play-sharp-fill
ഡയറക്‌ട്‌ എസ്‌.ഐമാര്‍ക്ക്‌ പരിഗണന; പ്രമോട്ടര്‍ എസ്‌.ഐമാര്‍ക്ക്‌ അവഗണന; സംസ്‌ഥാന പോലീസിലെ രണ്ടു നീതി അവസാനിപ്പിക്കണമെന്നാവശ്യവുമായി പ്രമോട്ടര്‍ എസ്‌.ഐമാര്‍

ഡയറക്‌ട്‌ എസ്‌.ഐമാര്‍ക്ക്‌ പരിഗണന; പ്രമോട്ടര്‍ എസ്‌.ഐമാര്‍ക്ക്‌ അവഗണന; സംസ്‌ഥാന പോലീസിലെ രണ്ടു നീതി അവസാനിപ്പിക്കണമെന്നാവശ്യവുമായി പ്രമോട്ടര്‍ എസ്‌.ഐമാര്‍

സ്വന്തം ലേഖിക

കുന്നംകുളം: സംസ്‌ഥാന പോലീസിലെ രണ്ടു നീതി അവസാനിപ്പിക്കണമെന്നാവശ്യവുമായി പ്രമോട്ടര്‍ എസ്‌.ഐമാര്‍ രംഗത്ത്‌.

പോലീസില്‍ ഡയറക്‌ട്‌ എസ്‌.ഐമാര്‍ക്ക്‌ പരിഗണനയും പ്രമോട്ടര്‍ എസ്‌.ഐമാര്‍ക്ക്‌ അവഗണനയുമാണെന്ന്‌ ആക്ഷേപം. ആഭ്യന്തര വകുപ്പ്‌ പ്രമോട്ടര്‍ എസ്‌.ഐമാരെ രണ്ടാംകിട പോലീസ്‌ ഓഫീസര്‍മാരായാണ്‌ കണക്കാക്കുന്നത്‌. ഡയറക്‌ട്‌ എസ്‌.ഐമാര്‍ക്ക്‌ നല്‍കുന്ന ആനുകൂല്യങ്ങളില്‍ പ്രമോട്ടര്‍ എസ്‌.ഐമാര്‍ മാര്‍ക്ക്‌ നല്‍കാതെ അവരെ അവഗണിക്കുന്നതായി പ്രമോട്ടര്‍ എസ്‌.ഐമാര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള പോലീസ്‌ മാനുവലില്‍ പറയുന്ന ഒന്ന്‌: ഒന്ന്‌ അനുപാതത്തില്‍ എസ്‌.ഐ. സ്‌റ്റേറ്റ്‌ സീനിയോറിറ്റി ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ച്‌ ഡയറക്‌ട്‌ പ്രമോട്ടര്‍ എസ്‌.ഐമാര്‍ക്ക്‌ തുല്യരീതിയില്‍ എസ്‌.എച്ച്‌.ഒ. പ്രമോഷന്‍ നടത്തണം. പി.എസ്‌.സി. ഡയറക്‌ട്‌ എസ്‌.ഐ. വേക്കന്‍സിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നതിനു മുന്‍പ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ പ്രമോട്ടര്‍ എ.എസ്‌.ഐ, എസ്‌.ഐ. പ്രമോഷന്‍ നടത്തണമെന്നാണ് പോലീസുകാര്‍ ആവശ്യപ്പെട്ടന്നത്.

കേരള പോലീസില്‍ സര്‍വീസില്‍ കയറുന്നവര്‍ 17 വര്‍ഷത്തിനു ശേഷമാണ്‌ സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസറും പിന്നീട്‌ എ.എസ്‌.ഐയും തുടര്‍ന്ന്‌ എസ്‌.ഐ. പ്രമോഷനും ലഭിക്കുന്നത്‌.

കൃത്യമായി റെഗുലറൈസേഷന്‍ നടത്തി പ്രബേഷന്‍ ഡിക്ലയര്‍ ചെയ്‌ത്‌ അതാത്‌ റേഞ്ചില്‍ നിന്ന്‌ അയച്ചുകൊടുക്കുന്നതിന്റെ അടിസ്‌ഥാനത്തിലാണ്‌ സ്‌റ്റേറ്റ്‌ എസ്‌.ഐ. സീനിയോറിറ്റി ലിസ്‌റ്റില്‍ ഇടം ലഭിക്കുന്നത്‌. സീനിയോററ്റി തര്‍ക്കത്തെ തുടര്‍ന്ന്‌ ഹൈക്കോടതി കേസിന്റെ അടിസ്‌ഥാനത്തിന്‍ 2013 മുതല്‍ 18 വരെ പ്രമോഷനുകള്‍ നടന്നിരുന്നില്ല.

