play-sharp-fill
ഓൺലൈൻ ലോൺ തട്ടിപ്പ്: പനച്ചിക്കാട് സ്വദേശിയായ യുവാവിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് 40,000 രൂപ തട്ടിയെടുത്തു; കേസിൽ മുഖ്യപ്രതിയും കൂട്ടാളിയും ചിങ്ങവനം പൊലീസിന്റെ പിടിയിൽ ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സൈബർ സംഘം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയമായ പരിശോധനയിലാണ് പ്രതികൾ പിടിയിലായത് 

ഓൺലൈൻ ലോൺ തട്ടിപ്പ്: പനച്ചിക്കാട് സ്വദേശിയായ യുവാവിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് 40,000 രൂപ തട്ടിയെടുത്തു; കേസിൽ മുഖ്യപ്രതിയും കൂട്ടാളിയും ചിങ്ങവനം പൊലീസിന്റെ പിടിയിൽ ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സൈബർ സംഘം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയമായ പരിശോധനയിലാണ് പ്രതികൾ പിടിയിലായത് 

സ്വന്തം ലേഖകൻ 

ചിങ്ങവനം: യുവാവിന് ഓൺലൈൻ വഴി ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം വേങ്ങൂർ മുടക്കുഴ ഭാഗത്ത് ബ്ലായിൽ വീട്ടിൽ വിഷ്ണു സലിം (27), കണ്ണൂർ ഏച്ചൂർ വട്ടപൊയ്യിൽ ഭാഗത്ത് ജയവസന്തം വീട്ടിൽ (കണ്ണൂർ കക്കാട് ഭാഗത്ത് വാടകയ്ക്ക് താമസം) വൈജിത്ത് വി. എം (39) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ പനച്ചിക്കാട് സ്വദേശിയായ യുവാവിനെ ഓൺലൈൻ ലോൺ കെണിയില്‍പ്പെടുത്തുകയും തുടര്‍ന്ന് 40,000 രൂപ തട്ടിയെടുക്കുകയുമായിരുന്നു. യുവാവ് തന്റെ ഫേസ്ബുക്കിൽ ASPIRIN ഫിനാൻസ് എന്ന കമ്പനിയുടെ പേരിൽ ലോണ്‍ പരസ്യം കാണുകയും, തുടർന്ന് ഇവരുമായി ബന്ധപ്പെടുകയുമായിരുന്നു.ഒരു ലക്ഷം രൂപ ലോൺ ആവശ്യപ്പെട്ട യുവാവിനോട്, അക്കൗണ്ട് വിവരങ്ങൾ whatsappൽ ഉള്ള ലിങ്കിൽ അയച്ചു നൽകാൻ പറയുകയും തുടർന്ന് യുവാവ് തന്റെ വിവരങ്ങൾ ലിങ്കിൽ കയറി അയച്ചു നൽകുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തദിവസം യുവാവിനെ ഫോണിൽ വിളിച്ച് ലോൺ അനുവദിച്ചതായും, പതിനായിരം രൂപ അയച്ചു നൽകണമെന്നും ഒരു ലക്ഷത്തി പതിനായിരം രൂപ അക്കൗണ്ടിൽ എത്തുമെന്ന് അറിയിക്കുകയുമായിരുന്നു. യുവാവ് 10,000 രൂപ ഇവരുടെ അക്കൗണ്ടിലേക്ക് അയച്ചു നൽകുകയും,എന്നാൽ പണം യുവാവിന്റെ അക്കൗണ്ടിൽ എത്താതിരുന്നതിനെ തുടർന്ന് യുവാവ് വീണ്ടും ഇവരുമായി ബന്ധപ്പെടുകയും, യുവാവ് നൽകിയ അക്കൗണ്ടിൽ തെറ്റുണ്ടെന്നും ഇത് പരിഹരിച്ച് മുഴുവൻ തുകയും അക്കൗണ്ടിൽ എത്തണമെങ്കിൽ 30,000 രൂപകൂടി അയച്ചു നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇതിനെ തുടർന്ന് യുവാവ് മുപ്പതിനായിരം രൂപ കൂടി ഇവരുടെ അക്കൗണ്ടിലേക്ക് അയച്ചു നൽകുകയും ചെയ്തു. തുടർന്ന് യുവാവ് ഇവരെ വീണ്ടും വിളിക്കുകയും, എന്നാൽ ഇവർ വീണ്ടും പണം ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് കബളിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സൈബർ സംഘം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഇയാളുടെ പണം വൈജിത്തിന്റെ അക്കൗണ്ടിലേക്ക് പോയതായി കണ്ടെത്തുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു.

വൈജിത്തിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഇയാളുടെ കൂട്ടാളിയായ വിഷ്ണു സലിം കൂടി പോലീസിന്റെ പിടിയിലാവുന്നത്. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് ആർ, എസ്.ഐ മാരായ സജീർ, ഷിബു കുമാർ സി.പി.ഓ മാരായ പ്രിൻസ്, അനുരൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. മറ്റു പ്രതിക്കായി തിരച്ചിൽ ശക്തമാക്കി.