play-sharp-fill
ഓൺലൈനിൽ പരിചയപ്പെട്ട ആളെ വിശ്വസിച്ച് നൽകിയത് 1.25 കോടി! കൊച്ചിയിലെ വീട്ടമ്മ;  പ്രതിയെ കണ്ടെത്തി

ഓൺലൈനിൽ പരിചയപ്പെട്ട ആളെ വിശ്വസിച്ച് നൽകിയത് 1.25 കോടി! കൊച്ചിയിലെ വീട്ടമ്മ; പ്രതിയെ കണ്ടെത്തി

 

കൊച്ചി: കൊച്ചിയിൽ വീട്ടമ്മയെ പറ്റിച്ച് ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിൽ. ഗുജറാത്ത് സ്വദേശി വിജയ് സോൻഖറിനെയാണ് എറണാകുളം റൂറൽ പൊലീസ് സാഹസികമായി പിടികൂടിയത്. ഓൺലൈൻ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഓണ്‍ലൈൻ തട്ടിപ്പ് കേസുകളിലെ പ്രധാനകണ്ണിയാണ് അഹമ്മദാബാദിൽ നിന്നും പിടിയിലായ വിജയ് സോൻഖർ. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കുന്നതാണ് തട്ടിപ്പ് രീതി.

മാസങ്ങൾക്ക് മുൻപാണ് തട്ടിപ്പ് സംഘം കൊച്ചിയിലെ വീട്ടമ്മയെയും പരിചയപ്പെടുന്നത്. ഓൺലൈൻ നിക്ഷേപത്തിന് വലിയ ലാഭമായിരുന്നു വാഗ്ദാനം. ആദ്യം നിക്ഷേപിച്ച തുകയ്ക്ക് ലാഭവിഹിതമെന്ന രീതിയിൽ കുറച്ചു തുക നൽകി. പിന്നാലെ വീട്ടമ്മ കൂടുതൽ തുക തട്ടിപ്പ് സംഘം ആവശ്യപ്പെട്ട വിവിധ അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. നിക്ഷേപിച്ച പണത്തിന് വൻ ലാഭം സാമൂഹികമാധ്യമത്തിലെ പേജുകളിൽ നിരന്തരം പ്രദർശിപ്പിച്ചു. ഇങ്ങനെ വിവിധ ഘട്ടങ്ങളിലായി ഒന്നേകാൽ കോടിയോളം രൂപയാണ് വീട്ടമ്മ നൽകിയത്. ഒടുവിൽ പണം തിരികെ എടുക്കാൻ ശ്രമിച്ചപ്പോൾ സംഘം അപ്രത്യക്ഷരായി.

പിന്നാലെ ബന്ധപ്പെട്ടിരുന്ന ഫോണ്‍നമ്പറും പ്രവർത്തന രഹിതമായി. ഇതോടെയാണ് വീട്ടമ്മ പൊലീസിൽ പരാതി നൽകിയത്. തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതി വിജയ്ക്ക് കൃത്യമായ മേൽവിലാസം ഇല്ലായിരുന്നു. ലഭ്യമായ വിലാസത്തിൽ അഹമ്മദാബാദിലെ ഒരു ഗ്രാമത്തിൽ പൊലീസ് സംഘമെത്തി. വിജയ് സോൻഖർ പണിത വലിയ കെട്ടിടം കണ്ടെത്തിയെങ്കിലും പ്രതിയിലേക്കെത്തിയില്ല. ദിവസങ്ങൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ പ്രതി പൊലീസിന്റെ വലയിൽ വീണു. വിഎസ് ട്രേഡ് എന്ന വ്യാജസ്ഥാപനമുണ്ടാക്കി ജി.എസ്.ടി സർട്ടിഫിക്കറ്റും, ബാങ്കിൽ കറൻ്റ് അക്കൗണ്ടും തുടങ്ങിയായിരുന്നു ഇയാൾ വ്യാപക തട്ടിപ്പ് നടത്തിയിരുന്നത്. കൊച്ചിയിലേതടക്കം കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് ഈ അക്കൗണ്ടിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം നിക്ഷേപിച്ച തുകയ്ക്ക് ലാഭവിഹിതമെന്ന രീതിയിൽ കുറച്ചു തുക നൽകി. പിന്നാലെ വീട്ടമ്മ കൂടുതൽ തുക തട്ടിപ്പ് സംഘം ആവശ്യപ്പെട്ട വിവിധ അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. നിക്ഷേപിച്ച പണത്തിന് വൻ ലാഭം സാമൂഹികമാധ്യമത്തിലെ പേജുകളിൽ നിരന്തരം പ്രദർശിപ്പിച്ചു.