play-sharp-fill
കൊലക്കേസ് പ്രതിയെ തിരഞ്ഞുപോയ പൊലീസുകാരുടെ വള്ളം മറിഞ്ഞു; ഒരു ഉദ്യോഗസ്ഥൻ മരിച്ചു

കൊലക്കേസ് പ്രതിയെ തിരഞ്ഞുപോയ പൊലീസുകാരുടെ വള്ളം മറിഞ്ഞു; ഒരു ഉദ്യോഗസ്ഥൻ മരിച്ചു

സ്വന്തം ലേഖിക

തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രതിയെ തിരഞ്ഞുപോയ വള്ളം മറിഞ്ഞ് പൊലീസുകാരന്‍ മരിച്ചു.

എസ്എപി ക്യാമ്പിലെ പൊലീസുകാരന്‍ ആലപ്പുഴ പുന്നപ്ര സ്വദേശി ബാലുവാണ് മരിച്ചത്. വര്‍ക്കല ഇടവ പണയിക്കടവിലാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോത്തന്‍കോട് കൊലക്കേസിലെ പ്രധാനപ്രതി ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് വര്‍ക്കല സി.ഐ.യും മൂന്ന് പൊലീസുകാരും അടങ്ങുന്ന സംഘം വള്ളത്തില്‍ തുരുത്തിലേക്ക് പോകുമ്പോളായിരുന്നു അപകടം.

വള്ളം മുങ്ങിയതോടെ സിഐയും രണ്ടു പോലീസുകാരും നീന്തി രക്ഷപ്പെട്ടു. പക്ഷെ എസ്എപി ക്യാമ്പിലെ പൊലീസുകാരന്‍ ബാലു വെള്ളത്തില്‍ താണുപോയി. തുടര്‍ന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് ബാലുവിനെ അവശനിലയില്‍ കണ്ടെത്തിയത്.

ഇദ്ദേഹത്തെ പിന്നീട് വര്‍ക്കല മിഷന്‍ ആശുപത്രിയില്‍ പ്രവേശപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വര്‍ക്കല ശിവഗിരി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ബാലുവിനെ പ്രതിക്കായുള്ള തെരച്ചില്‍ സംഘത്തിലേക്ക് നിയോഗിക്കുകയായിരുന്നു. വര്‍ക്കല എംഎല്‍എ വി ജോയി അടക്കമുളളവര്‍ സംഭവ സ്ഥലത്തെത്തി.

അപകടം സംബന്ധിച്ച് പൊലീസ് വിശദമായ പരിശോധന നടത്തും. ബാലുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.