play-sharp-fill
”ഓപ്പറേഷന്‍ ഇടിമിന്നൽ”; കഞ്ചാവ് മാഫിയയെ പൂട്ടാൻ കച്ചകെട്ടി പൊലീസ്; പൊതുജനങ്ങള്‍ക്കും വിവരങ്ങൾ നൽകാം

”ഓപ്പറേഷന്‍ ഇടിമിന്നൽ”; കഞ്ചാവ് മാഫിയയെ പൂട്ടാൻ കച്ചകെട്ടി പൊലീസ്; പൊതുജനങ്ങള്‍ക്കും വിവരങ്ങൾ നൽകാം

സ്വന്തം ലേഖകൻ

രാമപുരം: കഞ്ചാവ് മാഫിയയ്ക്കെതിരെ ”ഓപ്പറേഷന്‍ ഇടിമിന്നലു”മായി രാമപുരം പൊലീസ് രംഗത്ത്.


രാമപുരത്തെയും പരിസരപ്രദേശങ്ങളിലെയും കഞ്ചാവ് മാഫിയയെ ഒതുക്കാന്‍ പാലാ ഡിവൈ.എസ്.പി. ഷാജു ജോസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ‘ഓപ്പറേഷന്‍ ഇടിമിന്നല്‍ ‘ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പ്രത്യേകം ടീമിനെയും തിരഞ്ഞെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത കാലത്തായി രാമപുരത്തും പരിസരപ്രദേശങ്ങളിലും കഞ്ചാവ് മാഫിയ ശക്തമായി പ്രവര്‍ത്തിക്കുന്നതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഞ്ചാവ് സംഘം ഒടുവില്‍ പൊലീസിന് നേര്‍ക്കും തിരിഞ്ഞതോടെയാണ് പുതിയ പദ്ധതി ആവിഷ്ക്കരിച്ചത്.

രാമപുരം ടൗണ്‍, വെള്ളിലാപ്പിള്ളി, പിഴക്, മാനത്തൂര്‍, പാലവേലി, കൊണ്ടാട്, ചക്കാമ്പുഴ, ഇടക്കോലി, കിഴതിരി , കുറിഞ്ഞി, ഐങ്കൊമ്പ്, പൂവക്കുളം ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം. കഞ്ചാവ് വില്പന, കൈമാറ്റം, ഉപയോഗം എന്നിവയില്‍ ഉള്‍പ്പെട്ടിരിക്കുന്നവരില്‍ 99 ശതമാനം പേരും യുവാക്കളും വിദ്യാര്‍ത്ഥികളുമാണ്.

അടുത്തിടെ വെള്ളിലാപ്പിള്ളിയില്‍ നിന്നും കഞ്ചാവുമായി വിദ്യാര്‍ത്ഥികളെ രാമപുരം എസ്.ഐ. പിടികൂടിയിരുന്നു. കിഴതിരി ഗവ. എല്‍. പി. സ്‌കൂളിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുപൊട്ടിച്ചതും കഞ്ചാവ് മാഫിയയില്‍പെട്ട യുവാക്കളാണെന്ന് വിവരം ലഭിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച അന്വേഷണം പിന്നീട് മുന്നോട്ടുപോയില്ല.

ഓപ്പറേഷന്‍ ഇടിമിന്നലിന്റെ ഭാഗമായി വരുംദിവസങ്ങളില്‍ കഞ്ചാവ് മാഫിയ തങ്ങുന്ന കേന്ദ്രങ്ങളിലെല്ലാം റെയ്ഡ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഓപ്പറേഷന്‍ ഇടിമിന്നലിന്റെ ഭാഗമായി കഞ്ചാവ് മാഫിയയെക്കുറിച്ച്‌ വിവരങ്ങള്‍ നല്‍കാന്‍ പൊതുജനങ്ങള്‍ മുന്നോട്ടുവരണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.

വിവരങ്ങള്‍ 9497980342 (രാമപുരം എസ്.ഐ. പി.എസ്. അരുണ്‍കുമാര്‍), 9497987083 (സി.ഐ. കെ.എന്‍. രാജേഷ്), 9497990051 (ഡിവൈ.എസ്.പി. ഷാജു ജോസ്) എന്നീ നമ്പരുകളില്‍ എപ്പോള്‍ വേണമെങ്കിലും അറിയിക്കാം. സൂചന നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ പൊലീസ് രഹസ്യമായി സൂക്ഷിക്കും.