play-sharp-fill
കഠുവ ഫണ്ട് തിരിമറിക്കേസ് അന്വേഷിച്ച പോലീസ് ഓഫീസറെ സസ്പെൻഡ്ചെയ്ത സംഭവം; സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പിണറായി ഭരണത്തില്‍ സര്‍വ്വീസില്‍ തുടരാനാകാത്ത സ്ഥിതി; സി.ഐയുടെ സസ്‌പെൻഷനില്‍ പി.കെ ഫിറോസ്

കഠുവ ഫണ്ട് തിരിമറിക്കേസ് അന്വേഷിച്ച പോലീസ് ഓഫീസറെ സസ്പെൻഡ്ചെയ്ത സംഭവം; സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പിണറായി ഭരണത്തില്‍ സര്‍വ്വീസില്‍ തുടരാനാകാത്ത സ്ഥിതി; സി.ഐയുടെ സസ്‌പെൻഷനില്‍ പി.കെ ഫിറോസ്

സ്വന്തം ലേഖകൻ 

കോഴിക്കോട്: കഠുവ ഫണ്ട് തിരിമറിക്കേസ് അന്വേഷിച്ച പോലീസ് ഓഫീസറെ സസ്പെൻഡ്ചെയ്ത നടപടിക്കെതിരേ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പിണറായി ഭരണത്തില്‍ സര്‍വ്വീസില്‍ തുടരാനാകുന്നില്ല എന്നതിന്റെ ഉദാഹരണമാണ് കുന്ദമംഗലം സി.ഐയെ സസ്പെൻഡ് ചെയ്ത നടപടിയെന്ന് ഫിറോസ് ആരോപിച്ചു. ഫണ്ട് തിരിമറി ആരോപണത്തില്‍ തന്റെ മൊഴി ഇതുവരെ എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കുന്ദമംഗലം ഇൻസ്പെക്ടര്‍ യൂസഫ് നടുത്തറേമ്മലിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാര്‍ വ്യാഴാഴ്ചയാണ് സസ്പെൻഡ്ചെയ്തത്. കേസില്‍ പി.കെ. ഫിറോസ്, യൂത്ത് ലീഗ് മുൻ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ എന്നിവര്‍ക്കെതിരേ തെളിവില്ലെന്ന പോലീസ് റിപ്പോര്‍ട്ട് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഷ്ട്രീയവൈരാഗ്യം കാരണം യൂത്ത് ലീഗ് നേതാക്കളുടെ പേരില്‍ വെറുതേ പരാതി നല്‍കുകയായിരുന്നുവെന്നാണ് കോടതിയില്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ട്. പരാതിയില്‍ ഇരുവരും കുറ്റക്കാരാണെന്നുകണ്ടെത്താൻ ആവശ്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നും അന്വേഷണോദ്യോഗസ്ഥൻ കോടതിയെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു ഉദ്യോഗസ്ഥനെതിരായ നടപടി.

‘ഫിറോസിനെ തൂക്കിക്കൊല്ലണം എന്നായിരുന്നു റിപ്പോര്‍ട്ട് നല്‍കിയിരുന്നതെങ്കില്‍ ആ പോലീസുകാരൻ ഇപ്പോഴും സര്‍വ്വീസില്‍ ഉണ്ടാകുമായിരുന്നു. ഫണ്ട് തിരിമറി ആരോപണത്തില്‍ തന്റെ മൊഴി ഇതുവരെ എടുത്തിട്ടില്ല. ഓഫീസ് സെക്രട്ടറിയെയാണ് വിളിപ്പിച്ചത്. രേഖകള്‍ ഹാജരാക്കിയിട്ടുണ്ട്.

പോലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതി തളളിയെങ്കില്‍ ആ ഉത്തരവിന്റെ പകര്‍പ്പ് എവിടെ?. പ്രതിപക്ഷത്തുള്ള ഒട്ടേറെ നേതാക്കള്‍ക്കെതിരെ എടുത്ത കേസുകളില്‍ അവര്‍ക്ക് അനുകൂലമായി നടപടി സ്വീകരിക്കുന്ന പോലീസുകാരുടെ ഗതി ഇതായിരിക്കുമെന്ന സൂചനയാണ് സസ്പെൻഷൻ’, ഫിറോസ് പറഞ്ഞു.

കെ.ടി.ജലീല്‍ മാധ്യമങ്ങളെ ആദ്യം തെറ്റിദ്ധരിപ്പിച്ചു. പിന്നീട് സി.ഐയെ സസ്പെൻഡ് ചെയ്യാൻ കളമൊരുക്കി. സ്വകാര്യ അന്യായം ഒരാള്‍ കൊടുത്തിരിക്കേ കോടതി എങ്ങനെയാണ് സ്വമേധയാ കേസെടുക്കുക. തനിക്കെതിരെ പരാതി കൊടുത്തയാള്‍ ഇന്ന് മന്ത്രിയുടെ സ്റ്റാഫിലാണ്. സി.പി.എം സെക്രട്ടറിമാരുടെ അനുമതി വാങ്ങിയില്ലെന്ന തെറ്റ് മാത്രമാണ് സി.ഐ ചെയ്തത്. സി.പി.എമ്മിന് ഇഷ്ടമുള്ള ആളേക്കൊണ്ട് പുനരന്വേഷണം നടത്താമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ബാന്ധവമുണ്ട്. ഇന്ത്യ മുന്നണിയില്‍ സി.പി.എം പ്രതിനിധിയുടെ പേര് പോലും നല്‍കിയിട്ടില്ല. കഴുത കാമം കരഞ്ഞു തീര്‍ക്കുന്നു എന്നത് പോലെയാണ് ജലീലിന്റെ അവസ്ഥ. മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള ബന്ധം ഊഷ്മളമായി പോകണം എന്നാണ് യൂത്ത് ലീഗിന്റെ ആഗ്രഹമെന്നും ഫിറോസ് പറഞ്ഞു.

കഠുവ-ഉന്നാവ് സംഭവങ്ങളിലെ ഇരകളുടെ കുടുംബത്തെ സഹായിക്കാനായി യൂത്ത് ലീഗ് ദേശീയകമ്മിറ്റി ബക്കറ്റുപിരിവ് നടത്തിയിരുന്നു. ഇതില്‍നിന്ന് ലഭിച്ച തുക വകമാറി ചെലവഴിച്ചെന്നായിരുന്നു പരാതി. യൂത്ത് ലീഗ് ദേശീയകമ്മിറ്റി അംഗമായിരുന്ന യൂസഫ് പടനിലമാണ് പരാതി നല്‍കിയിരുന്നത്. ഫെബ്രുവരി ഒമ്ബതിന് കോടതി കേസ് വീണ്ടും പരിഗണിക്കും.