യുകെ സ്വപ്നം കണ്ടു നഴ്‌സിങ് പഠിക്കാൻ പോയവര്‍ക്ക് കനത്ത തിരിച്ചടി; ബ്രിട്ടനില്‍ നഴ്‌സുമാരുടെ ഒഴിവുകളില്‍ കനത്ത ഇടിവ്; ജോലിക്കായി മറ്റു രാജ്യങ്ങള്‍ കൂടി പരിഗണിക്കേണ്ട അവസ്ഥ; കോവിഡിന് ശേഷം പതിനായിരക്കണക്കിന് യുവ നഴ്‌സുമാര്‍ വന്നതോടെ നഴ്‌സിങ് സപ്ലൈ ഏജൻസികള്‍ക്കും പഞ്ഞകാലം; മലയാളി ഏജൻസികള്‍ പ്രവര്‍ത്തിക്കുന്നത് പേരിനു മാത്രം
ലണ്ടൻ: കേരളത്തില്‍ നിന്നും മാത്രം ശരാശരി പതിനായിരത്തിലേറെ മലയാളി നഴ്‌സുമാർ യുകെയടക്കം വിദേശത്തേക്ക് പറന്ന നല്ല നാളുകള്‍ക്ക് താത്കാലിക ശമനം.
ചില കണക്കുകളില്‍ പതിനായിരം നഴ്സുമാരോളം ശരാശരി യുകെയിലേക്ക് മാത്രം എത്തിയതായാണ് കേരളത്തില്‍ നിന്നുള്ള റിപ്പോർട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. ഇതിന് ശേഷം കിട്ടുന്ന കണക്കുകള്‍ അമ്മരപ്പിക്കുന്നതാണ്. രണ്ടു വർഷം മുൻപ് എൻഎച്ച്‌എസില്‍ 12 ശതമാനം നഴ്‌സുമാരുടെ ഒഴിവുകള്‍ ഉണ്ടായിരുന്നത് മലയാളി നഴ്‌സുമാരുടെ കൂട്ടത്തോടെയുള്ള വരവോടെ വെറും ഏഴു ശതമാനമായി കുറഞ്ഞിരിക്കുന്നത്.
ഇതിനർത്ഥം ആയിരക്കണക്കിന് മലയാളി നഴ്‌സുമാർക്ക് യുകെയിലേക്കുള്ള വാതില്‍ അടയുകയാണ് എന്നത് തന്നെയാണ്. ഇക്കാര്യം കഴിഞ്ഞ വർഷം തന്നെ മനസിലാക്കിയ മലയാളികള്‍ അടക്കമുള്ള റിക്രൂട്ടിങ് ഏജൻസികള്‍ ഏറെക്കുറെ ഓഫീസുകള്‍ പോലും പൂട്ടിക്കെട്ടാനുള്ള ഒരുക്കത്തിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിലെ പ്രധാന പട്ടണങ്ങളില്‍ നേരിട്ടും സബ് ഏജൻസി മുഖേനെയും ഓഫീസുകള്‍ ഉണ്ടായിരുന്ന സ്ഥാപനങ്ങള്‍ വരുമാനവും ബിസിനസും പാടെ കുറഞ്ഞ സാഹചര്യത്തില്‍ തത്കാലം പേരിനു മാത്രം പ്രവർത്തിക്കുന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണ്.
കഴിഞ്ഞ ഏഴു വർഷത്തിനിടയിലെ ഏറ്റവും കുറവ് ഒഴിവുകളാണ് ഇപ്പോള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ വർഷം ജനുവരി മുതല്‍ മാർച്ച് വരെ നടത്തിയ കണക്കെടുപ്പിലാണ് നഴ്‌സുമാരുടെ ഒഴിവുകള്‍ തീരെ ഇല്ലാതാകും വിധം നികത്തപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാകുന്നത.
