദ്ദവും, മേലുദ്യോഗസ്ഥരുടെ പീഡനവും കാരണം  സ്വയം വിരമിക്കാൻ ഗ്ലാമർ ജോലിയായ പോലീസ് പണി വേണ്ടെന്ന് വയ്ക്കുന്നത് നിരവധി പേർ…..

അമിതജോലി സമ്മര്‍ദ്ദം, അവധിയില്ല, കുടുംബ പ്രശ്നവും, മദ്യപാനവും കേരളാ പോലീസില്‍ ആത്മഹത്യ പെരുകുന്നു; ഒരാഴ്ചയ്ക്കിടെ ജീവനൊടുക്കിയത് 6 പോലീസുകാര്‍; ഇന്നലെ ആത്മഹത്യ ചെയ്തത് കോട്ടയംകാരനായ എസ്ഐ: വ്യാഴാഴ്ച ഇടുക്കിയിൽ ആത്മഹത്യ ചെയ്തത് 30കാരനായ പോലീസുകാരൻ; നാല് വര്‍ഷത്തിനിടെ ഉണ്ടായത് 75 ആത്മഹത്യകൾ; ആത്മഹത്യ ചെയ്യുന്നത് സിവിൽ പോലീസുകാരൻ മുതൽ ഡിവൈഎസ്പി വരെയുള്ളവർ; അമിത ജോലിഭാരവും മാനസിക സമ്മർദ്ദവും, മേലുദ്യോഗസ്ഥരുടെ പീഡനവും കാരണം സ്വയം വിരമിക്കാൻ ഗ്ലാമർ ജോലിയായ പോലീസ് പണി വേണ്ടെന്ന് വയ്ക്കുന്നത് നിരവധി പേർ…..

കോട്ടയം: അമിതമായ ജോലി ഭാരവും മേലുദ്യോഗസ്ഥരില്‍നിന്നുള്ള സമ്മർദവും കുടുംബ പ്രശ്നവും,മദ്യപാനവും മൂലം പോലീസുകാരുടെ ആത്മഹത്യ കേരള പോലീസിൽ പെരുകയാണ്.

ഒരാഴ്ചയ്ക്കിടെ ജീവനൊടുക്കിയത് 6 പോലീസുകാർ. ഒടുവിലത്തേത് ഇന്നലെ ആത്മഹത്യ ചെയ്ത കോട്ടയം കഞ്ഞിക്കുഴി സ്വദേശിയും വിഴിഞ്ഞം സബ് ഇൻസ്പെക്ടറുമായ കുരുവിള ജോർജ് ആണ്. നാല് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് എഴുപത്തി അഞ്ചോളം പോലീസ് ഉദ്യോഗസ്ഥരാണ്. ആത്മഹത്യ ചെയ്യുന്നത് സിവിൽ പോലീസുകാരൻ മുതൽ ഡിവൈഎസ്പി റാങ്കിലുള്ളവർ വരെയാണ്.

കടുത്ത ജോലി സമ്മർദ്ദവും അവധി ഇല്ലായ്മയും, മേലുദ്യോഗസ്ഥരുടെ വിരട്ടും മൂലം ഗ്ലാമർ ജോലിയായ പോലീസ് പണി വേണ്ടെന്നുവച്ച് സ്വയം വിരമിക്കലിന് അപേക്ഷ നൽകിയത് നൂറുകണക്കിന് പോലീസുകാരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാടിന് കാവലാകേണ്ട, സാധാരണക്കാർക്ക് താങ്ങാകേണ്ട കേരളത്തിന്റെ കാക്കിപ്പട മാനസികമായും, ശാരീരികമായും തളരുകയാണ്. മാനസിക സമ്മർദ്ദം നേരിടാൻ കഴിയാതെ അവർ സ്വയം ജീവിതം അവസാനിപ്പിക്കുകയാണ്.

