പിണങ്ങി ഇറങ്ങി പിണറായി ; ഇത്തവണ പണി കൊടുത്തത് മൈക്കല്ല, അനൗൺസ്മെന്റ് നടത്തിയയാൾ; പ്രസംഗം തീരുന്നതിന് മുമ്പേ അടുത്ത ആളെ വേദിയിലേക്ക് ക്ഷണിച്ചതാണ് കാരണം.
സ്വന്തം ലേഖകൻ
കാസര്‍ഗോഡ്: ബേഡഡുക്കയിലെ സഹകരണ ബാങ്കിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ പിണങ്ങി പോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രസംഗത്തിനിടെ അവസാനിപ്പിക്കുന്നുവെന്ന് പിണറായി പറഞ്ഞു. തൊട്ടു പിന്നാലെ അടുത്ത പരിപാടിയെ കുറിച്ച് മൈക്കില്‍ അനൗണ്‍സ്‌മെന്റ് എത്തി. ഇതോടെ പിണറായി പ്രകോപിതനായി. ഞാൻ സംസാരിച്ചു തീരുംമുമ്പേയുള്ള അനൗണ്‍സ്‌മെന്റ് ശരിയല്ലെന്നും മറ്റും സംഘാടകരെ അറിയിച്ച് സ്റ്റേജില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു.
പ്രസംഗം അവസാനിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞുവെങ്കിലും അതിന് ശേഷവും എന്തോ പിണറായിക്ക് പറയാനുണ്ടായിരുന്നു. അതിന് മുമ്പേ അനൗണ്‍സ്‌മെന്റ് എത്തിയതാണ് പ്രശ്‌നമായത്. അയാള്‍ക്ക് ചെവി കേള്‍ക്കില്ലേ എന്നെല്ലാം അനൗണ്‍സ്‌മെന്റ് ചെയ്ത ആളെ കുറിച്ച് ക്ഷുഭിതനായി മുഖ്യമന്ത്രി മൈക്കിലൂടെ പറയുകയും ചെയ്തു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം സമ്മാനദാനം അടക്കം മുഖ്യമന്ത്രി നിര്‍വ്വഹിക്കേണ്ടതുണ്ടായിരുന്നു. അതൊന്നും ചെയ്യാതെ തീര്‍ത്തും ക്ഷുഭിതനായാണ് മുഖ്യമന്ത്രിയുടെ ഇറങ്ങി പോക്ക്.
ബേഡഡുക്ക ഫാര്‍മേഴ്സ് സര്‍വിസ് സഹകരണ ബാങ്ക് ആസ്ഥാന കെട്ടിടവും കര്‍ഷക സേവന കേന്ദ്രവും ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്. കാര്‍ഷിക അടിസ്ഥാന വികസന നിധിയില്‍ അനുവദിച്ച 1.20 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച കര്‍ഷകസേവ കേന്ദ്രത്തില്‍ വളം വിത്ത്, നടീല്‍ വസ്തുക്കള്‍, കൃഷി ചെയ്യാൻ ആവശ്യമായ യന്ത്രോപകരണങ്ങള്‍ എന്നിവ നല്‍കും.
കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതിന് ശേഷം തുടര്‍ന്ന് സംസാരിക്കുന്നതിന് മുൻപ് തന്നെ കെട്ടിട നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച എഞ്ചിനീയര്‍മാരുടെ പേര് പറഞ്ഞുകൊണ്ട് അനൗണ്‍സ്‌മെന്റ് ഉയര്‍ന്നു. ചെവി കേട്ടുകൂടെന്നാണ് തോന്നുന്നതെന്ന് മൈക്കിലൂടെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഇതൊന്നും ശരിയായ കാര്യമല്ലെന്ന് പറഞ്ഞ് വേദി വിട്ട് പുറത്തേക്ക് പോവുകയായിരുന്നു.
സിപിഎമ്മിന്റെ കാസര്‍കോട് ജില്ലയിലെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് ബേഡഡുക്ക. ഇവിടെയാണ് പാര്‍ട്ടി ഭരണത്തിലുള്ള ബാങ്കിന്റെ കെട്ടിട നിര്‍മ്മാണ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി എത്തിയത്. സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ, ഉദുമ എംഎല്‍എ സിഎച്ച് കുഞ്ഞമ്ബു തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു.
വേദിയില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രി തന്റെ കാറില്‍ കയറി അടുത്ത സ്ഥലത്തേക്ക് പോവുകയും ചെയ്തു. പ്രസംഗം അവസാനിപ്പിച്ച ഉടനെ തന്നെ അനൗണ്‍സ്‌മെന്റ് നടത്തിയതിലെ അതൃപ്തി അവിടെയുണ്ടായിരുന്ന സിപിഎം നേതാക്കളെ പിണറായി അറിയിക്കുകയും ചെയ്തു. എന്നാല്‍ ഒന്നും മനപ്പൂര്‍വ്വം നടന്നത് അല്ലെന്ന് പുറത്തു വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഏതായാലും പ്രസംഗത്തിന് പിന്നാലെ വന്ന അനൗണ്‍സ്‌മെന്റ് മുഖ്യമന്ത്രിയെ ദേഷ്യത്തിലാക്കിയെന്ന് അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ വ്യക്തമാണ്.