play-sharp-fill
പൊലീസ് സ്‌റ്റേഷനിലെ കൈയാങ്കളി;  എസ്‌.ഐയെ ക്യാമ്പിലേക്ക്‌ മാറ്റി;  സി.പി.ഒക്കെതിരേയും നടപടിയുണ്ടാകും

പൊലീസ് സ്‌റ്റേഷനിലെ കൈയാങ്കളി; എസ്‌.ഐയെ ക്യാമ്പിലേക്ക്‌ മാറ്റി; സി.പി.ഒക്കെതിരേയും നടപടിയുണ്ടാകും

സ്വന്തം ലേഖിക

റാന്നി: പൊലീസ്‌ സ്‌റ്റേഷനിലെ വിശ്രമ മുറിയില്‍ നടന്ന കൈയാങ്കളിയുടെ പേരില്‍ എസ്‌.ഐയ്‌ക്ക്‌ എതിരേ നടപടി.

പൊലീസുകാരനെതിരേയും അച്ചടക്ക നടപടിക്ക്‌ ശുപാര്‍ശ. സിവില്‍ പോലീസ്‌ ഓഫീസറെ മര്‍ദിച്ചുവെന്ന പരാതിയിന്മേല്‍ ഗ്രേഡ്‌ എസ്‌.ഐയെ പത്തനംതിട്ട എ.ആര്‍ ക്യാമ്പിലേക്ക്‌ മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്‌.ഐ എസ്‌.കെ അനിലിനെയാണ്‌ ജില്ലാ പോലീസ്‌ മേധാവി അച്ചടക്ക നടപടിയുടെ ഭാഗമായി ക്യാമ്പിലേക്ക്‌ മാറ്റിയത്‌. ഇയാള്‍ക്കെതിരായ വകുപ്പു തല നടപടി തുടരും.

അനിലിന്റെ അടി കൊണ്ട സിവില്‍ പോലീസ്‌ ഓഫീസര്‍ വി. സുബിനെതിരേയും നടപടിയുണ്ടാകും. കഴിഞ്ഞ അഞ്ചിന്‌ രാത്രി എട്ട് മണിയോടെയാണ്‌ സംഭവം നടന്നത്‌. തന്നെ വേണ്ട വിധത്തില്‍ സുബിന്‍ ബഹുമാനിക്കുന്നില്ലെന്ന്‌ ഒരാക്ഷേപം അനിലിനുണ്ടായിരുന്നു.

അതിനിടെയാണ്‌ അവധിയെടുത്ത്‌ വീട്ടില്‍ പോയ സുബിന്‍ പോലീസ്‌ സ്‌റ്റേഷനിലെ ശിശുസൗഹൃദ മുറിയില്‍ വന്നു കിടന്നത്‌. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമായി.
ഒടുവില്‍ അടിപിടിയും നടന്നു.

ചെകിടത്തും ശരീരത്തുമായി നാല് തവണ അടിച്ചുവെന്നും കൈ പിടിച്ച്‌ തിരിച്ചുവെന്നുമാണ്‌ സുബിന്‍ പറയുന്നത്‌. ഇതു സംബന്ധിച്ച്‌ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്‌ ചെയ്‌തതോടെ ജില്ലാ പോലീസ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടു.

ഡിവൈ.എസ്‌.പിയ്‌ക്കായിരുന്നു അന്വേഷണ ചുമതല. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം എസ്‌എച്ച്‌ഓ എംആര്‍ സുരേഷ്‌ അന്വേഷിച്ച്‌ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി. പ്രാഥമിക നടപടി എന്ന നിലയിലാണ്‌ എ.ആര്‍ ക്യാമ്പിലേക്കുളള മാറ്റം.
തുടരന്വേഷണത്തിന്‌ ശേഷം കൂടുതല്‍ നടപടി ഉണ്ടാകും.