ഈ സമയത്ത്‌ എസ്‌.ഐ. ഒഴിവുകളിലേക്ക്‌ ഡയറക്‌ട്‌ എസ്‌.ഐമാരെ കൂട്ടത്തോടെ നിയമിച്ചിരുന്നു. കേരള പോലീസ്‌ മാനുവലില്‍ പറയുന്ന ഒന്ന്‌: ഒന്ന്‌ അനുപാതം പ്രമോട്ടര്‍ എസ്‌.ഐമാരുടെ കാര്യത്തില്‍ നടത്തുന്നില്ലെന്നാണ്‌ ആക്ഷേപം. ഡയറക്‌ട്‌ എസ്‌.ഐമാരായി കയറിയവര്‍ ഏഴു വര്‍ഷംകൊണ്ട്‌ എസ്‌.എച്ച്‌.ഒമാരാകുമ്ബോള്‍ പ്രമോട്ടര്‍ എസ്‌.ഐമാരെ ഇവിടെയും അവഗണിക്കുകയാണ്‌.

എന്നാല്‍ 30 വര്‍ഷത്തിലധികം സര്‍വീസുള്ള പ്രമോട്ടര്‍ എസ്‌.ഐമാര്‍ക്ക്‌ ലഭിക്കേണ്ട എസ്‌.എച്ച്‌. പ്രമോഷന്‍ ലഭിക്കാതെ എസ്‌.ഐ. തസ്‌തികയില്‍ തന്നെ പെന്‍ഷനാകേണ്ട ഗതികേടാണ്‌ നിലവിലുള്ളത്‌. 2019 ഏപ്രില്‍ ഒന്നുമുതല്‍ കേരളത്തിലെ സ്‌റ്റേഷനുകളിലെ 260 എസ്‌.ഐ. പോസ്‌റ്റുകള്‍ അപ്‌ഗ്രേഡ്‌ ചെയ്‌ത്‌ എസ്‌.എച്ച്‌.ഒ. എന്ന പുതിയ തസ്‌തിക സൃഷ്‌ടിച്ചു.

ഇതിനെ തുടര്‍ന്ന്‌ എല്ലാ പോസ്‌റ്റിലും ഡയറക്‌ടര്‍ എസ്‌.ഐമാരെ പോസ്‌റ്റ്‌ ചെയ്‌തപ്പോള്‍ 130 പ്രമോട്ടര്‍ എസ്‌.ഐ. ഒഴിവുകള്‍ നീക്കം ചെയ്‌തു. ഇതിന്റെ ഫലമായി പലരുടെയും പ്രമോഷന്‍ സാധ്യതകള്‍ ഇല്ലാതാവുകയാണ്‌ ചെയ്‌തത്‌.

2019 നുശേഷം പ്രമോഷന്‍ കൃത്യമായി നടക്കുന്നില്ല. സര്‍ക്കാര്‍ ഉത്തരവില്ലാതെ ഇപ്പോള്‍ പല സ്‌റ്റേഷനുകളിലും പ്രമോട്ടര്‍ എസ്‌.ഐമാരെ ക്രൈം എസ്‌.ഐമാരായി എസ്‌.എച്ച്‌.ഒമാര്‍ പോസ്‌റ്റ്‌ ചെയ്യുന്നുണ്ട്‌. ഇതിന്റെ ഫലമായി പല സ്‌റ്റേഷനുകളിലും ഡയറക്‌ട്‌ പ്രമോട്ടര്‍ എസ്‌.ഐമാരുടെ പോര്‌ മുറുകുകയാണ്‌.

ഡയറക്‌ട്‌ എസ്‌.ഐയ്‌ക്ക്‌ സ്‌പെഷല്‍ മുറിയും സംരക്ഷണവും നല്‍കുന്ന ഡിപ്പാര്‍ട്ട്‌മെന്റ്‌ സേനയുടെ നട്ടെല്ലായ ദീര്‍ഘകാലം സര്‍വീസുള്ള പ്രമോട്ടര്‍ എസ്‌.ഐമാരെ അവഗണിക്കുകയാണ്‌ ചെയ്യുന്നത്‌.

ഇതിന്‌ പരിഹാരമായി പ്രമോട്ടര്‍ എസ്‌.ഐ. സീനിയോറിറ്റി ലീസ്‌റ്റും അതോടൊപ്പം കൂട്ടത്തോടെ എടുക്കുന്ന ഡയറക്‌ട്‌ എസ്‌.ഐമാരുടെ സീനിയോറിറ്റി ലിസ്‌റ്റും പ്രത്യേകം പ്രസിദ്ധീകരിക്കണം.