പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാഞ്ചാലിമേട് ടൂറിസത്തിന് അനുവദിച്ചത് 3.25 കോടി, ചെക്ക് വെച്ച് വനം വകുപ്പ്; നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക്
ഇടുക്കി : ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ പാഞ്ചാലിമേട്ടില്‍ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് വനം വകുപ്പിന്‍റെ വിലക്ക്.
ഭൂമിയുടെ ഒരു ഭാഗം വനംവകുപ്പിന്‍റേത് ആണെന്നാണ് അവകാശ വാദം. നടപടി അവശ്യപ്പെട്ട് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. ബിനു വനം വകുപ്പ് മന്ത്രിക്കടക്കം പരാതി നല്‍കിയതിനെ തുടർന്ന് വനം, വിനോദസഞ്ചാരം, റവന്യു വകുപ്പുകള്‍ സംയുക്തമായി സർവേ നടത്തും.
പാഞ്ചാലിമേട്ടില്‍ സഞ്ചാരികള്‍ക്കായി ബോട്ടിംഗ്, പൂന്തോട്ടം, പാഞ്ചാലിക്കുളം നവീകരണം തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങള്‍ക്കായാണ് സർക്കാർ മൂന്നേകാല്‍ കോടി രൂപ അനുവദിച്ചത്. ബോട്ടിംഗിനുള്ള ചെക്ക് ഡാമിൻറെ പണികള്‍ നടക്കുന്നതിനിടെയാണ് വനം വകുപ്പ് വിലക്കേർപ്പെടുത്തിയത്. റവന്യു വകുപ്പ് വിനോദ സഞ്ചാര വകുപ്പിന് വിട്ടു കൊടുത്ത സ്ഥലത്താണ് നിർമ്മാണം നടത്തുന്നത്. മിച്ചഭൂമി നിയമപ്രകാരം സ്വകാര്യ വ്യക്തിയില്‍ നിന്നും ഏറ്റെടുത്ത സ്ഥലമാണിത്. ഇതില്‍ ചെക്ക് ഡാമും നടപ്പാതയും പണിയുന്നതില്‍ ഒരു ഭാഗം വനം വകുപ്പിൻറേതാണെന്നാണ് വാദം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ ഡി.ടി.പി.സി.യുടെ കൈവശത്തിലുള്ള ഭൂമിയില്‍ ജണ്ട സ്ഥാപിക്കാനുള്ള വനം വകുപ്പിൻറെ ശ്രമം പൊതു പ്രവർത്തകരും നാട്ടുകാരും ചേർന്ന് മുൻപ് തടഞ്ഞിരുന്നു. 2018-ല്‍ പ്രവേശന കവാടം, നടപ്പാത, കല്‍മണ്ഡപങ്ങള്‍, വിശ്രമകേന്ദ്രം, തുടങ്ങിയവ ഇവിടെ പണിതിരുന്നു. സഞ്ചാരികളുടെ വരവ് കൂടിയതോടെ വരുമാനവും വർധിച്ചു. രണ്ടാം ഘട്ട നിർമാണങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിയപ്പോഴാണ് വനം വകുപ്പ് തടസ്സവുമായി എത്തിയത്. അതേ സമയം നിക്ഷിപ്ത വന ഭൂമിയില്‍ ഉള്‍പ്പെട്ടതാണ് പാഞ്ചാലിമേടിൻറെ ഒരു ഭാഗമെന്നാണ് വനംവകുപ്പ് നിലപാട്. വനഭൂമി നാല്‍പ്പതു സെൻറോളം കൈയേറിയെന്ന് കാണിച്ച് കളക്ടർക്ക് വനംവകുപ്പ് പരാതിയും നല്‍കിയിട്ടുണ്ട്.