സിപിഎമ്മിന് പിണറായിക്ക് ശേഷം മുന്നോട്ട് വയ്ക്കാൻ പറ്റുന്ന മുഖ്യമന്ത്രി സ്ഥാനാർത്ഥി ആര് എന്ന ചോദ്യം, പൊതുസമൂഹത്തില്‍ ശക്തം:നമ്മള്‍ ആരും പ്രതീക്ഷിക്കാത്ത ഒരു സി.പി.എം നേതാവിൻ്റെ സാധ്യത വർധിക്കുന്നു: അതാണ് പി.ബി.അംഗം ഡോ.വിജു കൃഷ്ണൻ.

Spread the love

തിരുവനന്തപുരം: സിപിഎമ്മിന് പിണറായിക്ക് ശേഷം മുന്നോട്ട് വയ്ക്കാൻ പറ്റുന്ന മുഖ്യമന്ത്രി സ്ഥാനാർത്ഥി ആര് എന്ന ചോദ്യം, പൊതുസമൂഹത്തില്‍ ശക്തമാണ്.
ഇവരുടെയൊക്കെ ചർച്ചകള്‍ പ്രധാനമായും എം.വി ഗോവിന്ദൻ, എ വിജയരാഘവൻ എന്നീ പി.ബി അംഗങ്ങളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. പി രാജീവിൻ്റെയും കെ കെ ശൈലജയുടെയും കെ.എൻ ബാലഗോപാലിൻ്റെയും പേരുകളും അന്തരീക്ഷത്തില്‍ സജീവമാണ്. സി.പി.എമ്മില്‍ മുഖ്യമന്ത്രിയാകുക സാധാരണ ഗതിയില്‍ പി.ബി അംഗങ്ങളാണ് എന്നതിനാല്‍, പിണറായി മാറുന്ന സാഹചര്യം വന്നാല്‍, ഈ പറഞ്ഞ മൂന്ന് പേരുകളില്‍ ആരെങ്കിലും ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത കുറവാണ്. അവിടെയാണ് എ വിജയരാഘവൻ്റെയും എം.വി ഗോവിന്ദൻ്റെയും പേരുകള്‍ക്ക് മുൻതൂക്കം ലഭിക്കുന്നത്.

video
play-sharp-fill

അധികാരം ലഭിച്ചാല്‍, ഡല്‍ഹിയില്‍ നിന്നും തിരിച്ച്‌ വന്ന് മുഖ്യമന്ത്രിയാകാൻ ശ്രമിക്കുന്ന കെ.സി വേണുഗോപാലിൻ്റെ അജണ്ട സി.പി.എമ്മില്‍ നടപ്പില്ലാത്തതിനാല്‍, പാർട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് എം.എ ബേബി തിരിച്ചുവന്ന് എന്തായാലും മുഖ്യമന്ത്രിയാകാൻ പോകുന്നുമില്ല.
ഇവിടെയാണ് നമ്മള്‍ ആരും പ്രതീക്ഷിക്കാത്ത ഒരു സി.പി.എം നേതാവിൻ്റെ സാധ്യത വർധിക്കുന്നത്. ദിർഘവീക്ഷണവും ഉന്നത വിദ്യാഭ്യാസവും, സംഘടനാ മികവുമുളള വിജൂ കൃഷ്ണൻ എന്ന കമ്യൂണിസ്റ്റാണത്. സി.പി.എം പി.ബിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട വിജൂ കൃഷ്ണൻ, കണ്ണൂർ കരിവെള്ളൂർ സ്വദേശിയാണ്. എസ്.എഫ്.ഐയിലൂടെ പൊതുപ്രവർത്തന രംഗത്ത് ഇറങ്ങിയ അദ്ദേഹം രാജ്യത്തെ അമ്പരപ്പിച്ച കർഷക സമരങ്ങളിലൂടെയാണ് നേതൃനിരയില്‍ എത്തിയിരിക്കുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന വിജൂ കൃഷ്ണനെ കേരളത്തിലേക്ക് വിട്ടുകൊടുക്കാൻ സി.പി.എം കേന്ദ്ര നേതൃത്വം തീരുമാനിച്ചാല്‍, അത് കേരള രാഷ്ട്രീയത്തെ തന്നെ മാറ്റി മറിക്കുന്ന തീരുമാനമായാണ് മാറുക എന്നതില്‍ സംശയം വേണ്ട.

