Spread the love

കോഴിക്കോട്: പന്തീരങ്കാവ് ടോള്‍ പ്ലാസയ്‌ക്കെതിരെ ഉയർന്നുവന്ന പരാതികളില്‍ അടിയന്തര നടപടിയെടുക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നല്‍കി.

video
play-sharp-fill

പരാതികള്‍ പരിശോധിച്ച്‌ എട്ട് ദിവസത്തിനകം ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് കോഴിക്കോട് ജില്ലാ മജിസ്‌ട്രേറ്റിനോട് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ടോള്‍ പ്ലാസയിലെ ജീവനക്കാരുടെ മോശം പെരുമാറ്റം, സുരക്ഷാ മതിലിന്റെ നിർമാണത്തില്‍ സംഭവിച്ചിട്ടുള്ള ഗുരുതരമായ അപാകതകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചത്. മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയില്‍ നല്‍കിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഈ അടിയന്തര ഇടപെടല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാരോട് ടോള്‍ ജീവനക്കാർ തുടർച്ചയായി മോശമായി പെരുമാറുന്നുവെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് കമ്മീഷൻ കർശന നിർദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. സുരക്ഷാ മതിലിന്റെ നിർമാണത്തിലെ അപാകതകള്‍ വലിയ അപകട സാധ്യത ഉയർത്തുന്നതായും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

കമ്മീഷൻ നിശ്ചയിച്ച എട്ട് ദിവസത്തെ സമയപരിധിക്കുള്ളില്‍ ജില്ലാ മജിസ്‌ട്രേറ്റ് വിഷയത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.