ഓണ്‍ലൈന്‍ പാഴ്‌സല്‍ സര്‍വീസ് എന്ന പേരിലും തട്ടിപ്പുകള്‍ ; സര്‍വീസ് സൈറ്റുകള്‍ തെരയുന്നവര്‍ സൂക്ഷിക്കുക ; മുന്നറിയിപ്പുമായി കേരള പൊലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഓരോ ദിവസവും നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓണ്‍ലൈന്‍ പാഴ്‌സല്‍ സര്‍വീസ് എന്ന പേരിലും തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഇത്തരം സൈറ്റുകളുടെ സേവനം തേടുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.
വാഹനങ്ങള്‍ പാഴ്‌സല്‍ അയക്കേണ്ടി വരുമ്പോള്‍ അറിയപ്പെടുന്ന കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നിന്ന് തന്നെ കോണ്‍ടാക്ട് നമ്പറുകളും മറ്റു വിവരങ്ങളും ശേഖരിക്കുക. പാഴ്‌സല്‍ കൊണ്ടുപോകുന്നത് തട്ടിപ്പുകാര്‍ അല്ലെന്ന് ഉറപ്പുവരുത്തണമെന്ന് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണ്‍ലൈനില്‍ തെരഞ്ഞ് കണ്ടുപിടിക്കുന്ന പാഴ്‌സല്‍ സര്‍വീസുകളുടെ വെബ്‌സൈറ്റുകള്‍ പലതും വ്യാജമാകാം. അറിയപ്പെടുന്ന കമ്പനിയുടെ ജീവനക്കാര്‍ എന്ന വ്യാജേന അവര്‍ പാഴ്‌സല്‍ കയറ്റാന്‍ എത്തുകയും പാഴ്‌സല്‍ അയക്കുന്നതിനുള്ള കൂലി വാങ്ങുകയും ചെയ്യുന്നു. ഒടുക്കിയ തുക പോരെന്നും നികുതിയും കയറ്റിറക്കുകൂലിയും അയക്കണമെന്നും പറഞ്ഞ് തട്ടിപ്പുകാര്‍ പല നമ്പറുകളില്‍ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്താന്‍ തുടങ്ങും.
തുടര്‍ന്ന് കോണ്‍ടാക്ട് നമ്പര്‍ കിട്ടിയ വ്യാജ വെബ്‌സൈറ്റ് അപ്രത്യക്ഷമാകുന്നു. ഇത്തരം അവസരങ്ങളില്‍ അറിയപ്പെടുന്ന പാഴ്‌സല്‍ കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് തന്നെ നമ്പര്‍ എടുക്കാന്‍ ശ്രമിക്കുക. പാഴ്‌സല്‍ അയക്കുന്നതിനും മറ്റുമുള്ള രസീതുകള്‍ കൃത്യമായി സൂക്ഷിക്കണമെന്നും കേരള പൊലീസ് ഓര്‍മ്മിപ്പിക്കുന്നു.