അമിത വേഗത്തിന് ഇനി നോട്ടീസും മുന്നറിയിപ്പും ഇല്ല; ക്യാമറ പിടിച്ചാല്‍ എം.വി.ഡിയുടെ കരിമ്പട്ടികയില്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: റോഡിലെ അമിതവേഗക്കാരെ ക്യാമറ പിടിച്ചാല്‍ ഇനി നേരേ കരിമ്പട്ടികയിലേക്ക്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓട്ടോമേറ്റഡ് എന്‍ഫോഴ്സ്മെന്റ് ക്യാമറാ സംവിധാനത്തിന്റെ സോഫ്റ്റ്‌വെയർ മാറി.
ദേശീയപാതകളിലെ ക്യാമറ വാഹന്‍ സൈറ്റുമായി ലിങ്ക് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണിത്. നിലവില്‍ എറണാകുളം, കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് കണ്‍ട്രോള്‍ സ്റ്റേഷനില്‍ ഉദ്യോഗസ്ഥരാണ് ഇത് ചെയ്യുന്നത്.
പിഴയൊടുക്കാനുള്ള ചെലാൻ തയ്യാറാക്കുമ്പോള്‍ വാഹന്‍ സൈറ്റിലെ കരിമ്പട്ടിക കോളത്തിലേക്ക് അവര്‍ വിവരം ചേര്‍ക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലിങ്കിങ് പൂര്‍ത്തിയാകുന്നതോടെ ഇത് പൂര്‍ണമായും ഓട്ടോമാറ്റിക്കാവും. പിഴയടച്ചാല്‍ കരിമ്പട്ടികയില്‍നിന്ന് വാഹന ഉടമ ഒഴിവാകും. നേരത്തേ ഇങ്ങനെ നേരിട്ട് കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നില്ല.
ആര്‍.ടി.ഒ. ഓഫീസിലെ സേവനങ്ങള്‍, ഇന്‍ഷുറന്‍സ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വരുമ്പോള്‍ ക്യാമറപ്പിഴയുണ്ടെങ്കില്‍ അടപ്പിക്കുകയാണ് ചെയ്യുക. എന്നാല്‍, കരിമ്പട്ടിക സംവിധാനം വന്നതോടെ പിഴയടയ്ക്കാനുണ്ടെന്ന് സൈറ്റില്‍ നേരിട്ട് കാണിക്കും.
കര്‍ണാടക, തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ യാത്രക്കാര്‍ക്ക് അമിതവേഗം ഇരട്ടി ദുരിതമാണ് നല്‍കുന്നത്. അതിര്‍ത്തി കടക്കാന്‍ ടാക്‌സ്, പെര്‍മിറ്റ് എടുക്കുമ്പോഴാകും ക്യാമറപ്പിഴ കാരണം കരിമ്പട്ടികയില്‍പ്പെട്ട വിവരമറിയുക. ക്യാമറ സംവിധാനംവഴി അമിതവേഗത്തിന് ഈടാക്കുന്ന പിഴ അറിയിപ്പ് രീതിയും ഉടന്‍ മാറും. ഇപ്പോള്‍ തപാല്‍ വഴിയാണ് നോട്ടീസ് വരുന്നത്. വാഹന്‍ സോഫ്റ്റ്വേറും ക്യാമറയും തമ്മില്‍ ലിങ്ക് ഇല്ലാത്തതിനാല്‍ ഓട്ടോമാറ്റിക് മെസേജിങ് സംവിധാനം നിലവിലില്ല.
റോഡില്‍ അമിതവേഗത്തിന് പുറമേയുള്ള നിയമലംഘനം പിടിക്കാന്‍ നിര്‍മിതബുദ്ധി ഉപയോഗിക്കുന്ന ക്യാമറ (എ.ഐ. ക്യാമറ) ഉടന്‍ വരും. ജില്ലകളില്‍ ക്യാമറ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് ക്യാമറാ പരീക്ഷണം നടത്തി.
കൂടുതല്‍ വ്യക്തവും കൃത്യവുമായ ദൃശ്യങ്ങളാകും എ.ഐ. ക്യാമറയില്‍ പതിയുക.
ഹെല്‍മെറ്റില്ലാതെ വണ്ടി ഓടിച്ചാല്‍ ഓടിക്കുന്ന ആളെ മാത്രമല്ല, വാഹനത്തിന്റെ നമ്പര്‍പ്ലേറ്റ് വരെ പതിയും. ഹെല്‍മെറ്റിന് പകരം മറ്റെന്തെങ്കിലും തലയില്‍ വെച്ചാലും ക്യാമറയുടെ നിര്‍മിതബുദ്ധി പിടിക്കും.
സീറ്റ് ബെല്‍റ്റ് ഇല്ലെങ്കില്‍ ക്യാമറ പിടിച്ച് പിഴത്തുകയുടെ നോട്ടീസ് വീട്ടിലെത്തിക്കും. മോട്ടോര്‍ വാഹനവകുപ്പ് ഓരോ ജില്ലയിലും എ.ഐ. ക്യാമറകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ നേരത്തേ നിശ്ചയിച്ചിരുന്നു.
കെല്‍ട്രോണാണ് സാങ്കേതിക കാര്യങ്ങള്‍ ചെയ്യുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സെര്‍വറില്‍നിന്നാണ് നിയന്ത്രണം. വിവരങ്ങള്‍ അതത് ജില്ലകളിലേക്ക് കൈമാറും.
കണ്ണൂര്‍ ജില്ലയില്‍ 51 സ്ഥലങ്ങളാണ് നിര്‍ദേശിച്ചിട്ടുള്ളതെന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗം പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ 44-ഉം. എന്നാല്‍ സ്ഥാപിച്ച ക്യാമറകള്‍ പലതും ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ മാറ്റേണ്ടിവന്നിട്ടുണ്ട്.