പോലീസുകാർക്കിടയിലെ ആത്മഹത്യയും മാനസിക സംഘർഷവും കുറക്കുന്നതിന് സർക്കാർ ഒൻപത് നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആത്മഹത്യാ പ്രവണതയും മാനസിക സമ്മർദവുമുള്ളവരെ കണ്ടെത്തി കൗണ്‍സലിംഗ് നല്‍കുക, ജോലി സംബന്ധമായ പരാതികളും വ്യക്തിപരമായ വിഷമങ്ങളും അവതരിപ്പിക്കാൻ മെന്ററിംഗ് സംവിധാനം ശക്തമാക്കുക, ആഴ്ചയിലെ ഓഫും അനുവദനീയമായ അവധികളും പരമാവധി നല്‍കുക, മാനസിക പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ സഹപ്രവർത്തകരുടെ ആത്മാർഥമായ ഇടപെടല്‍, യോഗ പരിശീലനം വ്യാപകമാക്കല്‍, പോലീസുകാരുടെ മാനസിക സമ്മർദം കുറക്കാൻ തിരുവനന്തപുരത്ത് സ്ഥാപിച്ച ഹെല്‍പ്പ് ആൻഡ് അസ്സിസ്റ്റൻസ് ടു പായ്ക്ക് സ്‌ട്രെസ്സ് എല്ലാ ജില്ലകളിലും സ്ഥാപിക്കുക എന്നിങ്ങനെ ഒൻപതിന നിർദേശങ്ങളാണ് നല്‍കിയത്.

മാനസിക സമർദ്ദമുണ്ടാകുന്ന സമയങ്ങളില്‍ സഹപ്രവർത്തകരുടെ ഭാഗത്തുനിന്നും സമയോചിതമായ ഇടപെടലുകളുണ്ടാകണമെന്നും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പോലീസ് ഉദ്യോഗസ്ഥർക്ക് യോഗ പോലുള്ള ശാരീരിക വ്യായാമങ്ങള്‍ക്കുള്ള പരിശീലനം നല്‍കേണ്ടതുണ്ടെന്നും ജീവിതശൈലി രോഗങ്ങളില്‍ കൃത്യസമയത്ത് ആവശ്യമായ ചികിത്സ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തണമെന്നും സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

മാനസികമായ പിരിമുറുക്കം കുറയ്ക്കാൻ പോലീസ് ഉദ്യോഗസ്ഥരെ സ്വയം പര്യാപ്തരാക്കണമെന്നും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സർക്കുലർ പറയുന്നു. പോലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്യുന്ന വാർത്തകള്‍ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യം പരിഗണിച്ച്‌ ഇത്തരമൊരു സർക്കുലർ ഇറക്കിയത്.

2019ല്‍ ഇരുപത്, 2020ല്‍ പത്ത്, 2021ല്‍ എട്ട്, 2022ല്‍ ഇരുപത്, 2023ല്‍ പതിമൂന്ന് എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്ത പോലീസുകാരുടെ എണ്ണം.

തിരുവനന്തപുരം റൂറലിലാണ് കൂടുതല്‍ ആത്മഹത്യ-10 പേർ. രണ്ടാമത് ആലപ്പുഴയും എറണാകുളം റൂറലും-7 പേർ വീതം. കുടുംബപരമായ കാരണങ്ങളാല്‍ 30 പേർ ആത്മഹത്യ ചെയ്തു. ആരോഗ്യകാരണങ്ങളാല്‍ 5 പേരും, വിഷാദരോഗത്താല്‍ 20 പേരും, ജോലി സമ്മർദത്താല്‍ 7 പേരും, സാമ്പത്തിക കാരണങ്ങളാല്‍ 5 പേരും ആത്മഹത്യ ചെയ്തു. രണ്ട് ആത്മഹത്യകളുടെ കാരണം ഇനിയും വ്യക്തമല്ല.

ഉന്നത ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം, ലീവില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ, രാഷ്ട്രീയക്കാർക്കും ഭരണാധികാരികള്‍ക്കും അടിമപ്പണി ചെയ്യേണ്ട ഗതികേട്, അമിത മദ്യപാനം തുടങ്ങിയവയാണ് ആത്മഹത്യയ്ക്ക് കാരണം.

കോഴിക്കോട് സിറ്റിയില്‍ നിന്നാണ് കൂടുതല്‍ പേർ ഗ്ലാമർ ജോലി ഉപേക്ഷിക്കാൻ അപേക്ഷ നൽകിയത്-22 പേർ. രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്തുനിന്ന് 18 പേരും മൂന്നാം സ്ഥാനത്തുള്ള കോട്ടയത്തുനിന്ന് 15 പേരും സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി.

ആരോഗ്യപ്രശ്നങ്ങളാല്‍ 64 പേരാണ് സ്വയം വിരമിക്കലിന് അപേക്ഷിച്ചത്. കുടുംബപ്രശ്നങ്ങള്‍ കാരണം 27 പേരും മേലുദ്യോഗസ്ഥരുടെ മോശമായ ഇടപെടല്‍ കാരണം 3 പേരും വിദേശ ജോലിക്കായി 7 പേരും സ്വന്തമായി സംരംഭം തുടങ്ങാൻ 3 പേരും അപേക്ഷ നല്‍കി.