ഒമിക്രോൺ വ്യാപനം; നിയന്ത്രണങ്ങള്‍ കടുപ്പിക്കണം; കര്‍ഫ്യൂ ഏര്‍പ്പെടുത്തണം; കേരളം അടക്കം പത്തു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: കേരളം അടക്കം പത്തു സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യസെക്രട്ടറി അയച്ച കത്തില്‍ നിര്‍ദേശം നല്‍കി. വിവാഹം, ആഘോഷ പരിപാടികള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും രാത്രികാല കര്‍ഫ്യൂ അടക്കമുള്ള നടപടികള്‍ കര്‍ക്കശമാക്കാനുമാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം. മൂന്നു സംസ്ഥാനങ്ങളിലെ എട്ടു ജില്ലകളില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ ടിപിആര്‍ 10 ശതമാനത്തിനും മുകളിലാണ്.
ഏഴു സംസ്ഥാനങ്ങളിലെ 19 ജില്ലകളില്‍ ടിപിആര്‍ അഞ്ചിനും പത്തിനും ഇടയിലാണെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂര്‍, തൃശ്ശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുന്നത്.
ഈ സാഹചര്യത്തില്‍ രാജ്യത്തെ ഈ 27 ജില്ലകളിലും ജാഗ്രതയും പരിശോധനയും കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ കോവിഡ് ക്ലസ്റ്ററുകള്‍ കണ്ടെത്തി നിയന്ത്രണം കര്‍ശനമാക്കണമെന്നും ആവശ്യപ്പെട്ടു.
ജനങ്ങള്‍ മാസ്ക് ധരിക്കുന്നതില്‍ അലംഭാവം കാണിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തത് അപകടം വിളിച്ചുവരുത്തുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
അഞ്ച് സംസ്ഥാനങ്ങളിലായി 33 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡിൻ്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.
ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും മഹാരാഷ്ട്രയിലാണ്.