
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പോലീസ് സ്റ്റേഷന്റെ ഗേറ്റ് താഴിട്ട് പൂട്ടി അമ്പൂരി സ്വദേശി. വെള്ളറട പോലീസ് സ്റ്റേഷന്റെ ഗേറ്റാണ് നോബി തോമസ് താഴിട്ട് പൂട്ടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെയാണ് സംഭവം നടന്നത്. മര്‍ദനത്തിലേറ്റ പരിക്കുകളുമായി പരാതി പറയാനാണ് നോബി സ്റ്റേഷനിലെത്തിയത്. മുറിവുകളുമായി എത്തിയ ഇയാളോട് ആശുപത്രിയില്‍ ചികിത്സതേടാൻ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ഉടൻ കേസെടുക്കണമെന്നായിരുന്നു നോബിയുടെ ആവശ്യം. പോലീസുകാര്‍ കൂടി വരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. കേസെടുക്കാൻ പറ്റില്ലെങ്കില്‍ സ്റ്റേഷൻ പൂട്ടിയിട്ടു പോകാനും പ്രതി പോലീസുകാരോട് പറഞ്ഞു. എന്നാല്‍, ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ പോകാനാണ് പോലീസ് വീണ്ടും നിര്‍ദ്ദേശിച്ചത്. ഇതില്‍ പ്രകോപിതനായ നോബി ഗേറ്റ് വലിച്ചടച്ച് ബൈക്കില്‍ ആശുപത്രിയിലേക്കു പോകുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് വൈകിട്ടോടെ വീണ്ടും വെള്ളറട സ്റ്റേഷനിലെത്തിയ ഇയാള്‍ പുതിയ താഴ് ഉപയോഗിച്ച് സ്‌റ്റേഷന്റെ മുൻവശത്തെ ഗേറ്റ് പൂട്ടുകയായിരുന്നു. ഇതിന് ശേഷം ഇയാള്‍ ബൈക്കില്‍ കടന്നുകളഞ്ഞു. ഏകദേശം അര മണിക്കൂറോളം ഗേറ്റ് അടഞ്ഞ് കിടന്നു. സ്റ്റേഷനില്‍ എത്തിയവര്‍ക്ക് അകത്തു കടക്കാനും സാധിച്ചില്ല. ഗേറ്റ് പൂട്ടിയ കാര്യം പോലീസുകാരും അറിഞ്ഞില്ല. ശേഷം നാട്ടുകാര്‍ അറിയച്ചപ്പോഴാണ് പോലീസ് വിവരം അറിഞ്ഞത്. തുടര്‍ന്ന്, ചുറ്റിക ഉപയോഗിച്ചാണ് താഴ് തകര്‍ത്തത്. പോലീസ് പ്രതി നോബിയെ അറസ്റ്റ് ചെയ്തു.