
ലോകത്താദ്യമായി പന്നിയുടെ വൃക്ക മനുഷ്യനിൽ വിജയകരമായി മാറ്റിവച്ചു : അമേരിക്കയിലാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മനുഷ്യനിൽ പിടിപ്പിച്ചത്
ന്യൂയോർക്ക്: ലോകത്താദ്യമായി പന്നിയുടെ വൃക്ക മനുഷ്യനിൽ വിജയകരമായി മാറ്റിവച്ചു. അമേരിക്കയിലാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മനുഷ്യനിൽ പിടിപ്പിച്ചത്. റിച്ചാർഡ് സ്ലേമാൻ എന്ന 62കാരനിലാണ് പന്നിയുടെ വൃക്ക പിടിപ്പിച്ചത്. മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയിൽ ശനിയാഴ്ച്ച നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. മാറ്റി വച്ച പന്നിയുടെ വൃക്ക മണിക്കൂറുകൾക്കുള്ളിൽ മൂത്രം ഉൽപ്പാദിപ്പാക്കാൻ തുടങ്ങിയെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
അതീവ ഗുരുതരമായ വൃക്ക രോഗത്തിന്റെ പിടിയിലായിരുന്നു റിച്ചാർഡ് സ്ലേമാൻ. ഇദ്ദേഹത്തിന് 2018ൽ മറ്റൊരാളുടെ വൃക്ക മാറ്റിവച്ചെങ്കിലും വിജയിച്ചില്ല. മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ വൃക്ക മാറ്റിവച്ചെങ്കിലും 2023ൽ പ്രവർത്തനം നിലക്കുകയായിരുന്നു. അതോടെ ഡയാലിസിസ് ചെയ്തുവരികയായിരുന്നു. ഇതിന് പിന്നാലെയാണ് പന്നിയിൽ ജനിതക മാറ്റം വരുത്തിയ ശേഷം അതിന്റെ വൃക്ക ഉപയോഗിക്കാൻ തീരുമാനിച്ചത്.
ഇ ജനിസിസ് എന്ന ബയോടെക് കമ്പനിയാണ് പന്നിയിൽ ജനിതക മാറ്റം വരുത്തിയത്. മനുഷ്യ ശരീരവുമായി പൊരുത്തപ്പെടാത്ത മൂന്ന് ജീനുകളെ ഒഴിവാക്കിയും ഏഴ് മനുഷ്യ ജീനുകളെ ഉൾപ്പെടുത്തിയുമാണ് ജനിതകമാറ്റം വരുത്തിയത്. പന്നിയുടെ അവയവം മനുഷ്യനിൽ വച്ചു പിടിപ്പിക്കുന്ന മൂന്നാമത്തെ ശസ്ത്രക്രിയയാണിത്.2022 ജനുവരിയിൽ ബാൾട്ടിമോറിൽ ഡേവിഡ് ബെന്നറ്റ് എന്ന 57കാരന് ലോകത്താദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മാറ്റിവച്ചിരുന്നു. ഇദ്ദേഹം 2 മാസം കഴിഞ്ഞ് മരിച്ചു. പന്നിയുടെ ഹൃദയം വച്ചു പിടിപ്പിച്ച മറ്റൊരാളും മരണമടഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പന്നിയുടെ ഹൃദയത്തിനും വൃക്കകൾക്കും മനുഷ്യന്റേതിന് സമാനമായ വലിപ്പവും ഘടനയുമാണ്. പന്നികളുടെ ഹൃദയവാൽവുകൾ ഹൃദ്രോഗികളിൽ പരീക്ഷിച്ച് വരുന്നുണ്ട്. പ്രമേഹരോഗികളിൽ പന്നികളുടെ പാൻക്രിയാസ് സെല്ലുകളും പൊള്ളലേറ്റവർക്ക് സ്കിൻ ഗ്രാഫ്റ്റിംഗിന് പന്നിയുടെ ചർമ്മവും മാറ്റിവച്ചിട്ടുണ്ട്.
ഇത്തരം പരീക്ഷണങ്ങൾ അവയവദാനം കാത്ത് ജീവിക്കുന്ന ആയിരക്കണക്കിന് മനുഷ്യർക്ക് പ്രതീക്ഷയേകുന്നതാണ്. എന്നാൽ, മൃഗങ്ങളിലെ വൈറസുകൾ മനുഷ്യരിലേക്ക് കടക്കാൻ ഇത് കാരണമായേക്കാമെന്ന് ആശങ്കയുമുണ്ട്.