മറ്റ് പാർട്ടികളില്‍, ജനപ്രതിനിധികളാവുക, ആവാതിരിക്കുക, സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തി സംഘടനാ നേതൃസ്ഥാനത്ത് തുടരുക, തുടരാതിരിക്കുക എന്നുള്ളത് എല്ലാം പലപ്പോഴും വ്യക്തിപരമായ ചോയ്‌സാണ്. പക്ഷെ സി.പി.എം പോലൊരു കേഡർ പാർട്ടിയില്‍ ഇത്തരം തീരുമാനങ്ങള്‍ പാർട്ടിയുടേതാവാറാണ് പതിവ്. പാർട്ടി ഏല്‍പ്പിക്കുന്ന ചുമതല, അത് എന്ത് തന്നെയായാലും പാർട്ടിയുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന, പാർട്ടി ഭരണഘടന അനുസരിച്ച്‌ പ്രവർത്തിക്കാൻ സന്നദ്ധരായ വ്യക്തികള്‍ ഏറ്റെടുത്ത് ചെയ്യുക എന്നതാണ് രീതി. അത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണെങ്കില്‍ അങ്ങനെ, സംഘടനാ നേതൃത്വം ഏറ്റെടുക്കാനാണെങ്കില്‍ അങ്ങനെ. അത് ഏറ്റെടുത്ത് ചെയ്യുക എന്നുമാത്രം.
മുൻ ഡിജിപി ശ്രീലേഖയെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലപ്പോഴും അപ്രതീക്ഷിത തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പ്രത്യേക താല്‍പര്യം തന്നെ സി.പി.എം നേതൃത്വം കാണിക്കാറുണ്ട്. പുതിയ തലമുറയുടെ വീക്ഷണങ്ങള്‍ പോലും മാറി മറിയുന്ന പുതിയ കാലത്ത്, ദീർഘവീക്ഷണത്തോട് കൂടിയുള്ള ഒരു തീരുമാനം സി.പി.എം നേതൃത്വം എടുത്താല്‍, വിജൂ കൃഷ്ണന് നറുക്ക് വീഴുവാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും തള്ളിക്കളയുന്നില്ല. പ്രത്യേകിച്ച്‌ കോണ്‍ഗ്രസ്സ്, കെ.സി വേണുഗോപാലിനെയും, വി.ഡി സതീശനെയും പോലുള്ളവരെ പരിഗണിക്കുമ്ബോള്‍, ഒരു സാധ്യതയും തള്ളിക്കളയാൻ കഴിയുന്നതല്ല. മുൻ തിരഞ്ഞെടുപ്പുകളില്‍ നിന്നും വിഭിന്നമായി, ഇത്തവണ ഇടതുപക്ഷ മുന്നണിയും സി.പി.എമ്മും, യുവത്വത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന കാര്യവും ഉറപ്പാണ്.
അത്തരത്തില്‍, സി.പി.എം പരിഗണിക്കാൻ വളരെയധികം സാധ്യതയുള്ള വ്യക്തികളില്‍ ഒരാളായാണ് ഡോ. വിജൂ കൃഷ്ണനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബംഗളൂരുവിലെ സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്നും, ഡല്‍ഹിയിലെ ജവഹർലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നത്.

ജെ.എൻ.യുവില്‍ എസ്.എഫ്.ഐ പ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച വിജൂ കൃഷ്ണൻ 2001 വരെ ജെ.എൻ.യുവിലെ എസ്.എഫ്.ഐ സെക്രട്ടറിയായും പ്രവർത്തിച്ചു. ഇവിടെ നിന്നും ഗവേഷണ ബിരുദം നേടിയ അദ്ദേഹം പിന്നീട്, ബംഗളൂരുവിലെ സെന്റ് ജോസഫ്‌സ് കോളേജില്‍ പൊളിറ്റിക്കല്‍ സയൻസ് ഡിപ്പാർട്ട്മെന്റില്‍ അധ്യാപകനും വകുപ്പ് മേധാവിയുമായി ഏതാനും വർഷം ജോലി ചെയ്യുകയുമുണ്ടായി.

എന്നാല്‍, അധികം വൈകാതെ തന്നെ, ഈ അധ്യാപക ജോലിയും ഉപേക്ഷിച്ച്‌, കർഷകരുടെ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറാനായിരുന്നു വിജൂ കൃഷ്ണൻ തീരുമാനിച്ചിരുന്നത്. ഈ തീരുമാനത്തിന് അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ പിന്തുണയുമുണ്ടായിരുന്നു.
2009 മുതല്‍ സി.പി.എമ്മിൻ്റെ കർഷക സംഘടനയായ കിസാൻ സഭയുടെ നേതൃനിരയില്‍ പ്രവർത്തിക്കാൻ പാർട്ടി അദ്ദേഹത്തെ നിയോഗിച്ചത്, കിസാൻ സഭയുടെ മുഖച്ഛായയെ തന്നെ മാറ്റി മറിക്കുന്നതിനാണ് കാരണമായിരുന്നത്. ഇന്ത്യയിലെ കർഷകരുടെ പ്രശ്നങ്ങളില്‍ നേരിട്ട് ഇടപെട്ട വിജൂ കൃഷണൻ്റെ നേതൃപരമായ ഇടപെടല്‍, ചെങ്കൊടിക്ക് വളക്കൂറില്ലാത്ത മണ്ണില്‍ പോലും, വലിയ സ്വാധീനം കിസാൻ സഭയ്ക്കുണ്ടാക്കാനാണ് വഴി ഒരുക്കിയിരിക്കുന്നത്.

