53ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണ്ണയത്തില്‍ വിനയന്റെ ദൃശ്യവിസ്‍മയം ‘പത്തൊമ്പതാം നൂറ്റാണ്ട്’ അഗീകരിക്കപ്പെടാത്തതിൽ സിനിമാ ആസ്വാദകർക്ക് നിരാശ !
സ്വന്തം ലേഖകൻ
കൊച്ചി: 53ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന വിനയന്‍ ചിത്രത്തെ ജൂറി ഒരു പരാമർശത്തിൽ പോലും കൊണ്ടു വന്നില്ല. കേരളത്തിന്‍റെ ചരിത്രത്തിൽ അർഹിക്കുന്ന സ്ഥാനം കിട്ടാതെ പോയ വേലായുധപ്പണിക്കര്‍ എന്ന മനുഷ്യന്‍റെ കഥ ഭംഗിയായി പറഞ്ഞ ആ സിനിമയ്ക്കും അദ്ദേഹത്തിൻ്റെ ദുർഗതി തന്നെ വന്നുപെട്ടു എന്ന് പറയേണ്ടതായി വരും.
കേരളം കാത്തിരുന്ന ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. പത്തൊമ്പതാം നൂറ്റാണ്ടിലെ നേര്‍ ചരിത്രത്തിന്റെ ദൃശ്യാവിഷ്‍കാരമല്ല എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും അക്കാലത്തിന്റെ ഓര്‍മപെടുത്തലാണ് വിനയന്റെ സംവിധാനത്തിലെത്തിയ സിനിമ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ കീഴ് ജാതിക്കാരായ വിഭാഗം ജനത അനുഭവിച്ച ദുരിതങ്ങളും വേര്‍തിരിവും അതിനെതിരെയുളള പോരാട്ടങ്ങളുമെല്ലാം ചിത്രത്തില്‍ ദൃശ്യവത്‍കരിക്കുന്നു. അക്ഷരാര്‍ഥത്തില്‍ ദൃശ്യമികവോടുള്ള ഒരു സിനിമാനുഭവവുമായും മാറിയിരിക്കുന്നു ‘പത്തൊമ്പതാം നൂറ്റാണ്ട്’.
സിജു വില്‍സണ്‍ ആണ് പത്തൊമ്പതാം നൂറ്റാണ്ടില്‍ നായക കഥാപാത്രത്തില്‍ എത്തിയത്. ആറാട്ടു പുഴ വേലായുധപ്പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് സിജു വില്‍സണ്‍ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിനായി സിജു വില്‍സണ്‍ കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും അഭ്യസിച്ചിരുന്നു.
19-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമായിരുന്നു ചിത്രപശ്ചാത്തലം. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍, തിരുവിതാംകൂറിനെ വിറപ്പിച്ച കായംകുളം കൊച്ചുണ്ണി, മാറുമറയ്‌ക്കല്‍ സമര നായിക നങ്ങേലി, കൂടാതെ മറ്റനേകം ചരിത്ര പുരുഷന്‍മാരും ഈ സിനിമയില്‍ കഥാപാത്രങ്ങളായി എത്തിയിരുന്നു.
വിനയന്റെ സംവിധാനത്തിൽ പിറന്ന ‘പത്തൊമ്പതാം നൂറ്റാണ്ട് ‘ എന്ന സിനിമ പ്രധാനപ്പെട്ട ഒരു വിഭാഗത്തിലും പരിഗണിക്കപ്പെട്ടിട്ടില്ല. മിക്കവാറും വിഭാഗങ്ങളിൽ അവഗണിക്കപ്പെട്ടിരിക്കുന്നു എന്നു തന്നെ പറയാം. സാങ്കേതികമായി വലിയൊരളവിൽ മികവ് കാട്ടി വിസ്മയിപ്പിച്ച ഒന്നായിരുന്നു ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രം.
മറ്റെന്ത് കണ്ടില്ലെന്നു നടിച്ചാലും ആ ചിത്രത്തിലാകെ മികവോടെ നിറഞ്ഞു നിന്ന കലാസംവിധാനം എങ്ങനെ അവഗണിക്കപ്പെട്ടു? സംവിധാന മികവ് എങ്ങനെ തമസ്കരിക്കപ്പെട്ടു ? മികച്ച
സിനിമ എന്ന നിലയിൽ എന്തുകൊണ്ട് വിലയിരുത്തപ്പെട്ടില്ല?
ഇങ്ങനെ ചോദ്യങ്ങൾ പലതുണ്ട്. മൊത്തത്തിൽ എന്തോ ഒരു പന്തികേട്. സംവിധായകൻ വിനയന് ഇതിലൊന്നും പുതുമയുണ്ടാവില്ല. അതൊക്കെ ശീലിച്ചു മുന്നേറാൻ വിധിക്കപ്പെട്ട ഒരു കലാകാരനാണല്ലോ അദ്ദേഹം. അപ്പോഴും സിനിമാസ്വാദകരിൽ അത് വേദനയുണ്ടാക്കുക തന്നെ ചെയ്യും.