“നിങ്ങളുടെ ലാന്റ് ഫോണ്‍ ബില്ല് കുടിശികയാണ്. മേല്‍ നടപടികള്‍ ഒഴിവാക്കുന്നതിന് എത്രയും വേഗം ബില്‍ തുക അടക്കണം”; കുടിശികപ്പണം ചോദിച്ച് മഞ്ജുവാര്യര്‍ വിളിക്കുന്നു! പൊൻകുന്നംകാർക്ക് തലവേദനയായി ഒരു ഫോൺകോൾ
പൊന്‍കുന്നം: നിങ്ങളുടെ ലാന്റ് ഫോണ്‍ ബില്ല് കുടിശികയാണ്. മേല്‍ നടപടികള്‍ ഒഴിവാക്കുന്നതിന് എത്രയും വേഗം ബില്‍ തുക അടക്കണം. മൊബൈല്‍ഫോണിലേക്ക് ഒരു കോള്‍. വിളിക്കുന്ന ആളുടെ പേര് സ്‌ക്രീനില്‍ തെളിയുന്നുണ്ട് മഞ്ജുവാര്യര്‍. 94 00 15 38 84 എന്ന നമ്പരില്‍നിന്നാണ് വിളി. ആകാംക്ഷയോടെ ഫോണെടുത്തു. കാര്യം മനസ്സിലായി. വിളിക്കുന്നത് ബി.എസ്.എന്‍.എല്ലില്‍നിന്നാണ്. ശബ്ദം മഞ്ജുവാരിയരുടേതല്ല.
ലാന്റ് ഫോണ്‍ കണക്ഷന്‍ വിച്ഛേദിച്ച മിക്കവര്‍ക്കും ഈ സന്ദേശം ലഭിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്ബ് ലാന്റ് ഫോണ്‍ വേണ്ടന്നുവെച്ച് അന്നുവരെയുള്ള കുടിശ്ശിക അടച്ച് കണക്ഷന്‍ വിച്ഛേദിച്ചവരാണ് മിക്കവരും. ഉപയോഗിച്ച ഫോണിന് ബില്ലടച്ച് കണക്ഷന്‍ വേണ്ടന്ന് വച്ചിട്ടും പിന്നീടുള്ള മാസങ്ങളില്‍ തുടര്‍ച്ചയായി ബില്ല് വന്നുകൊണ്ടിരുന്നു. ഇതിനെതിരെ പരാതിയുമായി ഒറ്റയ്ക്കും കൂട്ടായും ആളുകള്‍ ബി.എസ്.എന്‍.എല്‍ ഓഫീസില്‍ എത്തിയതാണ്. ബില്ല് വരുന്നത് ആന്ധ്രപ്രദേശില്‍നിന്നാണ് അത് കാര്യമാക്കേണ്ട, തുക അടയ്‌ക്കേണ്ട എന്നൊക്കെയാണ് അധികൃതര്‍ അന്ന് പറഞ്ഞത്.
പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, കോട്ടയം തുടങ്ങിയ ബി.എസ്.എന്‍.എല്‍. ഓഫീസുകളിലെല്ലാം കയറിയിറങ്ങിയവര്‍ക്ക് ഒരേ മറുപടിയാണ് ലഭിച്ചത്. പിന്നെ അദാലത്തില്‍ ഹാജരാകണമെന്ന് പറഞ്ഞ് ഇവര്‍ക്കൊക്കെ നോട്ടീസ് വന്നു. അവിടെവെച്ച് കുടിശിക ഉള്ളവരില്‍നിന്ന് തുക ഈടാക്കി. കുടിശിക ഇല്ലാത്ത നിരവധി പേര്‍ക്ക് ബില്ല് അയച്ചത് പിഴവ് പറ്റിയതാണെന്നും തുക അടയ്‌ക്കേണ്ടതില്ലെന്നും പറഞ്ഞ് മടക്കി അയച്ചു. അവരെയാണ് ഇപ്പോള്‍ മഞ്ജുവാര്യര്‍ വിളിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണക്ഷന്‍ എടുക്കുമ്പോള്‍ 2000 രൂപ മുതലാണ് ആദ്യം കെട്ടിവെച്ചത്. ഈ തുക മടക്കി കിട്ടേണ്ടതാണ്. കെട്ടിവച്ച തുകയുടെ പല മടങ്ങാണ് ഉപയോഗിക്കാത്ത ഫോണിന്റെ ബില്ല് അടയ്ക്കണമെന്ന് മഞ്ജു വാര്യര്‍ ആവശ്യപ്പെടുന്നത്. ഉപയോഗിച്ചിരുന്ന കാലത്ത് ഒരിക്കലും കൃത്യമായ സേവനം ലഭിച്ചിട്ടില്ല. എന്നും ഫോണ്‍ നിശ്ശബ്ദമായിരുന്നു. വെറുതെ വാടക കൊടുത്ത് മടുത്തിട്ടാണ് ഫോണ്‍ വേണ്ടെന്ന് വച്ചതെന്നാണ് എല്ലാവരും പറയുന്നത്.