2018 മുതല്‍ ഇങ്ങോട്ട് രാജ്യത്തെ പിടിച്ചുകുലുക്കിയ, മണ്ണില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ, കർഷകരുടെ സമരങ്ങളുടെ, മുൻനിര പോരാളിയായി വിജൂ കൃഷ്‌ണനും ഉണ്ടായിരുന്നു. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് മുംബൈ വരെ അരലക്ഷത്തിലധികം കർഷകരെ അണിനിരത്തി 180 കിലോമീറ്റർ കാല്‍നടയായി നടത്തിയ കിസാൻ ലോങ് മാർച്ചിന്റെ മുഖ്യസംഘാടകരില്‍ ഒരാളായിരുന്നു അദ്ദേഹം. ഈ സമരം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത ചെങ്കൊടി പിടിച്ച്‌, രക്തം പൊടിയുന്ന പാദങ്ങളോടെ, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കർഷകർ നടത്തിയ മാർച്ചിനെ,

ഇന്ത്യയിലെ ‘കമ്യൂണിസ്റ്റ് മുന്നേറ്റം’ എന്ന രൂപത്തിലാണ് ബി.ബി.സി ഉള്‍പ്പെടെയുളള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചിത്രീകരിച്ചിരുന്നത്. മഹാരാഷ്ട്ര ഭരണകൂടത്തിനെയും കേന്ദ്ര സർക്കാരിനെയും അമ്പരപ്പിച്ച ആ സമരം, കർഷകർ ഉന്നയിച്ച ആവശ്യങ്ങള്‍ മഹാരാഷ്ട്ര സർക്കാർ അംഗീകരിച്ചതോടെയാണ് അവസാനിച്ചിരുന്നത്.
ഇതിനു ശേഷം, കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിർത്തിയില്‍ നടന്ന ചരിത്രപരമായ കർഷക സമരത്തിന്റെയും പ്രധാന ബുദ്ധികേന്ദ്രങ്ങളില്‍ ഒരാളായി പ്രവർത്തിച്ചതും വിജൂ കൃഷ്ണനും, കിസാൻ സഭ നേതാക്കളുമായിരുന്നു. രാജസ്ഥാനിലുള്‍പ്പെടെ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷക സമരങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. ഈ സമരങ്ങളിലെ അദ്ദേഹത്തിൻ്റെ നേതൃത്വം, കേരളത്തിനകത്തും പുറത്തും അദ്ദേഹത്തിന് ശക്തമായ ഒരു പോരാളിയുടെ പ്രതിച്ഛായയാണ് നല്‍കിയിരിക്കുന്നത്.
വിജൂ കൃഷ്ണനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാൻ സി.പി.എം തീരുമാനിച്ചാല്‍, കണ്ണൂർ ജില്ലയിലെ ഏതെങ്കിലും സിറ്റിംഗ് സീറ്റുകളില്‍ സ്ഥാനാർത്ഥിയാകാനാണ് സാധ്യത.

കാർഷിക സമ്ബദ്‌വ്യവസ്ഥയില്‍ ഡോക്ടറേറ്റുള്ള വിജൂ കൃഷ്ണന് മുഖ്യമന്ത്രിയാകാൻ നിയോഗം ലഭിച്ചാല്‍, സംസ്ഥാനത്തിൻ്റെ സാമ്ബത്തിക-കാർഷിക നയരൂപീകരണങ്ങളില്‍ നിർണ്ണായക പങ്ക് വഹിക്കാൻ കഴിയുമെന്നതും വ്യക്തമാണ്. ഇത്തരം ഏത് നീക്കവും കേരളത്തിലും ദേശീയതലത്തിലും ഇടതുപക്ഷത്തെ സംബന്ധിച്ച്‌ വലിയ നേട്ടമായാണ് മാറുക. സംഘപരിവാർ അജണ്ടകള്‍ക്കെതിരെ അതി ശക്തമായ പോരാട്ടം നയിക്കുന്ന പോരാളി എന്ന നിലയില്‍, കേരളവും കേന്ദ്രവും തമ്മിലുള്ള ഇപ്പോഴത്തെ രാഷ്ട്രീയ പോരാട്ടത്തില്‍ തീർച്ചയായും വിജൂ കൃഷ്ണൻ ഒരു മുതല്‍ക്കൂട്ട് തന്നെയാകുമെന്നാണ്, മതന്യൂനപക്ഷങ്ങളും കരുതുന്നത്.