തൊട്ടിൽ കയറിൽ രണ്ട് മാസം ഗർഭിണിയായ യുവതി തൂങ്ങി മരിച്ചു; സ്ത്രീധനം കുറഞ്ഞതിനാൽ യുവതിക്ക് നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനവും ജോലി ഭാരവും; ഭർത്താവും ഭർതൃപിതാവും പോലീസ് പിടിയിൽ
സ്വന്തം ലേഖകൻ
മണ്ണാർക്കാട്∙ ചങ്ങലീരിയിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനേയും ഭർതൃപിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. തെങ്കര വെള്ളാരംകുന്ന് ഏറാടൻ മുഹമ്മദ് മുസ്തഫ (31), മുസ്തഫയുടെ പിതാവ് ഹംസ (67) എന്നിവരെ വെള്ളാരംകുന്നത്തെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
ഗാർഹിക പീഡന നിരോധന നിയമവും സ്ത്രീധന നിരോധന നിയമവും അനുസരിച്ചാണ് അറസ്റ്റ്. സ്ത്രീധനം ആവശ്യപ്പെട്ട് മകളെ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്നു പിതാവ് അബ്ബാസ് മൊഴി നൽകിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ മാസം ഒന്നിനാണ് റുസ്നിയയെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. രണ്ട് മാസം ഗർഭിണിയായ റുസ്നിയയ്ക്ക് ഡോക്ടർ വിശ്രമം നിർദേശിച്ചതിനെ തുടർന്ന് ചങ്ങലീരിയിലെ വീട്ടിലായിരുന്നു.
റുസ്നിയ മരിച്ച ദിവസം ഉച്ചയ്ക്ക് ഭർത്താവ് മുസ്തഫ ചങ്ങലീരിയിലെ വീട്ടിൽ വന്നുപോയിരുന്നു. മുസ്തഫ പോയ ഉടൻ മുറിയുടെ വാതിൽ അടച്ച് മൂത്ത കുട്ടിയുടെ തൊട്ടിലിന്റെ കയറിൽ തൂങ്ങുകയായിരുന്നു.
2017 നവംബർ അഞ്ചിനായിരുന്നു ഇവരുടെ വിവാഹം. സ്വർണം കുറഞ്ഞതിന്റെ പേരിൽ കടുത്ത മാനസിക പീഡനവും ജോലി ഭാരവും മകൾക്ക് ഉണ്ടായിരുന്നുവെന്നും പിതാവിന്റെ പരാതിയിൽ പറയുന്നു.
ഭർതൃവീട്ടുകാരുടെ നിർബന്ധത്തെ തുടർന്ന് വിദേശത്തുള്ള സഹോദരനോടു അഞ്ച് പവൻ സ്വർണം വാങ്ങി നൽകാൻ റുസ്നിയ ആവശ്യപ്പെട്ടിരുന്നതായും പിതാവ് അബ്ബാസ് പറഞ്ഞു.