നാലു വർഷം മുൻപ് 44,000ത്തിലേറെ നഴ്‌സുമാരുടെ ഒഴിവുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 31,000ത്തിലേക്ക് താഴ്ന്നിരിക്കുകയാണ്.
യുകെയില്‍ ഒരു വർഷം നഴ്‌സിങ് പഠിക്കാൻ തയ്യാറാകുന്ന വിദ്യാർത്ഥികളുടെ എണ്ണം ഇപ്പോള്‍ ഉള്ള ഒഴിവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ വലിയ വത്യസം ഇല്ല എന്ന് വ്യക്തമാകുമ്പോള്‍ എൻഎച്ച്‌എസിന് വിദേശ നഴ്‌സുമാരുടെ കൈതാങ്ങ് ഇല്ലാതെ പ്രവർത്തിക്കാനാകുന്ന സാഹചര്യമാണ് ഉടലെടുക്കുന്നത്. ഇതോടെ വരുന്ന ഏതാനും വർഷത്തേക്ക് വിദേശ നഴ്‌സുമാരുടെ റിക്രൂട്ട്മെന്റില്‍ വലിയ തോതില്‍ ഉള്ള വെട്ടിക്കുറവ് ഉണ്ടാകും എന്ന് തന്നെയാണ് പറയാനാവുക.
ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാല്‍ കഴിഞ്ഞ ഒരു വർഷമായി അഭിമുഖവും മറ്റും പൂർത്തിയാക്കി യുകെ യാത്രയ്ക്ക് തയ്യാറായിരുന്ന ആയിരക്കണക്കിന് മലയാളി നഴ്‌സുമാർ ഇപ്പോള്‍ ഗതികെട്ട് ഓഫർ ലഭിച്ചിരുന്ന എൻഎച്ച്‌എസ് ആശുപത്രികളെ ബന്ധപ്പെടുകയാണ്. മാത്രമല്ല ഏജൻസികളുടെ സമ്മർദ്ദം കാരണം അധികമായി കൊണ്ടുവന്ന നഴ്‌സുമാർക്ക് ഷിഫ്റ്റ് നല്‍കാൻ ഒഴിവുകള്‍ കണ്ടെത്താനും പ്രയാസപ്പെടുകയാണ് പല എൻഎച്ച്‌എസ് ട്രസ്റ്റുകളും. ഒഴിവുകളുടെ കണക്ക് നോക്കാതെ റിക്രൂട്ട് നടത്തിയ എൻഎച്ച്‌എസ് ട്രസ്റ്റുകള്‍ ഇപ്പോള്‍ വെള്ളം കുടിക്കുന്ന സാഹചര്യമാണ്.
കഴിഞ്ഞ വർഷം മാസങ്ങളോളം ഏതാനും മലയാളി നഴ്‌സുമാർക്ക് ജോലി ഒന്നും ചെയ്യാതെ ശമ്പളം ലഭിച്ച വിവരം ബെല്‍ഫാസ്റ്റില്‍ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു. ബിർമിങാമിലും വൂള്‍വർഹാംപ്ടണിലും ഒക്കെ എത്തിയ മലയാളി നഴ്‌സുമാർക്ക് വേറെ പട്ടങ്ങളിലേക്ക് റീ ലൊക്കേറ്റ് ചെയ്യേണ്ടി വന്നത് അടുത്തിടെയാണ്. ഇത്തരത്തില്‍ തികച്ചും തിരിച്ചടികളുടെ സൂചനകളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി നഴ്‌സിങ് റിക്രൂട്മെന്റ് രംഗത്ത് നിന്നും കേട്ടുകൊണ്ടിരുന്നത്. അതില്‍ വാസ്തവം ഉണ്ടെന്നു സൂചിപ്പിച്ചാണ് ഇപ്പോള്‍ ഒഴിവുകളുടെ എണ്ണം ക്രമമാതീതമായി താഴ്ന്നുവെന്ന കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.